'രണ്ടെണ്ണത്തിനെയും കൊല്ലും, കണ്ണ് കുത്തിപ്പൊട്ടിക്കും എന്ന് മോൻ ഭീഷണിപ്പെടുത്താറുണ്ടായിരുന്നു' -കോഴിക്കോട് മകന്റെ ക്രൂരതക്കിരയായ അച്ഛൻ
text_fieldsകോഴിക്കോട്: 'മുമ്പ് മോൻ ഇങ്ങനെയായിരുന്നില്ല. കുറച്ച് കാലായിട്ട് മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നാണ് തോന്നുന്നത്. അതിന് ശേഷം ചിലപ്പോ തീവ്രവാദികൾ പെരുമാറുന്നത് പോലെയാണ് പെരുമാറ്റം. രണ്ടെണ്ണത്തിനെയും (അച്ഛനെയും അമ്മയെയും) കൊല്ലുമെന്ന് ഭീഷണിപ്പെടുത്താറുണ്ടായിരുന്നു' -കോഴിക്കോട് എരഞ്ഞിപ്പാലത്ത് മയക്കുമരുന്ന് ലഹരിയിൽ മകൻ ഷൈൻ തുരുതുരെ കുത്തിപ്പരിക്കേൽപിച്ച പിതാവ് ഷാജി ആശുപത്രിക്കിടക്കയിൽ കിടന്ന് മാധ്യമങ്ങളോട് പറഞ്ഞു.
'ഇടക്കിടക്ക് ഇങ്ങനെ അക്രമാസക്തനാകാറുണ്ട്. ഇന്നലെ എന്തോ ചെയ്യാനായി ഉറച്ച് തന്നെയാണ് വന്നത്. മിണ്ടാണ്ടിരുന്നോ, അല്ലെങ്കിൽ നിന്റെ കണ്ണ് ഞാൻ കുത്തിപ്പൊട്ടിക്കും എന്നാണ് അവൻ പറഞ്ഞത്. അപ്പോഴേക്കും അവന്റെ മൈൻഡ് മാറിയിരുന്നു' -ഷാജി പറഞ്ഞു. സ്വന്തം മകനിൽനിന്നും ഭീതിദമായ ആക്രമണത്തിനിരയായതിന്റെ പരിഭ്രാന്തി ഇപ്പോഴും ഇദ്ദേഹത്തിന് വിട്ടുമാറിയിട്ടില്ല.
കോഴിക്കോട് നഗരത്തിനടുത്ത് എരഞ്ഞിപ്പാലം മിനി ബൈപാസിൽ പാസ്പോർട്ട് ഓഫിസിനടുത്ത് വിക്രം റോഡിലെ വീട്ടിലാണ് നാടിനെ നടുക്കിയ ക്രൂരകൃത്യം അരങ്ങേറിയത്. ചെറുകണ്ടി ഹൗസിൽ വാടകക്ക് താമസിക്കുന്ന ചേളന്നൂർ കണ്ണങ്കര സ്വദേശി തറമ്മൽ ഷാജി (50), ഭാര്യ ബിജി (48) എന്നിവരെയാണ് മകൻ ഷൈൻ (27) ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കത്തികൊണ്ട് കുത്തിയത്. പരിക്കേറ്റ ഇരുവരും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ലഹരിക്കടിമയായ പ്രതി ഷൈനിനെ വെടിയുതിർത്താണ് നടക്കാവ് പൊലീസ് കീഴടക്കിയത്.
മാതാപിതാക്കളെ കൊലപ്പെടുത്തിയെന്ന് പൊലീസ് കൺട്രോൾ റൂമിൽ ഷൈൻ അറിയിക്കുകയായിരുന്നു. ഉടൻ തന്നെ പൊലീസ് വീട്ടിൽ എത്തിയപ്പോൾ അവരുടെ മുന്നിലിട്ട് മാതാവിനെയും പിതാവിനെയും ഷൈൻ അതിക്രൂരമായി കുത്തിപ്പരിക്കേൽപിക്കുകയായിരുന്നു.
ഞായറാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. മാതാപിതാക്കളെ താൻ കൊന്നെന്നും മൃതദേഹം കൊണ്ടുപോകാൻ ഉടൻ എത്തിക്കോളൂ എന്നുമാണ് സിറ്റി പൊലീസ് കൺട്രോൾ റൂമിൽ ഷൈൻ അറിയിച്ചത്. വിവരമറിഞ്ഞ് നടക്കാവ് എസ്.ഐ എസ്.ബി. കൈലാസ് നാഥും സംഘവും വീട്ടിലേക്ക് കുതിച്ചെത്തി. അവിടെയെത്തിയ പൊലീസ് കണ്ടത് മാതാവ് ബിജിയുടെ കഴുത്തിൽ കത്തിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ആർത്തട്ടഹസിച്ച് നിൽക്കുന്ന ഷൈനിനെയാണ്. ബിജിയുടെ കഴുത്തിലുൾപ്പെടെ മുറിവുകളുമുണ്ടായിരുന്നു. പൊലീസ് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ കീഴടങ്ങുകയോ പിന്മാറുകയോ ചെയ്തില്ല. അടുത്താൽ അമ്മയെ കുത്തിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ പൊലീസിന് ബലപ്രയോഗം നടത്താനുമായില്ല.
പിന്നീടും ബിജിയെ കുത്താൻ ശ്രമിച്ചതോടെ പൊലീസ് ഇയാളെ തന്ത്രത്തിൽ ഒരു മുറിയിലേക്ക് തള്ളി പൂട്ടി. എന്നാൽ, സ്വയം കുത്തിമരിക്കുമെന്ന് ഷൈൻ വിളിച്ചുപറഞ്ഞതോടെ ബിജി വാതിൽ തുറന്നു. ഉടൻ ഷൈൻ ബിജിയുടെ പുറത്ത് കുത്തി. ബിജിയെ പൊലീസ് ഒരുവിധം രക്ഷപ്പെടുത്തിയതോടെ ഷൈൻ പിതാവ് ഷാജിക്കുനേരെ തിരിഞ്ഞു. എല്ലുപൊട്ടിയതിനെ തുടർന്ന് കാലിൽ പ്ലാസ്റ്ററിട്ട് മറ്റൊരു മുറിയിൽ കിടക്കുകയായിരുന്ന ഷാജിയുടെ അടുത്തെത്തി കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി. പൊലീസ് എത്ര ശ്രമിച്ചിട്ടും ഇയാൾ പിന്മാറിയില്ല.
അപ്പോഴേക്കും നടക്കാവ് ഇൻസ്‍പെക്ടർ പി.കെ. ജിജീഷും കൂടുതൽ പൊലീസും ആംബുലൻസ്, ഫയർഫോഴ്സ് അടക്കമുള്ള സംവിധാനങ്ങളും സ്ഥലത്തെത്തി. പരിക്കേറ്റ ബിജിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ഷൈൻ ഷാജിയുടെ നെഞ്ചിലും കഴുത്തിലും തുരുതുരാ കുത്തി. ഇതോടെ ഇൻസ്‍പെക്ടർ ജിജീഷ് ഷൈൻ നിന്നിടത്തേക്ക് രണ്ടുതവണ വെടിയുതിർത്തു. തുടർന്ന് മൽപിടിത്തത്തിനൊടുവിലാണ് ഇയാളെ കീഴടക്കിയത്. പൊലീസ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച ഷാജി അപകട നില തരണം ചെയ്തു. കൊലപാതക ശ്രമത്തിന് കേസെടുത്ത ഷൈനിനെ പിന്നീട് കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.