വർഗീയ, തീവ്രവാദ നിലപാടുകൾക്കെതിരെ വിട്ടുവീഴ്ച വേണ്ട -മുഖ്യമന്ത്രി
text_fieldsതൃശൂർ: വര്‍ഗീയ, തീവ്രവാദ നിലപാടുകള്‍ക്കെതിരെ വിട്ടുവീഴ്ച വേണ്ടെന്നും വര്‍ഗീയ സംഘര്‍ഷങ്ങളില്‍ കടുത്ത നടപടി സ്വീകരിക്കണമെന്നും പൊലീസിനോട് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്‍റെ മതനിരപേക്ഷതക്ക് പോറല്‍ ഏല്‍ക്കരുത്. ക്രമസമാധാനം തകര്‍ക്കുന്നവര്‍ക്കെതിരെ ഉറച്ച നിലപാട് സ്വീകരിക്കാൻ പൊലീസിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
രാമവർമപുരം പൊലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 31 എ ബാച്ചിലെ 141 സബ് ഇൻസ്പെക്ടർമാരുടെ പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിലെ പൊലീസ് സേന ആര്‍ജിച്ച കഴിവ് പെട്ടെന്ന് ഉണ്ടായതല്ല. അതിന് ഇരുണ്ടകാല ചരിത്രമുണ്ട്. പൊലീസിന്‍റെ സേവനം ഇനിയും ജനസൗഹൃദമാകണം. പൊലീസിനെ ജനം ശത്രുക്കളായാണ് കണ്ടിരുന്നത്. പൊലീസിനെ ഉപയോഗിച്ച രീതി കൊണ്ട് ഉണ്ടായതാണത്. ജനങ്ങളെ സേവിക്കുക എന്നതല്ല, ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ തുടര്‍ന്നുള്ള ഭരണം ഉറപ്പിക്കാൻ ജനങ്ങളെ ഒതുക്കി നിര്‍ത്തേണ്ടതുണ്ടായിരുന്നു. അതിനാലാണ് പൊലീസിനെ ഉപയോഗിച്ച് മര്‍ദന മുറകള്‍ സ്വീകരിച്ചത്.
സ്വാതന്ത്ര്യാനന്തരവും ഈ രീതി വിട്ടില്ല. കേരള സര്‍ക്കാര്‍ രൂപീകൃതമായതിന് ശേഷമാണ് അതേവരെ സ്വീകരിച്ച സമീപനത്തില്‍ മാറ്റമുണ്ടായത്. കൂടുതല്‍ ജോലി, തുച്ഛമായ ശമ്പളം, ആനുകൂല്യം ഒന്നുമില്ല എന്നതായിരുന്നു അന്നത്തെ അവസ്ഥ. തൊഴില്‍ രംഗത്ത് പിരിച്ചുവിടല്‍ ഭീഷണിയും ഉണ്ടായിരുന്നു. തൊഴിലാളികള്‍ക്ക് സമാധാനപരമായിപോലും സംഘടിക്കാന്‍ പാടില്ലായിരുന്നു. സമാധാനപരമായ ജാഥ പോലും പൊലീസ് തല്ലി പിരിക്കുമായിരുന്നു. അതിക്രൂരമായ മര്‍ദനങ്ങള്‍ സ്റ്റേഷനിലും ലോക്കപ്പിലും ഉണ്ടായിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ കേസില്‍പ്പെട്ട് ജയിലില്‍ കഴിഞ്ഞവരെ ജാമ്യമെന്ന വ്യാജേന പുറത്തിറക്കി വകവരുത്തിയ സംഭവം വരെ ഉണ്ടായിട്ടുണ്ട്. തൊഴില്‍ സമരത്തില്‍ പൊലീസ് ഇടപെടേണ്ടതില്ലെന്ന തീരുമാനമാണ് വലിയ മാറ്റത്തിന് തുടക്കം കുറിച്ചത്. ഇപ്പോള്‍ വലിയ വിഷമതകളും ദുരന്തങ്ങളും ഉണ്ടാകുമ്പോള്‍ ആശ്രയിക്കാവുന്ന സേനയായി പൊലീസ് മാറി.
പടിപിടിയായി വന്ന മാറ്റമാണിത്. പരിശീലനത്തിലൂടെ നേടിയെടുത്തതാണിത്. ഉന്നത വിദ്യാഭ്യാസമുള്ളവര്‍ ധാരാളം സേനയുടെ ഭാഗമാകുന്നു. പഴയതില്‍നിന്ന് വ്യത്യസ്തമായ മുഖം പൊലീസിനുണ്ട്. എന്നാല്‍ സേനയിലെ എല്ലാവരും അത്തരക്കാരാണെന്ന് കരുതേണ്ടതില്ല. സമൂഹത്തിലെ തെറ്റുകള്‍ സേനയിലും പ്രതിഫലിക്കുന്നുണ്ട്. അത്തരക്കാരോട് കര്‍ശന നിലപാടെടുക്കും. അങ്ങനെ പിരിഞ്ഞു പോയവരും പുറത്താക്കപ്പെട്ടവരും ഉണ്ടായിട്ടുണ്ട്. ‘മൃദു ഭാവേ ദൃഢ കൃതേ’ എന്ന പൊലീസിന്‍റെ ആപ്തവാക്യം എപ്പോഴും ഓര്‍മിക്കണം. ജനങ്ങളാണ് യജമാനന്മാര്‍. ആ മനോഭാവത്തോടെ ജനങ്ങളെ സേവിക്കണം. പെരുമാറ്റം കൊണ്ടും സ്‌നേഹം കൊണ്ടും മാതൃക പൊലീസാകണം. നാടിന്‍റെ നന്മയെക്കരുതിയുള്ള നിലപാട് സ്വീകരിക്കണം.
വളര്‍ന്നു വരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാൻ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പുതിയതായി സേനയില്‍ ചേരുന്നവര്‍ക്ക് കഴിയണം. വലിയതോതിലുള്ള മനുഷ്യത്വപരമായ സമീപനം പാലിക്കാന്‍ കഴിയട്ടേയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡി.ജി.പി ഡോ. ഷെയ്ക് ദര്‍വേഷ് സാഹെബ്, പൊലീസ് അക്കാദമി ഡയറക്ടർ ഐ.ജി എ. അക്ബര്‍ എന്നിവരും അഭിവാദ്യം സ്വീകരിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും പരിശീലനാര്‍ഥികളുടെ ബന്ധുക്കളും ചടങ്ങ് വീക്ഷിക്കാൻ എത്തിയിരുന്നു. പരിശീലനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചവര്‍ക്ക് മുഖ്യമന്ത്രി ട്രോഫി സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.