എം.വി ഗോവിന്ദന് പകരം എം.ബി രാജേഷ് മന്ത്രി; ഷംസീർ സ്പീക്കർ
text_fieldsതിരുവനന്തപുരം: സ്പീക്കർ എം.ബി രാജേഷിനെ എം.വി. ഗോവിന്ദന് പകരം മന്ത്രിയാക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. തലശ്ശേരി എം.എൽ.എ എ.എൻ. ഷംസീർ സ്പീക്കറാകും.
സി.പി.എം സംസ്ഥാന സെക്രട്ടറിയായി എം.വി. ഗോവിന്ദൻ ചുമതലയേറ്റതിനെ തുടർന്ന് വന്ന ഒഴിവിലാണ് രാജേഷ് മന്ത്രിയാകുന്നത്. തൃത്താല എം.എൽ.എയാണ്. രാജേഷിന്റെ വകുപ്പ് ഏതാണെന്ന് അന്തിമ തീരുമാനമായിട്ടില്ല.
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പത്രകുറിപ്പ്:
സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ മന്ത്രി സ്ഥാനം രാജിവെക്കുന്നതിന് തീരുമാനിച്ചു. പകരം എം ബി രാജേഷിനെ പുതിയ മന്ത്രിയായി നിശ്ചയിച്ചു. സ്‌പീക്കറായി എ എന്‍ ഷംസീറിനേയും തീരുമാനിച്ചു.
പാലക്കാട് ജില്ലയിലെ ഷൊർണൂർ ചളവറ കയിലിയാട് റിട്ട. ഹവിൽദാർ ബാലകൃഷ്ണൻനായരുടെയും എം.കെ. രമണിയുടെയും മകനായി എം.വി. രാജേഷ് പഞ്ചാബിലെ ജലന്തറിൽ ജനിച്ചു. ഹൈസ്കൂൾ പഠനത്തിനിടെ വിദ്യാർഥി രാഷ്ട്രീയത്തിലൂടെ എസ്.എഫ്.ഐ നേതാവായി വളർന്നു. ഷൊർണൂർ എൻ.എസ്.എസ്. കോളജിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് നിയമബിരുദവും നേടിയ അദ്ദേഹം, നിയമ വിദ്യാർഥിയായിരിക്കുമ്പോൾ ബ്ലോക്ക് പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
2009ൽ പാലക്കാട് ലോക്സഭ തെരഞ്ഞെടുപ്പിൽ കന്നി വിജയം നേടിയാണ് എം.ബി. രാജേഷ് പാർലമെന്‍റിലെത്തിയത്. 2014ൽ പാലക്കാട് സിറ്റിങ് സീറ്റിൽ രണ്ടാം തവണ വിജയം ആവർത്തിച്ചു. എന്നാൽ, 2019ൽ മൂന്നാം തവണ കോൺഗ്രസിലെ വി.കെ. ശ്രീകണ്ഠനോട് പരാജയപ്പെട്ടു. 2021ൽ തൃത്താല നിയോജക മണ്ഡലത്തിൽ കോൺഗ്രസിലെ വി.ടി. ബൽറാമിനെ പരാജയപ്പെടുത്തി കന്നി വിജയം നേടി നിയമസഭയിലെത്തി. തുടർന്ന് പതിനാലാം നിയമസഭയുടെ സ്പീക്കറായി.
എസ്.എഫ്.ഐ പാലക്കാട് ജില്ല സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി, ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്‍റ്, അഖിലേന്ത്യ പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ഡി.വൈ.എഫ്.ഐ മുഖപത്രം 'യുവധാര'യുടെ മുഖ്യ പത്രാധിപരായിരുന്നു. കാലടി സംസ്കൃത സർവകലാശാല അധ്യാപിക ഡോ. നിനിത കണിച്ചേരിയാണ് ഭാര്യ. നിരഞ്ജന, പ്രിയദത്ത എന്നിവർ മക്കൾ.
സി.പി.എം വിദ്യാർഥി സംഘടനയായ എസ്.എഫ്.ഐയിലൂടെയാണ് എ.എൻ. ഷംസീർ സജീവ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. എസ്.എഫ്.ഐ കണ്ണൂർ ജില്ല സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി, ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്‍റ് എന്നീ പദവികളിൽ പ്രവർത്തിച്ചു. കണ്ണൂർ സർവകലാശാല യൂണിയൻ പ്രഥമ ചെയർമാനായിരുന്നു.
2016ൽ തലശ്ശേരി മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി എ.പി. അബ്ദുല്ലക്കുട്ടിയെ പരാജയപ്പെടുത്തിയാണ് എ.എൻ. ഷംസീർ നിയമസഭയിലേക്ക് കന്നി വിജയം നേടിയത്. 2021ൽ എം.പി. അരവിന്ദാക്ഷനെ പരാജയപ്പെടുത്തി രണ്ടാംവട്ടവും എം.എൽ.എയായി. 2014ലെ വടകര ലോക്സഭ മണ്ഡലത്തിലെ കന്നി മത്സരത്തിൽ കോൺഗ്രസിലെ മുല്ലപ്പള്ളി രാമചന്ദ്രനോട് ഷംസീർ പരാജയപ്പെട്ടിരുന്നു.
സീമാൻ കോമത്ത് ഉസ്മാന്‍- എ.എൻ. സറീന ദമ്പതികളുടെ മകനാണ്. ബ്രണ്ണൻ കോളജിൽ നിന്ന് ഫിലോസഫിയിൽ ബിരുദവും കണ്ണൂർ സർവകലാശാല പാലയാട് കാമ്പസിൽ നിന്ന് നരവംശശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടി. പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലാണ് എൽ.എൽ.ബിയും എൽ.എൽ.എമ്മും പൂർത്തിയാക്കിയത്.
മലബാർ കാൻസർ സെന്‍ററിലെ ആശ്രയ ചാരിറ്റബിൾ സൊസൈറ്റിയുടെ വർക്കിങ് ചെയർമാനാണ്. തലശ്ശേരി കോ-ഓപറേറ്റീവ് ഹോസ്പിറ്റൽ പ്രസിഡന്‍റും തലശ്ശേരി കേന്ദ്രമായ അഡ്വ. ഒ.വി. അബ്ദുല്ല ട്രസ്റ്റ് സ്ഥാപക സെക്രട്ടറിയുമാണ് ഷംസീർ. ഡോ. സഹലയാണ് ഭാര്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.