ഫുട്ബാള്‍ ലഹരിയാകരുത്, പോര്‍ച്ചുഗൽ പതാക കെട്ടുന്നത് ശരിയല്ല -നാസർ ഫൈസി
text_fieldsകോഴിക്കോട്: ഖത്തറിൽ നടക്കുന്ന ഫുട്ബാൾ ലോകകപ്പിന്‍റെ പശ്ചാത്തലത്തിൽ, കളികളും കളിക്കാരും നമ്മില്‍ ചെലുത്തുന്ന സ്വാധീനം വലുതാണെന്നും ആ സ്വാധീനം ഒരു ലഹരിയായി മാറാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും നാസര്‍ ഫൈസി കൂടത്തായി. ഖത്തീബുമാര്‍ക്ക് കൈമാറിയ സന്ദേശത്തിലാണ് സമസ്ത നേതാവ് ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു കാര്യത്തിലും അമിതമായ സ്വാധീനമോ ആവേശമോ ഒരു വിശ്വാസിക്ക് ഉണ്ടാവാന്‍ പാടില്ല. ലോകകപ്പിലെ മിക്ക കളികളും ഇന്ത്യയില്‍ രാത്രിയിലും അര്‍ധരാത്രിക്ക് ശേഷവുമാണ് നടക്കുന്നത്. കളി കാണുന്നവര്‍ പകലിലും രാത്രിയിലും നടക്കുന്ന ജമാഅത്ത് നമസ്‌കാരങ്ങള്‍ക്ക് ഭംഗം വരാത്ത വിധമായിരിക്കണം കാണേണ്ടത്.
ഫുട്‌ബാള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഏതെങ്കിലും ടീമിനോടോ കളിക്കാരോടോ പ്രത്യേക താല്‍പര്യം ഉണ്ടാവുക സ്വാഭാവികമാണ്. ആ താല്‍പര്യം ആരാധനയായി പരിവര്‍ത്തിക്കപ്പെടുന്നതും അവരുടെ ഫാന്‍സുകളും അടിമകളുമായിത്തീരുന്നതും ശരിയല്ല.
തെരുവുകളിലും കുഗ്രാമങ്ങളില്‍ പോലും പതിനായിരങ്ങളും ലക്ഷങ്ങളും മുടക്കിയുള്ള കൂറ്റന്‍ ബോര്‍ഡുകളും കട്ടൗട്ടുകളുമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇന്ത്യയിൽ അധിനിവേശം നടത്തിയ ക്രൂരന്മാരുമായ പോര്‍ച്ചുഗലിനെയും ഇസ്ലാമിക വിരുദ്ധരാജ്യങ്ങളേയും അന്ധമായി ഉള്‍ക്കൊണ്ട് അവരുടെ പതാക കെട്ടി നടക്കുന്നതും ശരിയായ രീതിയല്ലെന്നും അദ്ദേഹം ഓഡിയോ സന്ദേശത്തിൽ പറഞ്ഞു.
ലക്ഷങ്ങൾ ചെലവഴിച്ച് വലിയ കട്ടൗട്ടുകൾ ഉയർത്തുന്നതിനെയും ധൂർത്തിനെയുമാണ് എതിർക്കുന്നതെന്ന് നാസര്‍ ഫൈസി കൂടത്തായി പിന്നീട് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. രോഗികൾ കഷ്ടപ്പെടുന്ന നാട്ടിൽ, വീടില്ലാതെ ഒരുപാട് പേർ കഷ്ടപ്പെടുന്ന നാട്ടിൽ സമ്പത്ത് ചെലവഴിക്കേണ്ടത് ഇത്തരം കാര്യങ്ങൾക്കല്ലെന്ന ബോധവത്കരണമാണ് നൽകുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.