ലോഡ്ജിൽ യുവതിയുടെ കൊലപാതകം: പ്രതിയെ കോഴിക്കോട് എത്തിച്ചു; മൊഴി രേഖപ്പെടുത്തൽ പുരോഗമിക്കുന്നു
text_fieldsകോഴിക്കോട്: എരഞ്ഞിപ്പാലത്തെ ലോഡ്ജ് മുറിയിൽ യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോഴിക്കോട് എത്തിച്ചു. ഉച്ചയോടെ നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയുടെ വിശദമായ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തുകയാണ്. വൈദ്യപരിശോധന പൂർത്തിയാക്കി പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൊലപാതകം നടത്തിയ സ്ഥലത്ത് പ്രതിയെ എത്തിച്ചുള്ള തെളിവെടുപ്പ് ഇന്ന് നടത്തില്ലെന്നാണ് ലഭിക്കുന്ന വിവരം.
എരഞ്ഞിപ്പാലത്തെ ലോഡ്ജ് മുറിയിൽ യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ പോയ തൃശൂർ തിരുവില്വാമല സ്വദേശി കുതിരംപാറക്കൽ അബ്ദുൽ സനൂഫിനെ (28) ഇന്നലെയാണ് ചെന്നൈയിൽ നിന്ന് പിടികൂടിയത്. ആവഡിയിലെ ലോഡ്ജിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.
ചൊവ്വാഴ്ച രാവിലെയാണ് ലോഡ്ജ് മുറിയിൽ മലപ്പുറം വെട്ടത്തൂർ സ്വദേശി കാപ്പ് പൊതാക്കല്ല് റോഡിലെ പന്തലാൻ വീട്ടിൽ ഫസീലയെ (33) മരിച്ച നിലയിൽ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന സനൂഫിനെ കാണാതായതോടെ ഇയാളാണ് മരണത്തിന് പിന്നിലെന്ന് സംശയമുയർന്നിരുന്നു. പോസ്റ്റ്മോർട്ടത്തിൽ, യുവതിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നും കണ്ടെത്തി. യുവതിയുടെ കഴുത്തിൽ ബലപ്രയോഗത്തിന്റെ പാടുകളുമുണ്ടായിരുന്നു.
സനൂഫിനെ കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കുകയും ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുകയും ചെയ്തിരുന്നു. ഇയാൾ തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ടതായ നിഗമനത്തിന്റെ അടിസ്ഥാനത്തിൽ അവിടം കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇതിനിടെ പ്രതി സഞ്ചരിച്ച കാർ പാലക്കാട് ചക്കാന്തറയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇയാൾ ഉപയോഗിച്ചിരുന്ന ഒരു മൊബൈൽ നമ്പർ സൈബർ സെൽ തിരിച്ചറിയുകയും ചെയ്തിരുന്നു.
സനൂഫും ഫസീലയും തമ്മിൽ നേരത്തെ പരിചയമുണ്ട്. സനൂഫിനെതിരെ ഫസീല ഒറ്റപ്പാലത്ത് നൽകിയ പീഡനക്കേസിൽ 89 ദിവസത്തോളം ഇയാൾ ജയിലിൽ കിടന്നിരുന്നു. ജയിലിൽ നിന്നിറങ്ങിയതോടെ വീണ്ടും ഇരുവരും സൗഹൃദത്തിലായി. ഇതിനിടയിലാണ് ഇവർ ഞായറാഴ്ച കോഴിക്കോട്ടെത്തി എരഞ്ഞിപ്പാലത്തെ ലോഡ്ജിൽ മുറിയെടുത്തത്. ഒരു ദിവസത്തേക്കായിരുന്നു മുറിയെടുത്തത്.
കൂടുതൽ ദിവസം മുറി ആവശ്യമുണ്ടെന്നും പണം ഒരുമിച്ച് തരാമെന്നും പറഞ്ഞ സനൂഫിനെ പിന്നീട് കാണാതായി. മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇതോടെ ലോഡ്ജിലെ ജീവനക്കാർ മുറി തുറന്നപ്പോഴാണ് ഫസീല കട്ടിലിൽ മരിച്ചു കിടക്കുന്നതു കണ്ടത്. പീഡനക്കേസ് കൊടുത്തതിലെ വൈരാഗ്യമാകാം കൊലപാതക കാരണമെന്നാണ് സംശയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.