മേയറുടെ കത്ത് വിവാദം: കത്തിനെ കുറിച്ച് അറിയില്ലെന്ന്, ഡി.ആർ. അനിലിന്റെ മൊഴിയെടുത്തു
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ നഗരസഭാ പാർലമെന്ററി പാർട്ടി നേതാവ് ഡി.ആർ. അനിലിന്റെ മൊഴിയെടുത്തു. ക്രൈം ബ്രാഞ്ചും വിജിലൻസുമാണ് മൊഴി രേഖപ്പെടുത്തിയത്. കത്തിനെ കുറിച്ച് അറിയില്ലെന്നാണ് അനിൽ മൊഴി നൽകിയത്.
എസ്.എ.ടി ആശുപത്രിയിൽ കുടുംബശ്രീ പ്രവർത്തകരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് താൻ തയ്യാറാക്കിയ കത്ത് നശിപ്പിച്ചെന്നാണ് ഡി. ആര്‍. അനില്‍ നൽകിയ മൊഴി. കുടുംബശ്രീക്ക് വേണ്ടി എഴുതിയ കത്ത് ആവശ്യമില്ലെന്ന് മനസിലായതിനാൽ നശിപ്പിച്ചു. മേയറുടെ പേരിൽ പ്രചരിക്കുന്ന കത്തിനെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്നും അനിൽ വിശദീകരിച്ചു.
മേയറുടെ പേരിൽ പ്രചരിക്കുന്ന കത്ത് താൻ കണ്ടിട്ടില്ല. മേയറുടെ ലെറ്റർ പാഡിലുള്ള കത്തിന്റെ പകർപ്പ് അനിൽ തിരുവനന്തപുരത്തുള്ള സി.പി.എം നേതാക്കളുടെ ഒരു വാട്സ് ആപ്പ് ഗ്രൂപ്പിലിടുകയും അവിടെ നിന്നും ചോരുകയുമായിരുന്നുവെന്നുമാണ് ആരോപണം. എന്നാലിതെല്ലാം നിഷേധിച്ച അനൽ, മേയറുടെ ലെറ്റർ പാഡിലെ കത്തിന്റെ സ്‌ക്രീന്‍ഷോട്ട് മാത്രമാണ് തനിക്കും ലഭിച്ചതെന്നാണ് അന്വേഷണ സംഘത്തിനോട് വിശദീകരിച്ചത്.
വിവാദം ഉണ്ടായപ്പോൾ കത്ത് താൻ തയാറാക്കിയതാണെന്നായിരുന്നു ഡി.ആർ അനിൽ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ അന്വേഷണ ഏജൻസികൾ ഇദ്ദേഹത്തിന്റെ മൊഴി എടുക്കാത്തതിൽ പ്രതിപക്ഷം രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. അതിനു പിറകെയാണ് മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്.
കത്ത് വ്യാജമാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ട്. എ.ഡി.ജി.പിക്ക് റിപ്പോർട്ട് കൈമാറും. മേയറുടെ പേരില്‍ വന്ന കത്തിന്റെ ഒറിജിനല്‍ വിജിലന്‍സിനും ലഭിച്ചിട്ടില്ല. മേയറുടെ കത്തിന്റെ ഒറിജിനല്‍ ലഭിക്കാതെ അന്വേഷണം ബുദ്ധിമുട്ടാണെന്നാണ് വിജിലന്‍സ് നിലപാട്. കത്ത് കണ്ടെത്താന്‍ കോര്‍പറേഷനിലെ കൂടുതല്‍ ജീവനക്കാരെ ചോദ്യം ചെയ്യും.അതേസമയം, ആറ്പേരുടെ മൊഴിയാണ് വിജിലൻസ് രേഖപ്പെടുത്തിയത്.
നഗരസഭയിലെ കരാർ നിയമനത്തിന് പരിഗണിക്കേണ്ടവരുടെ പട്ടിക നൽകണമെന്നും കാണിച്ച് മേയറുടെ പേരിൽ പാർട്ടി ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനെ അഭിസംബാധന ചെയ്യുന്ന കത്താണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്.
അത്തരമൊരു കത്ത് താൻ അയച്ചിട്ടില്ലെന്നാണ് മേയർ ആര്യ രാജേന്ദ്രന്റെ നിലപാട്. വിവാദം രൂക്ഷമായപ്പോഴായിരുന്നു കത്ത് തയാറാക്കിയത് താനാണെന്ന് പറഞ്ഞ് ഡി.ആർ. അനിൽ രംഗത്തെത്തിയത്.
കത്ത് വ്യാജമാണെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തൽ പ്രതിപക്ഷം തള്ളി. മേയറുടെ രാജി ആവശ്യം ശക്തമാക്കി സമരം തുടരാനാണ് യു.ഡി.എഫ് തീരുമാനം. ബി.ജെ.പി കൗൺസിലർമാർ നഗരസഭക്കകത്തും പുറത്തും പ്രതിഷേധം സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.