ഐതിഹ്യങ്ങളും ചരിത്രവും ഇഴചേരുന്ന ഓണക്കഥകളിലെ 'ഓണാട്'
text_fieldsകായംകുളം: ഐതിഹ്യവും ചരിത്രവും ഇഴചേരുന്ന ഓണക്കഥകളിൽ 'ഓണാട്' രാജ്യവും ആഘോഷങ്ങളും എക്കാലവും നിറഞ്ഞുനിന്നിരുന്നു. ഓണാടും ഓണവുമായി കൂടിച്ചേരുന്ന ഒട്ടേറെ മിത്തുകളാണ് തലമുറകളിലൂടെ കൈമാറി വരുന്നത്.
കാർഷിക സംസ്കൃതിയുടെ പ്രതാപകാല ഓർമകളാണ് ഓണാട്ടുകരക്ക് ഓണവുമായി ചേർത്തുവെക്കാനുള്ളത്. ഓണാട്ടുരാജാക്കന്മാരുടെ കാലത്ത് 'ഓണപ്പട' എന്ന കായികവിനോദം തന്നെയുണ്ടായിരുന്നു.
ഓണാട്ടിൽ ഉൾപ്പെട്ടിരുന്ന മഹാബലിക്കരയാണ് മവേലിക്കരയായി മാറിയതെന്നാണ് ഐതിഹ്യം. വള്ളംകളി, തിരുവാതിര, തുമ്പി തുള്ളൽ, കുമ്മാട്ടിക്കളി, ഊഞ്ഞാലാട്ടം, പൂക്കളങ്ങൾ, പുലിക്കളി തുടങ്ങി ആഘോഷങ്ങളുടെ നല്ല ഓർമകളാണ് മനസ്സുകളിൽ നിറയുന്നത്.
നാട്ടിൻപുറത്തെ ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട് നിറംപിടിപ്പിച്ച മിത്തുകൾ നിരവധിയാണ്. വിനോദങ്ങളും അനുഷ്ഠാനങ്ങളുമൊക്കെയായി മിത്തുകൾ ഒാരോ ദേശത്തും നിറഞ്ഞുനിന്നിരുന്നു.
പ്രജകളുടെ ക്ഷേമം അന്വേഷിക്കാൻ മഹാബലിയെത്തുന്ന ഓണക്കാലം നാടിന്റെ സാംസ്കാരിക മുന്നേറ്റത്തിന് വഴിതുറന്ന കാലം കൂടിയായിരുന്നു. ഓരോ ദേശത്തെയും കലാകായിക ക്ലബുകളാണ് മിത്തുകളെ പുനരാവിഷ്കരിച്ചിരുന്നത്. കാലങ്ങൾ പിന്നിട്ടപ്പോൾ നാട്ടിൻപുറത്തെ ഓണക്ലബുകളും അന്യം നിന്നിരിക്കുകയാണ്.
വീടുകൾ കയറിയുള്ള 'പുലിക്കളിയോടെയാണ്' ഓണത്തെ വരവേൽക്കാൻ ക്ലബുകൾ ഒരുങ്ങിരുന്നത്. ദേഹത്ത് പുല്ലുകെട്ടി മുഖം പാളകൊണ്ട് മറച്ച കടുവയും തോക്കേന്തിയ വേട്ടക്കാരനും ഗ്രാമീണത്തനിമയുടെ നേർക്കാഴ്ചയായിരുന്നു. ഓണത്തല്ല്, തുമ്പിതുള്ളൽ, കിളിത്തട്ട്, മരമടി, ഉറിയടി, നാടൻ പന്തുകളി, കബഡി തുടങ്ങിയ കളികളും ഇല്ലാതായിരിക്കുന്നു.
പ്രകൃതിയോട് മല്ലടിച്ച് നേടിയ കായിക കരുത്തായിരുന്നു അന്നത്തെ യുവതയുടെ പ്രധാന ശക്തി. പൂക്കളവും പുലിക്കളിയും ഓണസദ്യയും പുത്തനുടുപ്പും ഓർമപ്പെടുത്തി വീണ്ടുമൊരു ഓണം കൂടി എത്തുമ്പോൾ ആഘോഷങ്ങളും ആർപ്പുവിളികളും മടങ്ങിയെത്തിയതിന്റെ ആഹ്ലാദമാണ് ഓണാട്ടുകരക്കാരന്റെ മനസ്സിൽ നിറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.