Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്തിന് കോടികൾ...

സംസ്ഥാനത്തിന് കോടികൾ നഷ്ടമാകുന്ന നീക്കം: മണിയാർ വൈദ്യുതി പദ്ധതി വീണ്ടും സ്വകാര്യ കമ്പനിയുടെ കൈയിലേക്ക്

text_fields
bookmark_border
maniyar hydroelectric project
cancel

തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ എതിർപ്പവഗണിച്ച് മണിയാർ ജലവൈദ്യുതി പദ്ധതി സ്വകാര്യ കമ്പനിയുടെ നിയന്ത്രണത്തിൽ നിലനിർത്താൻ സർക്കാറിന്‍റെ ഒത്താശ. കരാർ 25 വർഷത്തേക്ക് നീട്ടുന്നത് സംബന്ധിച്ച ഫയലിൽ കാര്‍ബൊറാണ്ടം യൂനിവേഴ്‌സല്‍ കമ്പനിക്ക് അനുകൂല തീരുമാനമെടുത്തതായാണ് സൂചന. എന്നാൽ ഈ വിവരം സ്ഥിരീകരിക്കാൻ ഊർജവകുപ്പും സർക്കാറും തയാറായില്ല.

വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ചേർന്ന ഉന്നതതലയോഗത്തിൽ കരാർ നീട്ടി നൽകണമെന്ന ആവശ്യം വ്യവസായ വകുപ്പ് ഉന്നയിച്ചു. ഊർജവകുപ്പ് ഇതിനെ എതിർത്തെങ്കിലും വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനമെന്ന നിലയിൽ കരാർ നീട്ടിനൽകാമെന്ന നിലപാടാണ് യോഗത്തിലുണ്ടായത്.

2024 ഡിസംബര്‍ 30ന് അവസാനിക്കേണ്ട കരാർ നീട്ടാൻ സർക്കാറിൽ വലിയ സമ്മർദമുണ്ട്. 1990ലാണ് മണിയാര്‍ ജലവൈദ്യുതി പദ്ധതി നടപ്പാക്കാന്‍ കാര്‍ബോറാണ്ടം യൂനിവേഴ്‌സല്‍ കമ്പനിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്. 12 മെഗാവാട്ട് ഉല്‍പാദന ശേഷിയുള്ള പദ്ധതിയിൽ നിന്നുള്ള വൈദ്യുതി കമ്പനിയുടെ വ്യവസായ ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കുന്നതിനൊപ്പം ശേഷിക്കുന്നത് കെ.എസ്.ഇ.ബിക്ക് നല്‍കണമെന്നായിരുന്നു കരാർ. 1994 ഡിസംബറിൽ കമീഷൻ ചെയ്ത പദ്ധതി സംബന്ധിച്ച കരാർ 2024 ഡിസംബറില്‍ അവസാനിക്കുന്ന സാഹചര്യത്തിൽ കെ.എസ്.ഇ.ബിക്ക് പദ്ധതി പൂർണമായും കൈമാറേണ്ടതാണ്. എന്നാൽ ഇതിന് കമ്പനി സന്നദ്ധമല്ല.

മാസങ്ങൾക്ക് മുമ്പ് തന്നെ കരാർ നീട്ടാൻ വലിയ സമ്മർദം വ്യവസായ, ഊർജ വകുപ്പുകൾക്കുമേൽ ഉണ്ടായിരുന്നു. കാര്‍ബോറണ്ടത്തിന് കരാര്‍ നീട്ടി നല്‍കുന്നതിനെ കെ.എസ്.ഇ.ബി പലവട്ടം സർക്കാറിനെ എതിർപ്പ് അറിയിച്ചിരുന്നു. കെ.എസ്.ഇ.ബി ചെയര്‍മാനും ചീഫ് എൻജിനീയറും ഊര്‍ജ സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ പദ്ധതി കെ.എസ്.ഇ.ബിക്ക് കിട്ടിയാലുള്ള നേട്ടങ്ങൾ വിശദീകരിക്കുകയും ചെയ്തു. പ്രളയകാലത്ത് നാശനഷ്ടമുണ്ടായി എന്നതടക്കമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കമ്പനി കാലാവധി നീട്ടി ചോദിക്കുന്നത്.

പദ്ധതി കൈമാറിയാൽ അടുത്ത 10 വര്‍ഷംകൊണ്ട് 140 കോടി രൂപയുടെ പ്രയോജനം വൈദ്യുതി ഉപഭോക്താക്കള്‍ക്ക് കൈമാറാനാകുമെന്നാണ് കെ.എസ്.ഇ.ബി സര്‍ക്കാറിനെ അറിയിച്ചത്. അഭ്യന്തര ഉൽപാദനം വർധിപ്പിക്കാൻ നടപടികൾ ഊർജിതമാക്കിയ സാഹചര്യത്തിൽ മണിയാർ കൈവശമെത്തുന്നത് വലിയ നേട്ടമാവുമെന്നായിരുന്നു കെ.എസ്.ഇ.ബി വിലയിരുത്തൽ.

പിന്നില്‍ അഴിമതി; രേഖകൾ പുറത്തുവിടുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: മണിയാർ കരാർ നീട്ടിനൽകുന്നതിൽ പ്രതിഷേധം ശക്തം. കാര്‍ബൊറാണ്ടം യൂനിവേഴ്‌സല്‍ കമ്പനിക്ക് ബി.ഒ.ടി കരാര്‍ 25 വര്‍ഷംകൂടി നീട്ടിനൽകാനുള്ള നീക്കത്തിന് പിന്നില്‍ അഴിമതിയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കെ.എസ്.ഇ.ബിയുടെ എതിര്‍പ്പിനെ അവഗണിച്ച് ഈ നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത് മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും വൈദ്യുതി മന്ത്രിയും ചേര്‍ന്നാണ്. ഇതിന്റെ കൂടുതല്‍ രേഖകള്‍ വെള്ളിയാഴ്ച പുറത്തുവിടും.

പദ്ധതി സ്വകാര്യ കമ്പനിയിൽ നിലനിർത്തുന്നത് വൻ അഴിമതിയാണ്. ഇതിനെതിരെ മണിയാർ പദ്ധതി പ്രദേശത്തടക്കം സമരം നടത്തുമെന്ന് കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐ.എൻ.ടി.യു.സി) സംസ്ഥാന വർക്കിങ് പ്രസിഡൻറ് അഡ്വ. സിബിക്കുട്ടി ഫ്രാൻസിസ് ‘മാധ്യമ’ത്തോട് പറഞ്ഞു.

കരാർ നീട്ടി സ്വകാര്യ കമ്പനിക്ക് നൽകുന്നത് കെ.എസ്.ഇ.ബിക്കും വൈദ്യുതി ഉപഭോക്താക്കൾക്കും കനത്ത പ്രഹരമാകുമെന്ന് കെ.എസ്.ഇ.ബി പെൻഷനേഴ്സ് കൂട്ടായ്മ ഭാരവാഹികളുടെ യോഗം അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maniyar dam
News Summary - Maniyar power project again for private company
Next Story