ലീഗ് സ്ഥാനാർഥി: ഇന്ന് തീരുമാനം
text_fieldsമലപ്പുറം: മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ നിശ്ചയിക്കാൻ മുസ്ലിം ലീഗിെൻറ സുപ്രധാന പ്രവർത്തക സമിതിയും പാർലമെൻററി ബോർഡ് യോഗവും ബുധനാഴ്ച മലപ്പുറത്ത് ചേരും. രാവിലെ 11ന് റോസ്ലോഞ്ച് ഒാഡിറ്റോറിയത്തിലാണ് പ്രവർത്തക സമിതി. ചർച്ചകൾക്ക് ശേഷം സ്ഥാനാർഥിയെ തീരുമാനിക്കുന്നത് പാണക്കാട് ഹൈദരലി തങ്ങളുടെ വസതിയിൽ ചേരുന്ന പാർലമെൻറ് ബോർഡ് യോഗത്തിലായിരിക്കും. സസ്പെൻസിന് വിരാമമിട്ട് ഹൈദരലി തങ്ങളുടെ പ്രഖ്യാപനം വരുന്നതോടെ പാർട്ടി സംവിധാനം പൂർണമായി തെരഞ്ഞെടുപ്പ് ഗോദയിലേക്ക് നീങ്ങും. അഖിലേന്ത്യ ജന. സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ദേശീയ രാഷ്ട്രീയത്തിൽ സജീവമാകാൻ പി.കെ. കുഞ്ഞാലിക്കുട്ടി ആഗ്രഹം പ്രകടിപ്പിച്ചതോടെ സ്ഥാനാർഥി അേദ്ദഹം തന്നെയാകുമെന്ന ധാരണയാണ് പാർട്ടി പ്രവർത്തകരിലടക്കം പരന്നത്്.
അതേസമയം, യു.പി തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കുണ്ടായ െഞട്ടിപ്പിക്കുന്ന മുന്നേറ്റത്തിന് ശേഷം കുഞ്ഞാലിക്കുട്ടിക്ക് മനംമാറ്റമുണ്ടായതായി അഭ്യൂഹമുണ്ട്. ഇതേ തുടർന്നത്രേ കുഞ്ഞാലിക്കുട്ടി ഡൽഹിയിൽ പോയാൽ കേരളത്തിൽ യു.ഡി.എഫ് ദുർബലമാകുമെന്ന പ്രചാരണം വ്യാപകമായത്. തെൻറ അഭാവത്തിൽ കേരളത്തിൽ യു.ഡി.എഫിനെ നയിക്കാൻ കരുത്തുറ്റ നേതൃത്വം ഇവിടെതന്നെ ഉണ്ടെന്നായിരുന്നു നേരേത്ത ഇതുസംബന്ധിച്ച് അദ്ദേഹം പ്രതികരിച്ചിരുന്നത്. യു.ഡി.എഫിെൻറ കൂടി ‘സമ്മർദ’ത്തിന് വഴങ്ങി സംസ്ഥാന രാഷ്ട്രീയത്തിൽതന്നെ തുടരാൻ കുഞ്ഞാലിക്കുട്ടി തീരുമാനിച്ചാലേ പുതിയ സ്ഥാനാർഥിയെ കണ്ടെത്തേണ്ടിവരുകയുള്ളൂ.
കുഞ്ഞാലിക്കുട്ടിയെ പോലെ മണ്ഡലം ഇളക്കിമറിക്കാൻ കഴിയുന്ന സ്ഥാനാർഥികളില്ലാത്തത് പാർട്ടിയെ കുഴക്കുന്നുണ്ട്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ മത്സരിപ്പിക്കുക എന്ന നിർദേശം ചില നേതാക്കൾ മുന്നോട്ടു െവച്ചിരുന്നു. എന്നാൽ, പാർലമെൻററി രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിൽക്കുകയെന്ന നയത്തിൽനിന്ന് തങ്ങൾ കുടുംബം വ്യതിചലിക്കുമോയെന്ന സംശയം ബാക്കിയുണ്ട്. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് മുനവ്വറലി തങ്ങൾ ഇപ്പോൾ തെരഞ്ഞെടുപ്പ് രംഗത്ത് ഇറങ്ങുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. അന്തരിച്ച ഇ. അഹമ്മദിെൻറ മകൾ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതായി പ്രചാരണമുണ്ട്.
വനിത സ്ഥാനാർഥിയെ ഉൾക്കൊള്ളാനുള്ള വിശാല സമീപനം നിയമസഭ തെരഞ്ഞെടുപ്പിൽപോലും പുലർത്താത്ത പാർട്ടി നേതൃത്വം ഇതിന് പച്ചക്കൊടി കാട്ടാനുള്ള സാധ്യത വിദൂരമാണ്. മാത്രവുമല്ല, സംഘടന പ്രവർത്തനങ്ങളിൽ ഇതുവരെ രംഗത്തില്ലാത്തയാളെ മത്സരിപ്പിക്കുേമ്പാഴുണ്ടാകുന്ന ആഭ്യന്തര പ്രശ്നങ്ങൾ പാർട്ടിക്ക് തലവേദനയുണ്ടാക്കുകയും ചെയ്യും. സമസ്തയുടെ നിലപാടുകൂടി ഇക്കാര്യത്തിൽ പരിഗണിക്കേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.