സർക്കാറിന് ‘ഷോക്ക്’ നൽകാനുറച്ച് പ്രതിപക്ഷം
text_fieldsതിരുവനന്തപുരം: മണിയാർ ജലവൈദ്യുതി പദ്ധതി കരാർസ്വകാര്യ കമ്പനിക്ക് നീട്ടിനൽകുന്നത് രാഷ്ട്രീയായുധമാക്കി പ്രതിപക്ഷം. വൈദ്യുതി നിരക്ക് വർധിപ്പിച്ചതിൽ പ്രതിഷേധം നിലനിൽക്കെയാണ് കെ.എസ്.ഇ.ബിക്ക് കൈമാറേണ്ട ജലവൈദ്യുതി പദ്ധതിയുടെ കരാർ കാര്‍ബൊറാണ്ടം യൂനിവേഴ്സല്‍ കമ്പനിക്ക് പുതുക്കിനൽകാനുള്ള സർക്കാർ നിലപാട്.
സ്വകാര്യ കമ്പനികൾക്ക് നേട്ടമുണ്ടാക്കാൻ വഴിതുറക്കുന്ന സമീപനം സ്വീകരിക്കുകയും കെ.എസ്.ഇ.ബി നഷ്ടത്തിലാവുന്നതിന്റെ ബാധ്യത നിരക്കുവർധനയിലൂടെ ഉപഭോക്താക്കളിലേക്ക് കൈമാറുകയും ചെയ്യുന്ന സമീപനമാണ് വിമർശിക്കപ്പെടുന്നത്.
ബി.ഒ.ടി കാലാവധി കഴിയുന്ന കമ്പനിക്ക് വീണ്ടും കരാർ നീട്ടിനൽകുന്നത് എന്തിനെന്ന ചോദ്യം പ്രതിപക്ഷം ഉയർത്തുമ്പോൾ വ്യവസായമേഖലയെ പരിപോഷിപ്പിക്കാനെന്ന വിശദീകരണമാണ് വ്യവസായ വകുപ്പ് നൽകുന്നത്.
സംസ്ഥാനത്തിന് കുറഞ്ഞനിരക്കിൽ വൈദ്യുതി ലഭ്യമാവുമായിരുന്ന നാല് ദീർഘകാല കരാറുകൾ റദ്ദാക്കി ‘അദാനി എൻറർപ്രൈസസ്’ ഉൾപ്പെടെ കമ്പനികളിൽനിന്ന് ഹ്രസ്വകാല കരാറിലൂടെ ഉയർന്നവിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിനെതിരെ പ്രതിപക്ഷം രംഗത്തുവന്നിരുന്നു. ദീർഘകാല കരാർ റദ്ദാക്കിയതിൽ അന്വേഷണം വേണമെന്ന ആവശ്യവും അവർ ഉന്നയിക്കുന്നു.
ഇതിനിടെയാണ് ഈ മാസം കാലാവധി തീരുന്ന മണിയാർ കരാർ പുതുക്കാനുള്ള നിലപാടിലേക്ക് സർക്കാർ എത്തിയത്. ഇതിൽ കോടികളുടെ അഴിമതിയുണ്ടെന്നാണ് ആരോപണം. ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ രംഗത്തുവന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, മണിയാർ വിഷയവും പാർട്ടി ഏറ്റെടുക്കുകയാണെന്ന് വ്യക്തമാക്കി.
മണിയാർ വിഷയത്തിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശനും കടുത്ത വിമർശനവുമായി രംഗത്തുണ്ട്. വൈദ്യുതി നിരക്ക് വര്‍ധനയില്‍ ജനങ്ങളും സാമ്പത്തിക പ്രതിസന്ധിയില്‍ കെ.എസ്.ഇ.ബിയും നട്ടംതിരിയുമ്പോഴാണ് മണിയാര്‍ പദ്ധതി സ്വകാര്യകമ്പനിക്ക് അടിയറവ് വെക്കുന്നതെന്ന വിമർശനമാണ് വി.ഡി സതീശൻ ഉയർത്തുന്നത്.
എന്നാൽ പ്രതിപക്ഷ ആരോപണങ്ങൾ അവഗണിക്കുകയാണ് വ്യവസായ മന്ത്രി പി. രാജീവിന്റെ പ്രതികരണം കെ.എസ്.ഇ.ബിയുടെ താൽപര്യത്തിന് വിരുദ്ധവും സ്വകാര്യ കമ്പനിക്ക് അനൂകൂലവുമാണ്. മണിയാറിലേത് ക്യാപ്റ്റീവ് പവർ പ്ലാൻറാണെന്നും വ്യവസായത്തിന് ആവശ്യമായ വൈദ്യുതി അവർക്കുതന്നെ ഉൽപാദിപ്പിക്കുന്നതാണ് ഇതെന്നുമാണ് മന്ത്രിയുടെ വിശദീകരണം.
കോടികളുടെ അഴിമതി -വി.ഡി. സതീശൻ
തിരുവനന്തപുരം: മണിയാര്‍ ജലവൈദ്യുതി പദ്ധതിയുടെ നിയന്ത്രണം സ്വകാര്യ കമ്പനിയില്‍ തന്നെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചതിന് പിന്നില്‍ കോടികളുടെ അഴിമതിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. പദ്ധതി കൈവിട്ടുപോകുന്നതോടെ വൈദ്യുതി ബോര്‍ഡിന് പ്രതിവര്‍ഷം 18 കോടി രൂപയുടെ നഷ്ടമുണ്ടാകും.
വൈദ്യുതി നിരക്ക് വര്‍ധനയില്‍ ജനങ്ങളും സാമ്പത്തിക പ്രതിസന്ധിയില്‍ വൈദ്യുതി ബോര്‍ഡും നട്ടംതിരിയുമ്പോഴാണ് മണിയാര്‍ പദ്ധതി സ്വകാര്യ കമ്പനിക്ക് സര്‍ക്കാര്‍ അടിയറവ് വെക്കുന്നത്. ചര്‍ച്ച നടത്താതെ കരാർ നീട്ടി നല്‍കിയതിന് പിന്നില്‍ അഴിമതിയുണ്ട്. വ്യവസായ മന്ത്രിയാണ് ഇടപാടിന് പിന്നില്‍. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഇടപാട് നടന്നത്. പദ്ധതി കെ.എസ്.ഇ.ബിക്ക് മടക്കി നല്‍കണം. - അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.