മലപ്പുറം ജില്ല സഹകരണ ബാങ്ക് ലയനം: കരട് ഉത്തരവിറങ്ങി
text_fieldsമലപ്പുറം: മലപ്പുറം ജില്ല സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കുന്നതിനുള്ള കരട് ഉത്തരവിറങ്ങി. സഹകരണ സംഘം രജിസ്ട്രാർ അലക്സ് വർഗീസാണ് ഉത്തരവിറക്കിയത്. ജനുവരിയിൽ ഉത്തരവ് പ്രാബല്യത്തിൽ വരും.
13 ജില്ല സഹകരണ ബാങ്കുകൾ 2019ൽ സ്ഥാപിച്ച കേരള സംസ്ഥാന സഹകരണ ബാങ്കിൽ ലയിച്ച് ഒരൊറ്റ സ്ഥാപനമായിരുന്നു. എന്നാൽ, യു.ഡി.എഫ് ഭരിക്കുന്ന മലപ്പുറം ജില്ല സഹകരണ ബാങ്ക് ഇതിൽ ഉൾപ്പെട്ടിരുന്നില്ല.
കേരള ബാങ്കിൽ ജില്ല സഹകരണ ബാങ്ക് ലയിപ്പിക്കാൻ രണ്ടുതവണ സർക്കാർ ഓർഡിനൻസ് ഇറക്കിയിരുന്നു. ഇതിനെതിരെ ബാങ്ക് ഭരണസമിതി പ്രസിഡന്റ് യു.എ. ലത്തീഫ്, കണ്ണിയൻ മുഹമ്മദലി എന്നിവർ ഹൈകോടതിയെ സമീപിച്ചിരുന്നു. അതേസമയം, ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാൻ ജീവനക്കാർ സർക്കാറിന് അപേക്ഷ നൽകിയിരുന്നു. മലപ്പുറം സഹകരണ ബാങ്കിനെ ഉൾപ്പെടുത്തുന്നതിന് കേരള സഹകരണ സംഘം നിയമത്തിൽ വരുത്തിയ ഭേദഗതി നിയമസഭ പാസാക്കുകയും ചെയ്തിരുന്നു. കേരള സഹകരണ നിയമ വകുപ്പ് പ്രകാരം സഹകരണ വകുപ്പ് സെക്രട്ടറിയും സഹകരണ സംഘം രജിസ്ട്രാറും റിസർവ് ബാങ്ക് ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തി ജില്ല ബാങ്കിനെ കേരള ബാങ്കുമായി ലയിപ്പിക്കേണ്ടതിന്റെ ആവശ്യകത വിശദമാക്കിയിരുന്നു.
സഹകരണ സംഘം നിയമത്തിലെ ഭേദഗതി ചെയ്ത വകുപ്പ് പ്രകാരം പ്രമേയം ജില്ല സഹകരണ ബാങ്ക് പാസാക്കിയില്ലെങ്കിൽ കേരള സഹകരണ സംഘം നിയമ പ്രകാരം ലയന ഉത്തരവ് പുറപ്പെടുവിക്കാൻ സഹകരണ സംഘം രജിസ്ട്രാർക്ക് അധികാരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.