അമ്മയുടെ സ്വപ്ന സാഫല്യത്തിന് സാക്ഷിയാകാൻ മഞ്ജുവാര്യരെത്തി
text_fieldsതൃശൂർ: ചെറുപ്പകാലത്തെ അഭിലാഷമായിരുന്ന കഥകളിയില്‍ ഗിരിജ അരങ്ങേറ്റം കുറിച്ച് മഞ്ജു വാര്യരുടെ അമ്മ ഗിരിജ മാധവൻ. കലാനിലയം ഗോപി ആശാന്‍റെ കഥകളി പദങ്ങള്‍ക്ക് ഗിരിജ ചുവടുവച്ചപ്പോള്‍ മകള്‍ മഞ്ജു വാര്യര്‍ക്കും അത് അഭിമാന മുഹൂര്‍ത്തമായി. അമ്മയുടെ സ്വപ്‌നസാക്ഷാത്ക്കാരത്തിന് സാക്ഷിയാകാന്‍ മഞ്ജു വാര്യരും എത്തിയിരുന്നു.
പെരുവനം ക്ഷേത്രത്തില്‍ ശിവരാത്രിയുടെ ഭാഗമായി നടന്ന കല്യാണ സൗഗന്ധികം കഥകളിയിൽ പാഞ്ചാലിയായാണ് ഗിരിജ അരങ്ങേറ്റം നടത്തിയത്. ഒന്നരക്കൊല്ലം മുമ്പാണ് കലാനിലയം ഗോപിയുടെ ശിക്ഷണത്തിൽ ഗിരിജാ മാധവൻ കഥകളി അഭ്യസിച്ചു തുടങ്ങിയത്. കോവിഡ് കാലത്ത് ഓൺലൈൻ ആയിട്ടായിരുന്നു പഠനം.
കല്യാണ സൗഗന്ധികത്തിലെ പാഞ്ചാലിയെയാണ് ഗിരിജ അവതരിപ്പിച്ചത്. മക്കളായ മഞ്ജു വാര്യരും മധു വാര്യരും കഥകളി പഠനത്തെ പ്രോത്സാഹിപ്പിച്ചു എന്ന് ഗിരിജ പറഞ്ഞു. വർഷങ്ങളായി യോഗ അഭ്യസിക്കുന്നതിനാൽ പഠനം ബുദ്ധിമുട്ടായില്ല. ഗിരിജ മാധവൻ കഥകളിക്ക് ഒപ്പം മോഹിനിയാട്ടവും പരിശീലിക്കുന്നുണ്ട്.
മഞ്ജുവിനൊപ്പം സഹോദരൻ മധു വാര്യരുടെ ഭാര്യ അനു വാര്യർ, മകൾ ആവണി വാര്യർ എന്നിവരും കഥകളി കാണാനെത്തി. മഞ്ജു വാര്യർ എത്തിയതറിഞ്ഞ് ക്ഷേത്രത്തിൽ ആരാധകരും തടിച്ചുകൂടി. ഗുരു കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ, കലാനിലയം ഗോപി, മേളപ്രമാണി പെരുവനം കുട്ടൻ മാരാർ തുടങ്ങിയ പ്രമുഖരും കഥകളി കാണാനെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.