ഒരു കിലോയിലേറെ സ്വർണം കവർന്ന കേസ്: മൂന്ന് പ്രതികൾകൂടി പിടിയിൽ
text_fieldsകോഴിക്കോട്: പശ്ചിമ ബംഗാൾ സ്വദേശിയിൽനിന്ന് ഒരു കിലോയിലേറെ സ്വർണം കവർന്ന കേസിലെ മൂന്ന് പ്രതികൾകൂടി പിടിയിലായി. ചേളന്നൂർ ഇരുവള്ളൂരിലെ തായാട്ടുകണ്ടിയിൽ പത്മേഷ് എന്ന ഉണ്ണി (40), പുനൂർ കക്കാട്ടുമ്മൽ താമസിക്കുന്ന കൊല്ലരിക്കൽ തേക്കിൻതോട്ടം നെല്ലിക്കൽ മുഹമ്മദ് ഫാറൂഖ് (34), ഫ്രാൻസിസ് റോഡ് കുത്ത്ക്കല്ല് വളപ്പിൽ കോളനിയിൽ താമസിക്കുന്ന ബംഗാളിലെ ഹൊജവട്ടയിലെ നിയാഖത്ത് (36) എന്നിവരെയാണ് കസബ ഇൻസ്പെക്ടർ എൻ. പ്രജീഷിെൻറ നേതൃത്വത്തിൽ കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും കസബ പൊലീസും ചേർന്ന് അറസ്റ്റുചെയ്തത്.
സെപ്റ്റംബർ 20ന് രാത്രി റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിലെ തെൻറ സ്വർണ ഉരുക്കുശാലയിൽ നിന്ന് മാങ്കാവിലേക്ക് 1.200 കിലോഗ്രാം സ്വർണവുമായി പോയ ബംഗാളിലെ വർധമാൻ സ്വദേശി റംസാൻ അലിയെ ബൈക്കിലെത്തിയ എട്ടംഗ സംഘം കണ്ടംകുളം ജൂബിലി ഹാളിനു സമീപത്തുനിന്ന് ആക്രമിച്ച് സ്വർണം കവരുകയായിരുന്നു. ബംഗാൾ സ്വദേശിയായ നിയാഖത്ത് 20 വർഷത്തോളമായി കമ്മത്ത് ലൈനിൽ സ്വർണ ബിസിനസ് നടത്തിവരുകയാണ്.
നിയാഖത്തിന്റെ ബിസിനസ് പങ്കാളിയായിരുന്നു റംസാൻ. പിന്നീട് ഇരുവരും വേർപിരിയുകയും സ്വന്തം നിലക്ക് ബിസിനസ് ആരംഭിക്കുകയും ചെയ്തു. റംസാന്റെ ബിസിനസ് നിയാഖത്തിെൻറ ബിസിനസിനെ ബാധിച്ചതോടെ നിയാഖത്തും സുഹൃത്തും ചേർന്ന് റംസാെൻറ കച്ചവടം തകർക്കാൻ പദ്ധതി തയാറാക്കുകയും സുഹൃത്തുക്കളായ പത്മേഷിെൻറയും ഫാറൂഖിെൻറയും സഹായത്തോടെ ക്വട്ടേഷൻ സംഘത്തെ ഇതിൽ ഉൾപ്പെടുത്തുകയുമായിരുന്നു.
കവർച്ച ആസൂത്രണം ചെയ്യാൻ പലതവണയായി നിരീക്ഷണം നടത്തുകയും സംശയം തോന്നാതിരിക്കാൻ നിയാഖത്ത് തെൻറ പക്കലുള്ള കുറച്ച് സ്വർണം റംസാന് നൽകുകയും ചെയ്തിരുന്നു. മൊബൈൽ ഫോൺ ഉപയോഗിക്കാതെ ബംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന 'വാക്കി ടോക്കി' ഉപയോഗിച്ചാണ് പ്രതികൾ സന്ദേശം കൈമാറിയത്.
റംസാൻ സ്വർണവുമായി മാങ്കാവിലേക്ക് പോകുന്നത് ക്വട്ടേഷൻ സംഘത്തിന് കാണിച്ചു കൊടുത്തത് പത്മേഷും ഫാറൂഖും ചേർന്നായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കക്കോടി മുട്ടോളിയിലെ ലത്തീഷ്, പയ്യാനക്കൽ തെക്കഞ്ചീരി വീട്ടിൽ കമ്പി വാവ എന്ന ജിനിത്ത്, കൊമ്മേരി മുക്കുണ്ണിത്താഴം വീട്ടിൽ ജമാൽ ഫാരിഷ്, പന്നിയങ്കര കീലക്കാട്ട് നിലം പറമ്പിൽ ഷംസുദ്ദീൻ, കാസർക്കോട് കുന്താർ പോക്കറടുക്ക വീട്ടിൽ മുഹമ്മദ് നൗഷാദ്, ചാമുണ്ടിവളപ്പിൽ സ്വദേശി ജംഷീർ, കോട്ടൂളി പൈപ്പ് ലൈൻ റോഡിലെ അമ്പല നിലത്ത് വീട്ടിൽ എൻ.പി. ഷിബി, മാളിക്കടവ് മുലാടത്ത് ഷൈസിത്ത്, മൊകേരി വടയത്ത് മരം വീട്ടിൽ നിജീഷ് എന്നിവരാണ് കേസിൽ നേരത്തേ അറസ്റ്റിലായത്.
ഡെപ്യൂട്ടി പൊലീസ് കമീഷണർ സ്വപ്നിൽ എം. മഹാജെൻറ മേൽനോട്ടത്തിൽ ടൗൺ അസി. കമീഷണർ പി. ബിജുരാജിെൻറ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ചായിരുന്നു കേസിെൻറ അന്വേഷണം. ക്രൈം സ്ക്വാഡ് അംഗങ്ങളായ മനോജ് എടയേടത്ത്, കെ. അബ്ദുൽ റഹിമാൻ, കെ.പി. മഹീഷ്, ഷാലു മുതിരപറമ്പിൽ, മഹേഷ് പൂക്കാട്, സി.കെ. സുജിത്ത്, ഷാഫി പറമ്പത്ത്, എ. പ്രശാന്ത് കുമാർ, ശ്രീജിത്ത് പടിയാത്ത്, സുമേഷ് ആറോളി, കസബ സബ് ഇൻസ്പെക്ടർ അനീഷ്, സി.പി.ഒ ടി.കെ. വിഷ്ണുപ്രഭ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.