വർഗീയതയെന്ന രോഗം പ്രോത്സാഹിപ്പിച്ച എം.എസ്. ഗോൾവാൾക്കർക്ക് ശാസ്ത്രവുമായി എന്താണ് ബന്ധം -ശശി തരൂർ
text_fieldsതിരുവനന്തപുരം: തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ബയോടെക്നോളജി സെൻററിൻെറ രണ്ടാമത്തെ കാമ്പസിന് ആർ.എസ്.എസ് സൈദ്ധന്തികൻ ഗോൾവാൾക്കറുടെ പേര് നൽകുന്നതിൽ പ്രതിഷേധവുമായി ശശി തരൂർ എം.പി.
'രാജീവ് ഗാന്ധി ബയോടെക്നോളജി സെൻററിൻെറ രണ്ടാമത്തെ കാമ്പസിന് ശ്രീ ഗുരുജി മാധവ് സദാശിവ ഗോൾവാൾക്കർ നാഷനൽ സെൻറർ ഫോർ കോംപ്ലക്സ് ഡിസീസ് ഇൻ കാൻസർ ആൻഡ് വൈറൽ ഇൻഫെക്ഷൻ' എന്നാണ് പേരിടാൻ തീരുമാനിച്ചിരിക്കുന്നത്. വർഗീയത എന്ന രോഗം പ്രോത്സാഹിപ്പിച്ചു എന്നതല്ലാതെ എം.എസ്. ഗോൾവാൾക്കർക്ക് ശാസ്ത്രവുമായി എന്താണ് ബന്ധമെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല!
രാജീവ് ഗാന്ധിക്ക് ശാസ്ത്രവുമായി എന്താണ് ബന്ധമെന്നത് രാജീവ് ഗാന്ധിയുടെ ചരിത്രമറിയുന്നവർക്ക് അറിയാം. അദ്ദേഹം ശാസ്ത്ര സംബന്ധിയായ എല്ലാ നവീകരണ പദ്ധതികൾക്കും പ്രവർത്തനങ്ങൾക്കും പ്രചോദനമായിരുന്നു. അതിനായി ഫണ്ടും അദ്ദേഹം നീക്കിവെച്ചു.
ഇത്തരം കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ച ബി.ജെ.പിയുടെ മറ്റു നേതാക്കൾ ആരുമില്ലായിരുന്നോ? ഗോൾവാൾക്കർ എന്ന ഹിറ്റ്ലർ ആരാധകൻ ഓർമിക്കപ്പെടേണ്ടത് 1966ൽ വി.എച്ച്.പിയുടെ ഒരു പരിപാടിയിൽ അദ്ദേഹം നടത്തിയ "മതത്തിന് ശാസ്ത്രത്തിന് മേൽ മേധാവിത്വം വേണമെന്ന" പരാമർശത്തിൻെറ പേരിലല്ലേ?' -ശശി തരൂർ ഫേസ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞദിവസം സെൻററുമായി ബന്ധപ്പെട്ട് നടന്ന വെബിനാറിൽ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഹർഷ വർദ്ധനാണ് നാമകരണം പ്രഖ്യാപിച്ചത്. യാതൊരുവിധ മുന്നറിയിപ്പുമില്ലാതെയാണ് ഇതിൻെറ പേര് മന്ത്രി പ്രഖ്യാപിച്ചത്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിലുള്ള സ്ഥാപനത്തിൻെറ ഭാഗമായുള്ള കാമ്പസിന് ആർ.എസ്.എസ് നേതാവിൻെറ പേരിടുന്നത് വിമർശനത്തിനിടയാക്കിയിട്ടുണ്ട്. രാജ്യത്തെ ബയോടെക്നോളജി മേഖലയിലെ ഗവേഷണങ്ങളുടെ പ്രധാന കേന്ദ്രം കൂടിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.