നിപ വൈറസ് രോഗ ലക്ഷണങ്ങളോടെ രണ്ട് പേർ കൂടി മരിച്ചു
text_fieldsകോഴിക്കോട്: രണ്ടു ജില്ലകളിലായി മരണഭീതി വിതക്കുന്ന നിപ വൈറസ് രണ്ടുപേരുടെ കൂടി ജീവനെടുത്തു. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചെക്യാട് ഉമ്മത്തൂർ തട്ടാെൻറവിട അശോകൻ (52), മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്ന കൂരാച്ചുണ്ട് വട്ടച്ചിറ മാടംവള്ളി മീത്തൽ രാജൻ (45) എന്നിവരാണ് ചൊവ്വാഴ്ച മരിച്ചത്. ഇതോടെ നിപ രോഗബാധയിൽ മരിച്ചവരുടെ എണ്ണം 11ആയി. മരിച്ചവരിൽ കോഴിക്കോട് ജില്ലയിൽ എട്ടും മലപ്പുറത്ത് മൂന്നും പേർക്കാണ് നിപ സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി െക.െക. ശൈലജ അറിയിച്ചു.
18 പേരുടെ സാമ്പിൾ പരിശോധിച്ചതിൽ, മരിച്ചവരടക്കം 12 പേർക്ക് രോഗം സ്ഥിരീകരിച്ചു. എങ്കിലും സാഹചര്യം നിയന്ത്രണവിധേയമാണെന്നും ഭയപ്പെടേെണ്ടന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ അറിയിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ രണ്ടുപേർ ഗുരുതരാവസ്ഥയിൽ കോഴിക്കോട്ട് സ്വകാര്യ ആശുപത്രികളിലാണ്. പന്തിരിക്കര സൂപ്പിക്കടയിൽ മരിച്ച രണ്ടു യുവാക്കളുടെ പിതാവ് മൂസ ബേബി മെമ്മോറിയൽ ആശുപത്രിയിലും പാലാഴി സ്വദേശി അബിൻ മിംസ് ആശുപത്രിയിലും ഗുരുതരാവസ്ഥയിലാണ്. രണ്ടുപേർ മെഡിക്കൽ കോളജ് ആശുപത്രി െഎ.സി.യുവിലുണ്ട്. ആറുപേർ നിരീക്ഷണത്തിലും നാലുപേർ മറ്റു വാർഡുകളിലുമുണ്ട്.
സൂപ്പിക്കടയിലെ കുടുംബവുമായി ആശുപത്രിയിലും മറ്റുമായി ബന്ധപ്പെട്ടവരാണ് മരിച്ചെതന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. അതിജാഗ്രത പുലർത്തുന്നുണ്ടെന്നും അമിതഭയം വേെണ്ടന്നും മന്ത്രി പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ മുഖേന ലോകാരോഗ്യ സംഘടനയെ വിവരമറിയിച്ചിട്ടുണ്ട്. ബുധനാഴ്ച ചേരുന്ന മന്ത്രിസഭ യോഗം സ്ഥിതി വിലയിരുത്തും.
ഡൽഹി ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) വിദഗ്ധ സംഘം ജില്ലയിലെത്തി. ഡോ. പി. രവീന്ദ്രൻ, ഡോ. നവീൻ ഗുപ്ത, ഡോ. അഷുദോഷ്, ഡോ. ഭട്ടാചാര്യ, ഡോ. രമ സഹായ് എന്നിവരടങ്ങുന്ന സംഘം ചൊവ്വാഴ്ച മെഡിക്കൽ കോളജ് ആശുപത്രി സന്ദർശിച്ച് സാഹചര്യം വിലയിരുത്തി.
കഴിഞ്ഞ ദിവസമെത്തിയ കേന്ദ്രസംഘം മലപ്പുറത്ത് പരിശോധനകൾ തുടങ്ങിയിട്ടുണ്ട്. പന്തിരിക്കര സൂപ്പിക്കടയിൽ വവ്വാലുകളിൽനിന്ന് ശേഖരിച്ച സാമ്പിൾ ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി അനിമൽ ഡിസീസസിലേക്ക് അയക്കുമെന്നും ഫലം വെള്ളിയാഴ്ച പുറത്തുവന്നാലേ കൂടുതൽ പറയാനാവൂ എന്നും കേന്ദ്ര മൃഗസംരക്ഷണ കമീഷണർ ഡോ. സുരേഷ് എസ്. ഹോനപ്പഗോൽ അറിയിച്ചു.
മേയ് 12നാണ് പിക്അപ് വാൻ ഡ്രൈവറായ അശോകൻ പനി ബാധിച്ച് ചെക്യാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സതേടിയത്. ഭേദമാവാത്തതിനാൽ തലശ്ശേരി സഹകരണ ആശുപത്രിയിേലക്കും പിന്നീട് ബേബിയിലേക്കും മാറ്റി.
അശോകന് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമായിട്ടില്ല. അസുഖമായ പിതാവിനൊപ്പം കോഴിക്കോട് മെഡിക്കൽ കോളജിൽ കഴിഞ്ഞമാസം അശോകൻ പോയിരുന്നതായി ബന്ധുക്കൾ പറഞ്ഞു. പിതാവ്: ചാത്തു. മാതാവ്: മാണി. ഭാര്യ: അനിത. മക്കൾ: അഖിൽ (മിലിട്ടറി), അശ്വതി, ആദിത്യ. സഹോദരങ്ങൾ: ശാന്ത, ജാനു.
രാജൻ പേരാമ്പ്ര സഹകരണാശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീട് താലൂക്കാശുപത്രിയിൽ മറ്റൊരു രോഗിയെ സന്ദർശിച്ചിരുന്നു. എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. പരേതനായ നാണുവാണ് പിതാവ്. മാതാവ്: നാരായണി. ഭാര്യ: സിന്ധു. മക്കൾ: സാന്ദ്ര, സ്വാതി (ഇരുവരും വിദ്യാർഥിനികൾ). സഹോദരങ്ങൾ: ഗോപാലൻ (ചക്കിട്ടപാറ), ജാനു (വട്ടച്ചിറ), കല്യാണി ( നരയംകുളം). ഇരുവരുടെയും മൃതദേഹം മാവൂർറോഡ് ശ്മശാനത്തിൽ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.