മാധ്യമപ്രവർത്തനം സുഗമമാക്കാൻ നിയമനിർമാണം നടത്തും -സ്പീക്കർ
text_fieldsമലപ്പുറം: അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിലെ പ്രശ്നം മാസങ്ങൾ കഴിഞ്ഞിട്ടും തീർക്കാൻ കഴിയാത്തത് ജുഡീഷ്യറിയെ സംബന്ധിച്ച് കറുത്ത പാടാണെന്ന് നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. ഇത് കഴുകിക്കളയേണ്ട ബാധ്യത ജുഡീഷ്യറിയുടേതാണെന്നും അദ്ദേഹം പറഞ്ഞു. കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭരണഘടനസ്ഥാപനങ്ങൾക്ക് പരിമിതികളുണ്ടെങ്കിലും സാധ്യതകളുമേറെയാണ്. മാധ്യമങ്ങളോടുള്ള ജുഡീഷ്യറിയുടെ വിവേചനം തുടരുന്നത് യുക്തിസഹമല്ല. പ്രശ്നങ്ങൾ അവസാനിപ്പിക്കണം. സംസ്ഥാനത്ത് മാധ്യമപ്രവർത്തനം സുഗമമാക്കാൻ ശക്തമായ നിയമനിർമാണം നടത്തുമെന്ന് സ്പീക്കർ പറഞ്ഞു.
വാർത്തമൂല്യം എന്നത് കച്ചവടമൂല്യമായി ചുരുങ്ങുന്നതിൽ മാധ്യമപ്രവർത്തകരും സ്ഥാപനങ്ങളും ആത്മപരിശോധന നടത്തണം. കുറ്റകൃത്യങ്ങൾ മാത്രം ഉൾപ്പെടുത്തി പ്രത്യേക പരിപാടി സംപ്രേഷണം ചെയ്യുമ്പോൾ അതിന് കുറ്റകൃത്യം കുറക്കാനാകുന്നുണ്ടോ എന്നത് പരിശോധിക്കണം.
ജനങ്ങൾ നൽകുന്ന വിശ്വാസ്യത തിരിച്ചുനൽകാൻ മാധ്യമങ്ങൾക്ക് ബാധ്യതയുണ്ട്. വാർത്തകളിൽ വെള്ളം ചേർക്കുന്നത് പൊതുവെ കേരളത്തിലില്ല. എങ്കിലും ചില സന്ദർഭങ്ങളിൽ അത് സംഭവിക്കുന്നു. ഇതാ തകർന്നെന്ന തരത്തിൽ വാർത്ത നൽകിയ മുല്ലപ്പെരിയാർ ഡാമിനെക്കുറിച്ച് ഇപ്പോൾ ഒരു വാർത്തയുമില്ലാത്തത് അതിൽ അടിസ്ഥാനമില്ലാതിരുന്നതിനാലാണെന്നും പി. ശ്രീരാമകൃഷ്ണൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.