‘വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മനസ് മൃഗങ്ങളേക്കാൾ ക്രൂരം’; മന്ത്രിയെ വേദിയിലിരുത്തി അൻവറിന്‍റെ വിമർശനം
text_fieldsമലപ്പുറം: വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മനസ് വന്യമൃഗങ്ങളേക്കാൾ ക്രൂരമാണെന്നും വനത്തിനുള്ളിൽ അനാവശ്യമായി കെട്ടിടങ്ങൾ പണിയുകയാണെന്നും പി.വി. അൻവർ എം.എൽ.എ. വനം - വന്യജീവി സംരക്ഷണത്തിനു മാത്രമല്ല, മനുഷ്യ സംരക്ഷണത്തിനും മന്ത്രി വേണ്ട അവസ്ഥയാണുള്ളത്. ഉദ്യോഗസ്ഥർ വളരെ മോശമായാണ് ജനങ്ങളോട് പെരുമാറുന്നതെന്നും അൻവർ പറഞ്ഞു. നിലമ്പൂരിൽ വനം വകുപ്പിന്‍റെ കെട്ടിടോദ്ഘാടന പരിപാടിയിൽ മന്ത്രി എ.കെ. ശശീന്ദ്രനെ വേദിയിലിരുത്തിയായിരുന്നു അൻവറിന്‍റെ വിമർശനം.
നേരത്തെ പൊലീസ് അസോസിയോഷന്‍റെ സമ്മേളനത്തിൽ എസ്.പിക്കും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർക്കും നേരെ അൻവർ വിമർശനമുന്നയിച്ചിരുന്നു. ഇത് പിന്നീട് എ.ഡി.ജി.പിക്കും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കുമെതിരെ വരെയുള്ള വിമർശനമായി മാറിയിരുന്നു. ഈ വിവാദത്തിൽ ഇനി പ്രതികരിക്കാനില്ലെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പുതിയ വിമർശനങ്ങളുമായി അൻവർ രംഗത്തുവന്നത്.
ആവശ്യങ്ങളുമായി സമീപിക്കുന്ന ജനത്തെ ഉദ്യോഗസ്ഥർ പരിഗണിക്കുന്നില്ല. വന്യമൃഗത്തിൽനിന്ന് രക്ഷ നേടാനായി ഫെൻസിങ് സ്ഥാപിക്കാൻ ആവശ്യപ്പെടുമ്പോൾ പണമില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ അവരുടെ സൗകര്യം വർധിപ്പിക്കാനും പുതിയ കെട്ടിടങ്ങൾ നിർമിക്കാനുമായി കോടികൾ ചെലവഴിക്കുന്നു. ഇതിന് യാതൊരു മാനദണ്ഡവുമില്ല. നിലമ്പൂരിൽ നേരത്തെ ഉണ്ടായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥർ യാതൊരു മാനുഷിക പരിഗണയും കാണിച്ചിരുന്നില്ല. മറ്റ് സംസ്ഥാനങ്ങളിലാണെങ്കിൽ ഇത്തരം സാഹചര്യങ്ങളിൽ ഉദ്യോഗസ്ഥരെ ജനം കൈയേറ്റം ചെയ്യുമെന്നും അൻവർ പറഞ്ഞു.
അടുത്ത നിയമസഭാ സമ്മേളനത്തിൽ ഇക്കാര്യങ്ങൾ പറയാൻ കഴിയുമോ എന്ന് ഉറപ്പില്ലാത്തതുകൊണ്ടാണ് ഇപ്പോൾ പറയുന്നതെന്നും അൻവർ വ്യക്തമാക്കി. പരിപാടിക്ക് ശേഷം, വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അൻവർ ശകാരിച്ചു. വാഹനം പാർക്ക് ചെയ്തിടത്തുനിന്ന് മാറ്റിയിടാൻ ഉദ്യോഗസ്ഥർ നിർദേശിച്ചു. ഇതാണ് പ്രകോപനത്തിലേക്ക് നയിച്ചത്. എന്നാൽ ഫേസ്ബുക്ക് കുറിപ്പിലൂടെ അൻവർ ഇതിന് വിശദീകരണവുമായെത്തി.
പരിപാടി നടക്കുന്നതിനിടയിൽ കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന എം.എൽ.എ ബോർഡ് വച്ച വാഹനം ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥൻ വന്ന് മൂന്ന് തവണ മാറ്റി ഇടീച്ചു. വാഹനം പാർക്ക് ചെയ്യാൻ അനുവദിക്കാതെ, പരിപാടിക്കെത്തുന്നിടത്തെല്ലാം എം.എൽ.എ ഇനി വാഹനം തലയിൽ ചുമന്നൊണ്ട് നടക്കണമെന്നാണോ, ആണെങ്കിൽ, അതൊന്നും അംഗീകരിച്ച് കൊടുക്കാൻ മനസ്സില്ല എന്നായിരുന്നു അൻവറിന്‍റെ പ്രതികരണം.
പരസ്യ പ്രസ്താവന താൽകാലികമായി നിർത്തുകയാണെന്ന് ഇന്നലെ അൻവർ പറഞ്ഞിരുന്നു. തന്റെ പാർട്ടിയിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്നും, നീതി ലഭിക്കും എന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. പാർട്ടിയാണ് എല്ലാത്തിനും മുകളിലെന്നും, സാധാരണക്കാരായ ജനങ്ങളാണ് പാർട്ടിയുടെ അടിത്തറയെന്നും അൻവർ തന്റെ കുറിപ്പിൽ പറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.