Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'കാട്ടുകാന്താരി...

'കാട്ടുകാന്താരി ചമ്മന്തി കഴിച്ചിട്ടുണ്ടോ?' ഇടവാണി ആദിവാസി ഊരിലേക്കുള്ള യാത്രാനുഭവങ്ങൾ പങ്കുവെച്ച് മന്ത്രി എം.ബി. രാജേഷ്

text_fields
bookmark_border
mb rajesh
cancel
camera_alt

ഇടവാണി ആദിവാസി ഊരിൽ കപ്പയും കാട്ടുകാന്താരി ചമ്മന്തിയും കഴിക്കുന്ന മന്ത്രി എം.ബി. രാജേഷ് 

ട്ടപ്പാടി ഉൾവനത്തിലുള്ള ഇടവാണി ആദിവാസി ഊരിലേക്കുള്ള യാത്രാനുഭവങ്ങൾ പങ്കുവെച്ച് മന്ത്രി എം.ബി. രാജേഷ്. മുൻപ് എം.പിയായിരിക്കുമ്പോഴാണ് കാട്ടിലൂടെ കിലോമീറ്ററുകള്‍ നടന്ന് ഇടവാണി ഊരിലെത്തിയത്. അന്ന് ഒരു റോഡ് വേണമെന്നായിരുന്നു ഊരുകാരുടെ പ്രധാന ആവശ്യം. എം.പിയെന്ന നിലയിൽ പ്രത്യേകം ഇടപെട്ട് റോഡ് യാഥാർഥ്യമാക്കി. അങ്ങനെ നിർമിച്ച റോഡിലൂടെയാണ് ഊരിലെത്തിയത് -മന്ത്രി പറയുന്നു.

ഊരിൽ ലഭിച്ച സ്വീകരണത്തെ കുറിച്ചും കപ്പക്കൊപ്പം കഴിച്ച കാട്ടുകാന്താരിയുടെ രുചിയെ കുറിച്ചും മന്ത്രി ഫേസ്ബുക്കിൽ യാത്രാ വിഡിയോക്കൊപ്പം പങ്കുവെച്ച കുറിപ്പിൽ പറയുന്നു...




മന്ത്രി എം.ബി. രാജേഷിന്‍റെ കുറിപ്പ് വായിക്കാം...

കാട്ടുകാന്താരിയുടെ ചമ്മന്തി നിങ്ങള്‍ കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ മഹാനഷ്ടം. മൂര്‍ദ്ധാവിലോളം എരിവ് എത്തിച്ചുതരുന്ന കാട്ടുകാന്താരിയുടെ ചമ്മന്തിയും പുഴുങ്ങിയ കപ്പയും കഴിക്കുമ്പോളുള്ള സ്വാദ് അനുഭവിച്ചറിയുക തന്നെ വേണം.

അട്ടപ്പാടിയില്‍ ഉള്‍ക്കാട്ടിലുള്ള ഇടവാണി ആദിവാസി ഊരില്‍ നിന്ന്, വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഇന്നലെ കാട്ടുകാന്താരിയുടെ ചമ്മന്തിയും കൂട്ടി കപ്പ കഴിച്ചു. ഇതിന് മുൻപ് എം പിയായിരിക്കുമ്പോഴാണ് കാട്ടിലൂടെ കിലോമീറ്ററുകള്‍ നടന്ന്, പാറക്കെട്ടുകളും പുഴകളും താണ്ടി, കുന്ന് കയറി, ഇടവാണി ഊരിലെത്തിയത്. അന്ന് ഊരിലെ ആദിവാസികള്‍ പറഞ്ഞു, ആദ്യമായിട്ടാണ് പുറംലോകത്ത് നിന്ന് ഒരു ജനപ്രതിനിധി ഊരിലെത്തുന്നത് എന്ന്. അവര്‍ പരാതികളുടെയും ആവശ്യങ്ങളുടെയും കെട്ടഴിച്ചു. ഈ കാട്ടിനുള്ളിലേക്ക്, ഊരിലേക്ക് ഒരു റോഡ് വേണമെന്നതായിരുന്നു ഏറ്റവും പ്രധാനപ്പെട്ട ആവശ്യം. പിന്നെ വെള്ളവും വൈദ്യുതിയും. എം പി എന്ന നിലയില്‍ പ്രത്യേകം ഇടപെട്ടും സമ്മര്‍ദം ചെലുത്തിയുമാണ്, കേരളത്തിന് അനുവദിച്ച പി എം ജി എസ് വൈ റോഡുകളുടെ കൂട്ടത്തില്‍ അവസാനം ഒന്നുകൂടി കൂട്ടിച്ചേര്‍ത്ത് എടവാണിയിലേക്കുള്ള റോഡിന് അനുമതി വാങ്ങുന്നത്.

റോഡിന്‍റെ നിര്‍മ്മാണോദ്ഘാടനം നടത്തിയത് ഞാൻ തന്നെയായിരുന്നു. പണി പൂര്‍ത്തിയായപ്പോഴേക്കും ലോക്സഭാ തെരഞ്ഞെടുപ്പ് വന്നു, ഞാൻ എംപി അല്ലാതെയായി. അതിനു മുൻപ് തന്നെ വെള്ളവും വൈദ്യുതിയും ലഭ്യമാക്കിയിരുന്നു. പിന്നീട് കോവിഡും തുടര്‍ന്ന് തൃത്താലയിലെ ജനപ്രതിനിധിയും സ്പീക്കറുമായതിനെ തുടര്‍ന്ന് അട്ടപ്പാടിയിലേക്കുള്ള യാത്രകളുണ്ടായില്ല. നീണ്ട നാല്‍പത് മാസത്തിന് ശേഷം ഇന്നലെയായിരുന്നു അട്ടപ്പാടിയിലേക്കുള്ള ആദ്യയാത്ര. വിവരമറിഞ്ഞപ്പോള്‍ അട്ടപ്പാടിയിലെ സഖാക്കള്‍ക്ക് നിര്‍ബന്ധം, ഇടവാണി ഊര് സന്ദര്‍ശിക്കണമെന്ന്. ,അങ്ങനെ വര്‍ഷങ്ങള്‍ക്ക് മുൻപ് നടന്നുകയറിയ ആ വഴിയിലൂടെ, എം പിയായിരിക്കെ മുൻകയ്യെടുത്തു പുതുതായി നിര്‍മ്മിച്ച റോഡിലൂടെ കാറില്‍ സഞ്ചരിച്ച് ഇന്നലെ വീണ്ടും ഊരിലെത്തി. ഏറെ അഭിമാനത്തോടെ, ചാരിതാർഥ്യത്തോടെ.

അന്നത്തേതിനേക്കാള്‍ സ്നേഹനിര്‍ഭരവും ആവേശോജ്വലവുമായ സ്വീകരണമായിരുന്നു. പോകുന്ന വഴിയില്‍ തന്നെ പലയിടത്തും അവര്‍ കൂട്ടംകൂടി നിന്ന് ചെണ്ടുമല്ലി മാലകളും ബൊക്കെകളുമായി സ്വീകരിച്ചു. ഊരിലെത്തിയപ്പോള്‍, ബൊക്കെയ്ക്കും പൂമാലകള്‍ക്കും പുറമേ ആരതിയുഴിഞ്ഞ് നെറ്റിയില്‍ കുറിയും തൊടുവിച്ചാണ് ഊരിലേക്ക് കയറ്റിയത്. കാളിമൂപ്പനും മാതി മൂപ്പത്തിയും പരമ്പരാഗത ആദിവാസി നൃത്തമൊരുക്കിയിട്ടുണ്ട്, കാണാൻ സമയമുണ്ടാകുമോ എന്ന് ചോദിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് മരുതി മുരുകനും അഗളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ അംബിക ലക്ഷ്മണനും അവർക്കൊപ്പം മനോഹരമായി നൃത്തം ചെയ്തു. നൃത്തം നടക്കുന്നതിനിടെ മാതി മൂപ്പത്തി എന്നെയും വിളിച്ച് കൂട്ടത്തില്‍ നിര്‍ത്തി. അങ്ങനെ ജീവിതത്തിലാദ്യമായി അറിയാവുന്നത് പോലെ നൃത്തം വെച്ചു. അവരുടെ ആഹ്ലാദത്തില്‍ പങ്കുചേരുക എന്നതായിരുന്നു പ്രധാനം.




കാളിമൂപ്പൻ സ്വാഗതം പറഞ്ഞു, മാണിക്കൻ മാഷ് പുതിയ ആവശ്യങ്ങളുടെ നീണ്ട പട്ടിക നിരത്തി. എല്ലാം പ്രസക്തവും ന്യായവുമായ ആവശ്യങ്ങള്‍ തന്നെ. അതിനോട് ചുരുക്കം വാക്കുകളില്‍ പ്രതികരിച്ചു. പണ്ട് കഴിച്ച കാട്ടുകാന്താരിയുടെ എരുവും രുചിയും ഞാൻ ഓര്‍മ്മിച്ചു. മാതി മൂപ്പത്തി പറഞ്ഞു, കാട്ടുകാന്താരി ചമ്മന്തിയും കപ്പയും റെഡിയാണ്, അത് കൂടി കഴിച്ചിട്ട് പോയാല്‍ മതി. എല്ലാവരും, കൂടെ വന്ന പാർട്ടി ഏരിയ സെക്രട്ടറി സി പി ബാബുവും മറ്റ് പാർട്ടി പ്രവർത്തകരും പൊലീസുകാരും വനം വകുപ്പ് ജീവനക്കാരുമുൾപ്പെടെ, കാട്ടുകാന്താരികൊണ്ടുള്ള ചമ്മന്തിയും കപ്പയും കട്ടൻ ചായയും ചാമപ്പായസവും രുചിയോടെ കഴിച്ച് സ്നേഹം പങ്കിട്ട ശേഷമാണ് യാത്ര പറഞ്ഞ് ഇറങ്ങിയത്.

ആദ്യം ചെന്നപ്പോളും ഇന്നലെ ചെന്നപ്പോളുമുള്ള മാറ്റം പ്രകടമായിരുന്നു. രണ്ട് പെൺകുട്ടികള്‍ ആത്മവിശ്വാസത്തോടെ മുന്നോട്ടുവന്ന് എനിക്ക് കൈ തന്ന് സ്വയം പരിചയപ്പെടുത്തി. ഒരാള്‍ സെല്‍വി, മറ്റെയാള്‍ സജിത. കാട്ടിനകത്ത് നിന്ന് പുറംലോകത്തെത്തി, അവരിലൊരാള്‍ വിക്ടോറിയ കോളേജിലും മറ്റെയാള്‍ പട്ടാമ്പി ഗവൺമെന്‍റ് കോളേജിലും ഡിഗ്രിക്ക് പഠിക്കുന്നു. വേറൊരു കൂട്ടം കുട്ടികള്‍ ചുറ്റുംകൂടി. മലമ്പുഴ ട്രൈബല്‍ സ്കൂളില്‍ പത്താം ക്ലാസിലും പ്ലസ് വണ്ണിനുമൊക്കെ പഠിക്കുന്നവരാണ് അവര്‍. ഇടവാണി ഊരില്‍ നിന്ന് കുട്ടികള്‍ പറന്നുയരട്ടെ, അറിവിന്‍റെയും ജീവിതത്തിന്‍റെയും പുതിയ ലോകത്തേക്ക്. അതിനാവശ്യമായ മുഴുവൻ പിന്തുണയും കൊടുക്കാൻ സര്‍ക്കാരുണ്ടാകും എന്ന് ഉറപ്പ് നല്‍കി, അവരുടെ സ്നേഹവും ഹൃദയത്തിലേറ്റുവാങ്ങി തിരിച്ചിറങ്ങി.

ഇടവാണിയിലേക്കുള്ള ഈ യാത്രയും എന്നും മനസില്‍ ഓര്‍ത്തുവെക്കാവുന്നതായി.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MB RajeshattappadyIdavani
News Summary - minister MB Rajesh write up about Idavani adivasi settlement visit
Next Story