ഉമ്മയുടെ വീടിന് പെട്രോൾ ബോംബെറിഞ്ഞു, സഹോദരിയുടെ മക്കളെ അപായപ്പെടുത്താൻ ശ്രമിച്ചു; മധ്യവയസ്കൻ അറസ്റ്റിൽ
text_fieldsവർക്കല: ഉമ്മയും സഹോദരിയും താമസിക്കുന്ന വീട്ടിനുനേരെ പെട്രോൾ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും സഹോദരിയുടെ മക്കളെ അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടവ ഒടയംമുക്ക് സ്വദേശി ഷാക്കുട്ടി(53)യാണ് പിടിയിലായത്.
ബുധനാഴ്ച രാവിലെ എട്ടോടെയാണ് കേസിനാസ്പദമായ സംഭവം. ഇയാളുടെ ഉമ്മ റുക്കിയബീവിയുടെ വീടായ ഇടവ ഓടയംമുക്ക് ‘ജാസ് വിഹാറി’ൽ പെട്രോൾ നിറച്ച് തിരിയിട്ട അഞ്ച് കുപ്പികളുമായി ഷാക്കുട്ടി എത്തുകയായിരുന്നു. ഈസമയം ഉമ്മയും സഹോദരി ജാസ്മിൻ, ഇവരുടെ മക്കളായ മുഹമ്മദ് ജസ്‌ബിൻ, മുഹമ്മദ് ജിബിൻ എന്നിവരുമാണ് വീട്ടിൽ ഉണ്ടായിരുന്നത്.
ആദ്യം മുറ്റത്തു നിർത്തിയിട്ട ഇരുചക്രവാഹനങ്ങളുടെ മേൽ പെട്രോൾ ഒഴിച്ചു തീ കൊളുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇത് തടയാൻ ശ്രമിച്ച ജസ്‌ബിന് നേരെ അതിക്രമം ഉണ്ടായി. ആക്രമണ ദൃശ്യങ്ങൾ മൊബൈൽ കാമറിയിൽ പകർത്തിയ ജെബിന് നേരെയും ഇയാൾ പെട്രോൾ ബോംബെറിഞ്ഞു. വിവരമറിഞ്ഞെത്തിയ പൊലീസ് ഷാക്കുട്ടിയെ കീഴ്‌പ്പെടുത്തി കസ്റ്റഡിയിലെടുത്തു.
ജിബിന് ആക്രമണത്തിൽ നിസ്സാരമായി പരിക്കേറ്റു. വീടിന്റെ പോർച്ചിൽ നിർത്തിയിട്ട സ്കൂട്ടറും ബൈക്കും ഭാഗികമായി കത്തി നശിച്ചു. ഫൊറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
ഷാക്കുട്ടി സഹോദരിയോട് പണം അവശ്യപ്പെട്ടിരുന്നതായും നൽകാത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നും അയിരൂർ പൊലീസ് പറഞ്ഞു. എക്സ്പ്ലോസീവ് ആക്ട്, കൊലപാതക ശ്രമം എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.