മാഞ്ഞാലിക്കുളം റോഡിൽ വീണ്ടും യാത്രാദുരിതം; റോഡ് ടാറിങ് കഴിഞ്ഞു; പിന്നാലെ വെട്ടിപ്പൊളിക്കൽ
text_fieldsതിരുവനന്തപുരം: നഗരത്തിൽ ഒരുവശത്ത് റോഡ് ടാറിങ്ങും അതിനൊപ്പം വെട്ടിപ്പൊളിക്കലും തകൃതി. തമ്പാനൂർ മാഞ്ഞാലിക്കുളം റോഡിലാണ് ടാറിങ് കഴിഞ്ഞ് രണ്ടുനാൾ ഇപ്പുറം റോഡ് വെട്ടിപ്പൊളിച്ചത്. മാസങ്ങളായി പൊളിഞ്ഞുകിടന്ന റോഡ് വലിയ പ്രതിഷേധങ്ങൾക്ക് ഒടുവിലാണ് കഴിഞ്ഞദിവസം ടാർ ചെയ്തത്. എന്നാൽ, പ്രവൃത്തി പൂർത്തിയാക്കി ടാർ ഉണങ്ങും മുമ്പ് പൈപ്പിടാനും മാൻഹോൾ ഉയർത്താനും വെട്ടിപ്പൊളിക്കുകയായിരുന്നു. പണികൾ ഇപ്പോഴും തുടരുകയാണ്.
ഇവിടെ നടത്തിയ ടാറിങ്ങും അശാസ്ത്രീയമെന്ന പരാതികളും ഉയർന്നിട്ടുണ്ട്. റോഡ് ടാർ ചെയ്യുമ്പോൾ, അതിന് മുന്നോടിയായി മാൻഹോൾ ഉയർത്തലും ഓടകളുടെ നീരൊഴിക്ക് ക്രമീകരണങ്ങളും കേബിൾ സ്ഥാപിക്കലുമടക്കം പൂർത്തീകരിച്ചിരിക്കണമെന്നാണ് സർക്കാർ നിർദേശം. എന്നാൽ, മിക്കയിടത്തും കാര്യങ്ങൾ പഴേപടിതന്നെ. ആദ്യം റോഡ് ടാർ ചെയ്യുക. എന്നിട്ട് വീണ്ടും മറ്റ് ആവശ്യങ്ങൾക്കായി റോഡ് വെട്ടിക്കുകയുമാണ് ചെയ്യുന്നത്. ഇവിടെ റോഡ് ടാറിങ് കഴിഞ്ഞതോടെ മാൻഹോളുകൾ പലതും താഴ്ന്നുപോയി. ഓടകളുടെ അവസ്ഥയും ഇതുതന്നെ.
റോഡിന്റെ വശങ്ങളിൽ ടാറിങ് ഉയർന്ന് നിൽക്കുന്നത് കാരണം സൈഡിക്കേ് ഇറങ്ങുന്ന ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുകയാണ്. മാഞ്ഞാലിക്കുളം റോഡിലെ ഓടകളെല്ലാം ഓപറേഷൻ അനന്തയുടെ ഭാഗമായി ശാസ്ത്രീയമായി പണിതവയാണ്. എന്നാൽ, കാലാനുസൃതമായി ഇത് അറ്റകുറ്റപ്പണി നടത്താതെ മിക്കതും പൊളിഞ്ഞു തുടങ്ങിയിരുന്നു. അവയെല്ലാം ടാറിങ്ങിന് ശേഷം ഉയർത്തുന്ന പണികളാണ് ഇപ്പോൾ നടക്കുന്നത്. അതിന് ഇട്ട ടാറിങ് പലേടത്തും പൊളിക്കുകയാണ്. പൊളിച്ച ഭാഗത്ത് കോൺക്രീറ്റ് നിരത്തി ഉയർത്തുമെന്നാണ് പറയുന്നത്. കോൺക്രീറ്റ് പാകിയാൽ വീണ്ടും റോഡിലെ ടാറിങ് ഇളകി ഗർത്തങ്ങൾ രൂപപ്പെടാൻ കാരണമാകുമെന്നാണ് പരിസരവാസികൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.