കെ.എസ്.ആർ.ടി.സി ബസിലെ നഗ്നത പ്രദർശനം: പ്രതിക്ക് ജാമ്യം, മുല്ലപ്പൂമാലയിട്ട് സ്വീകരണം
text_fieldsകൊച്ചി/ആലുവ: കെ.എസ്.ആർ.ടി.സി ബസിൽ നഗ്നത പ്രദർശനം നടത്തിയതിന് അറസ്റ്റിലായ കോഴിക്കോട് സ്വദേശി സവാദിന് എറണാകുളം അഡീഷനൽ സെഷൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഇനിയും കസ്റ്റഡിയിൽ വെക്കേണ്ടതില്ലെന്ന് വിലയിരുത്തിയാണ് ജാമ്യം. 50,000 രൂപയുടെ ബോണ്ട്, രണ്ട് ആൾ ജാമ്യം, എല്ലാ ശനിയാഴ്ചയും അേന്വഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകൽ തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം. എറണാകുളം ജില്ല വിട്ടുപോകരുതെന്നും ഉപാധിവെച്ചു.
താൻ ഒമ്പത് മിനിറ്റ് മാത്രമാണ് ബസിൽ യാത്ര ചെയ്തതെന്നും പരാതിക്കാരിയെ ഒരു തരത്തിലും ഉപദ്രവിച്ചിട്ടില്ലെന്നും ഹരജിക്കാരൻ ബോധിപ്പിച്ചു. സോഷ്യൽ മീഡിയയിൽ ലക്ഷം ഫോളോവേഴ്സ് ഉണ്ടായിരുന്ന പരാതിക്കാരിക്ക് ഈ സംഭവത്തോടെ അത് ദശലക്ഷം പേരായി ഉയർന്നുവെന്നും ഇതിനുവേണ്ടി അത്തരമൊരു സന്ദർഭം ഉണ്ടാക്കിയെടുത്തതാണെന്നും വാദിച്ചു. തൊട്ടടുത്തിരുന്ന പെൺകുട്ടി ആരോപണം ഉന്നയിച്ചിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു. ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ നിലപാടെടുത്തു.
അതിനിടെ, ആലുവ സബ് ജയിലിൽനിന്ന് ഇറങ്ങിയ സവാദിന് ഓൾ കേരള മെൻസ് അസോസിയേഷൻ സ്വീകരണം നൽകി. ഇയാൾക്കെതിരെ യുവതിയുടേത് കള്ളപ്പരാതിയാണെന്നാണ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്. സവാദിനെ സ്വീകരിക്കാൻ സംഘടന ഭാരവാഹികൾ ജയിലിന് പുറത്ത് നിലയുറപ്പിച്ചിരുന്നു. രാത്രി എട്ടു മണിയോടെ പുറത്തിറങ്ങിയ സവാദിനെ അസോസിയേഷൻ ഭാരവാഹി വട്ടിയൂർക്കാവ് അജിത്കുമാറിന്റെ നേതൃത്വത്തിൽ മുല്ലപ്പൂമാലയിട്ട് സ്വീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വിഡിയോയിൽ ചില സംശയങ്ങളുണ്ടെന്ന് അജിത്കുമാർ പറഞ്ഞു.
അപമാനിക്കപ്പെട്ടുവെന്ന് പറയുന്ന പെൺകുട്ടിയെ നുണപരിശോധനക്ക് വിധേയമാക്കണം. പ്രതി കുറ്റക്കാരനെങ്കിൽ ശിക്ഷിക്കുകതന്നെ വേണം. എന്നാൽ, ഹണി ട്രാപ്പുകാർ പെൺ പീഡനമെന്ന മറപറ്റി പണമുണ്ടാക്കുകയാണ്. പുരുഷനും മാന്യതയോടെ ജീവിക്കാൻ അവകാശം വേണം. വ്യാജപരാതി നൽകുന്ന സ്ത്രീകളെ ശിക്ഷിക്കുകയും വേണം. സവാദിന് നിയമസഹായം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.