ഉടുമ്പന്‍ചോലയിൽ ഒരങ്കത്തിനുകൂടി മണിയാശാന്
text_fieldsനെടുങ്കണ്ടം: നിയമസഭ തെരഞ്ഞെടുപ്പിൽ ഉടുമ്പൻചോല കാക്കാന്‍ ഒരങ്കത്തിനുകൂടി മണിയാശാൻ കച്ചമുറുക്കുന്നു. എതിരാളി ആരായാലും പ്രശ്നമല്ലെന്ന ഭാവത്തില്‍ മണ്ഡലത്തിലുടനീളം വൈദ്യുതി മന്ത്രി എം.എം. മണി ഓട്ടപ്രദക്ഷിണം ആരംഭിച്ചു. മണ്ഡലത്തിലെങ്ങും ഉദ്ഘാടന ഘോഷയാത്രയാണ്. ചൊവ്വാഴ്ച ഉടുമ്പന്‍ചോല മണ്ഡലത്തില്‍ മാത്രം 15 പരിപാടിയില്‍ പങ്കെടുത്ത ശേഷം രാത്രി തിരുവനന്തപുരത്തിന് മടങ്ങി. മുമ്പൊരിക്കലും ഇല്ലാത്ത കനത്ത പോരാട്ടത്തിനാകും ഇക്കുറി ഉടുമ്പൻചോല സാക്ഷ്യംവഹിക്കുക.
മണ്ഡലത്തിലെ വിജയസാധ്യത കണക്കിലെടുത്ത് മറ്റൊരു സ്ഥാനാർഥിയെ തേടി പോകേണ്ടതില്ലെന്ന വിലയിരുത്തലിലാണ് ഇടതുമുന്നണി. പാര്‍ട്ടി ഘടകങ്ങള്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് കടക്കുന്നതിനുമുമ്പ്് എം.എം. മണി മണ്ഡലത്തിൽ പ്രവര്‍ത്തനം ഊർജിതമാക്കിയത് സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചതിെൻറ ഭാഗമാണെന്നാണ് പ്രാദേശിക നേതാക്കള്‍ നല്കുന്ന സൂചന.
ഘടകകക്ഷി നേതാക്കളെ പങ്കെടുപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസും ഉദ്ഘാടനം ചെയ്തു. മുന്നണിയില്‍ ഘടകകക്ഷികളുമായി സി.പി.എം ചര്‍ച്ച ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് ഞായറാഴ്ച വൈകീട്ട് എൽ.ഡി.എഫിെൻറ ഉടുമ്പന്‍ചോല നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് നെടുങ്കണ്ടത്ത് മന്ത്രി മണിതന്നെ ഉദ്ഘാടനം ചെയ്തത്.
അതേസമയം, യു.ഡി.എഫില്‍ സ്ഥിതി മറിച്ചാണ്. സ്ഥാനാർഥികളെ പറ്റി ചില അഭ്യൂഹങ്ങള്‍ മാത്രമാണ് നിലനില്‍ക്കുന്നത്. പ്രധാനമായും മൂന്നുപേരാണ് പട്ടികയില്‍. കെ.പി.സി.സി സെക്രട്ടറി എം.എന്‍. ഗോപി, ഡി.സി.സി പ്രസിഡൻറ് ഇബ്രാഹീംകുട്ടി കല്ലാര്‍, കഴിഞ്ഞതവണ എം.എം. മണിക്കെതിരെ മത്സരിച്ച സേനാപതി വേണു എന്നീ പേരുകളാണ് കേള്‍ക്കുന്നത്.
എങ്ങനെയും ഇക്കുറി മണ്ഡലം പിടിച്ചെടുക്കാനുള്ള തയാറെടുപ്പിലാണ് യു.ഡി.എഫ്. എന്നിരുന്നാലും കേരള കോണ്‍ഗ്രസ് ജോസ് പക്ഷം എൽ.ഡി.എഫിലേക്ക് പോയത് യു.ഡി.എഫിന് തലവേദന സൃഷ്ടിക്കും. കേരള കോൺഗ്രസിെൻറ മണ്ഡലമായിരുന്ന ഉടുമ്പന്‍ചോലയിൽ '91ലും '96ലും 2011ലും 2016ലും കോണ്‍ഗ്രസ് മത്സരിച്ചിട്ടുണ്ട്.
ഈഴവ ഭൂരിപക്ഷമുള്ള മണ്ഡലമാണിത്. അത് മുതലാക്കി ബി.ജെ.പി രംഗത്തുണ്ട്. ബി.ഡി.ജെ.എസിലൂടെ ശക്തി തെളിയിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ തവണ മത്സരിച്ച ബി.ഡി.ജെ.എസ് സ്ഥാനാർഥി സജി പറമ്പത്തിന് ഇത്തവണ മത്സരിക്കാൻ താൽപര്യമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.