സെമിനാറിൽ പങ്കെടുക്കാൻ തീരുമാനിച്ചത്, എം.വി.ആറുമായുള്ള അടുപ്പം കാരണം, പങ്കെടുക്കാനാവാത്തതിൽ അതീവ ദുഃഖം - കുഞ്ഞാലിക്കുട്ടി
text_fieldsമലപ്പുറം: എം.വി.ആർ അനുസ്മരണ സെമിനാറിൽ പങ്കെടുക്കുന്നത് വിവാദമായ സാഹചര്യത്തിൽ വിശദീകരണവുമായി മുതിർന്ന മുസ്‍ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ഇന്ന് കണ്ണൂരിൽ നടന്ന എം.വി.ആർ അനുസ്മരണ സെമിനാറിൽ പങ്കെടുക്കുന്നതിന് അദ്ദേഹത്തിന്റെ മകൻ എം.വി. നികേഷ് കുമാർ തന്നെ ക്ഷണിച്ചിരുന്നുവെന്നും എം. വി.ആറുമായുള്ള അടുപ്പം കാരണം താൻ ക്ഷണം സ്വീകരിക്കുകയും ചെയ്തിരുന്നതായി പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു.
ഈ പരിപാടിയിൽ കോൺഗ്രസ് നേതാവ് കരകുളം കൃഷ്ണപിള്ള അടക്കമുള്ളവർ പങ്കെടുക്കുമെന്നും അറിയിച്ചിരുന്നു. എന്നാൽ, ഇന്ന് മാധ്യമങ്ങൾ ഞാൻ ഇടതുപക്ഷ വേദിയിൽ പങ്കെടുക്കുന്നു എന്ന രീതിയിൽ വാർത്ത വളച്ചൊടിച്ചു നൽകിയ സാഹചര്യത്തിൽ എം. വി. ആറിന്റെ പേരിലുള്ള ഒരു പരിപാടി ഒരു വിവാദത്തിനും ചർച്ചക്കും വിട്ട് കൊടുക്കാൻ താല്പര്യമില്ല. അക്കാരണത്താൽ, എന്റെ അനുസ്മരണ പ്രഭാഷണം അയച്ചു കൊടുക്കുകയും ചെയ്തു. തനിക്കേറെ പ്രിയപ്പെട്ട എം.വി ആറിന്റെ ഓർമ ദിനത്തിൽ അദ്ദേഹത്തിന്റെ കുടുംബം ക്ഷണിച്ചിട്ടും ആ പരിപാടിയിൽ പങ്കെടുക്കാൻ കഴിയാത്ത സാഹചര്യം അതീവ ദുഃഖത്തോടെ അവരെ അറിയിക്കുകയും ചെയ്തിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജനും മന്ത്രി വി.എൻ. വാസവനും ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്ത പരിപാടിയായിരുന്നു അത്. സി.പി.എം നേതാക്കൾ നടത്തുന്ന പരിപാടിയിൽ യു.ഡി.എഫിലെ പ്രമുഖ ഘടകകക്ഷി നേതാവിന്റെ സാന്നിധ്യം അംഗീകരിക്കാനാവില്ലെന്നാണ് സി.എം.പിയുടെ നിലപാട്. സംസ്ഥാന ഭാരവാഹികൾ ഇക്കാര്യം യു.ഡി.എഫ് നേതൃത്വത്തെ ധരിപ്പിച്ചു.
രാവിലെ 10ന് ചേംബർ ഹാളിൽ നടന്ന പരിപാടിയിൽ കുഞ്ഞാലിക്കുട്ടിയുടെ വിഡിയോ സന്ദേശം പ്രദർശിപ്പിച്ചിരുന്നു. മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടകനായ ചടങ്ങിൽ മുഖ്യ പ്രഭാഷകനായാണ് കുഞ്ഞാലിക്കുട്ടിയെ നിശ്ചയിച്ചിരുന്നത്. കണ്ണൂരിൽ ഇന്ന് സി.എം.പി നടത്തുന്ന അനുസ്മരണ പരിപാടിയിൽ പങ്കെടുക്കാനിരുന്ന അദ്ദേഹം, മുസ്‍ലിം ലീഗിന്റെ വൈദ്യുതി ഭവൻ മാർച്ച് ഉദ്ഘാടനം നിർവഹിക്കാനും കണ്ണൂരിലെത്തുന്ന വിധത്തിലായിരുന്നു പരിപാടികൾ നിശ്ചയിച്ചിരുന്നത്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ന് ഒരു പരിപാടിയിലും കുഞ്ഞാലിക്കുട്ടി പങ്കെടുക്കില്ലെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.