ദേശീയപാത 45 മീറ്റർ: സ്ഥലമെടുപ്പ് സമയ ബന്ധിതമായി പൂർത്തിയാക്കാൻ തീരുമാനം
text_fieldsതിരുവനന്തപുരം: ദേശീയപാത 45 മീറ്റർ വീതിയിൽ വികസിപ്പിക്കുന്നതിന് സ്ഥലമെടുപ്പ് സമയബന്ധിതമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയെൻറ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. എല്ലാ ജില്ലകളിലും സ്ഥലമെടുപ്പ് നടപടികൾ വേഗത്തിലാണെന്ന് കലക്ടർമാർ റിപ്പോർട്ട് ചെയ്തു. നഷ്ടപരിഹാരത്തുക ദേശീയപാത അതോറിറ്റി പലതവണ മാറ്റിയതിനാൽ ചില സ്ഥലങ്ങളിൽ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ദേശീയപാത അതോറിറ്റിയുമായി ബന്ധപ്പെട്ട സ്ഥലമെടുപ്പ് സമയബന്ധിതമായി പൂർത്തിയാക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു.
വിമാനത്താവള സ്ഥലമെടുപ്പും യോഗം വിലയിരുത്തി. കോഴിക്കോട് വിമാനത്താവളത്തിെൻറ റൺവേ വികസനം ഡി-777-200 വിമാനങ്ങൾക്ക് ഇറങ്ങാൻ പറ്റുന്ന രീതിയിൽ വേണമെന്ന് എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ പ്രതിനിധികൾ പറഞ്ഞു. ഇതേപ്പറ്റി അതോറിറ്റി പഠനം നടത്തുന്നുണ്ട്. രണ്ടുമാസം കൊണ്ടു പഠനം പൂർത്തിയാകും. ഈ പഠനത്തിന് ശേഷം വിമാനത്താവള വികസനത്തിന് ആവശ്യമായ സ്ഥലം ലഭ്യമാക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു.
തിരുവനന്തപുരം എയർപോർട്ട് വികസനത്തിനുളള 18.5 ഏക്കർ ഭൂമി ഡിസംബറിൽ കൈമാറുമെന്ന് റവന്യു അധികൃതർ അറിയിച്ചു. കണ്ണൂർ വിമാനത്താവളത്തിന് 17.5 ഏക്ര ഭൂമിയാണ് ഉടനെ വേണ്ടത്. മൂന്നുമാസംകൊണ്ട് ഭൂമി ലഭ്യമാക്കും. കോട്ടയം വഴിയുളള റെയിൽപാത ഇരട്ടിപ്പിക്കുന്നതിനുളള സ്ഥലമെടുപ്പ് വേഗത്തിലാക്കാനും മുഖ്യമന്ത്രി നിർദേശിച്ചു.
മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ,കെ.ടി.ജലീൽ, റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ, പ്ലാനിങ് അഡീഷണൽ ചീഫ് സെക്രട്ടറി വി.എസ്. സെന്തിൽ, ഗതാഗത വകുപ്പ് സെക്രട്ടറി കെ.ആർ ജ്യോതിലാൽ ജില്ലാകലക്ടർമാർ, പ്രധാന പദ്ധതികളുടെ സ്ഥലമെടുപ്പിെൻറ ഏകോപനച്ചുമതല വഹിക്കുന്ന കെ. ബിജു തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.