എൽ.ഡി.എഫ് സ്ഥാനാർഥി എം.ബി. ഫൈസൽ പത്രിക സമർപ്പിച്ചു
text_fieldsമലപ്പുറം: മലപ്പുറം പാർലെമൻറ് മണ്ഡലം ഉപതെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർഥി എം.ബി. ഫൈസൽ നാമനിർദേശ പത്രിക സമർപ്പിച്ചു.
സി.പി.എം ജില്ല ഒാഫിസിൽനിന്ന് പ്രവർത്തകർക്കും നേതാക്കൾക്കുമൊപ്പം പ്രകടനമായി എത്തിയ ഫൈസൽ ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെ വരണാധികാരി മലപ്പുറം ജില്ല കലക്ടർ അമിത് മീണ മുമ്പാകെ പത്രിക സമർപ്പിച്ചു.
മുതിർന്ന സി.പി.എം നേതാവ് പാലോളി മുഹമ്മദ്കുട്ടി, മന്ത്രി ഡോ. കെ.ടി. ജലീൽ, സി.പി.എം ജില്ല സെക്രട്ടറി പി.പി. വാസുദേവൻ, സി.പി.െഎ ജില്ല സെക്രട്ടറി പി.പി. സുനീർ എന്നിവർ സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു. സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എ. വിജയരാഘവൻ, പി.വി. അൻവർ എം.എൽ.എ, സി.പി.െഎ നേതാക്കളായ കെ.പി. രാജേന്ദ്രൻ, സത്യൻമൊകേരി എന്നിവരും അനുഗമിച്ചു.
എടപ്പാൾ വട്ടംകുളം സ്വദേശിയായ ഫൈസൽ ചങ്ങരംകുളം ഡിവിഷനെ പ്രതിനിധീകരിക്കുന്ന മലപ്പുറം ജില്ല പഞ്ചായത്ത് അംഗവും ഡി.വൈ.എഫ്.െഎ ജില്ല പ്രസിഡൻറുമാണ്. പൂർണ വിജയപ്രതീക്ഷയുണ്ടെന്ന് പത്രിക സമർപ്പണത്തിന് ശേഷം ഫൈസൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
രാഷ്ട്രീയ പാരമ്പര്യത്തെ കൃത്യമായ രാഷ്ട്രീയം പറഞ്ഞ് കൊണ്ട് നേരിടാൻ കഴിയുമെന്നും വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം പറഞ്ഞു.
എം.ബി. ഫൈസലിെൻറ ഡെമ്മി സ്ഥാനാർഥിയായി സി.പി.എം മലപ്പുറം ജില്ല കമ്മിറ്റിയംഗം ഐ.ടി. നജീബും കലക്ടർക്ക് നാമനിർദേശപത്രിക നൽകി. യു.ഡി.എഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടി തിങ്കളാഴ്ച പത്രിക സമർപ്പിച്ചിരുന്നു.
കുഞ്ഞാലിക്കുട്ടിക്കു വേണ്ടി രണ്ട് സെറ്റ് നാമനിർദേശ പത്രിക കൂടി ചൊവ്വാഴ്ച ലഭിച്ചു. വ്യാഴാഴ്ച വൈകീട്ട് മൂന്ന് വരെ പത്രിക നൽകാൻ അവസരമുണ്ട്. 24 നാണ് സൂക്ഷ്മ പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.