ബ്രിട്ടീഷ് കമ്പനികളുടെ ഭൂമി കൈവശം വെക്കുന്ന ചെറുകിടക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉത്തരവ്
text_fieldsകോഴിക്കോട് : വയനാട് ജില്ലയിൽ മലയാളം പ്ലാന്റേഷൻ (യു.കെ) അടക്കമുള്ളവരും അവരുടെ മുൻഗാമികളും കൈവശം വെച്ചിരുന്ന ഭൂമി നിലവിൽ കൈവശം വെക്കുന്ന ചെറുകിട ഉടമസ്ഥരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കാൻ റവന്യൂ വകുപ്പിന്റെ ഉത്തരവ്. ലൈഫ് മിഷൻ പദ്ധതിയിലെ ഗുണഭോക്താക്കൾക്കും മറ്റ് ചെറുകിട കൈവശക്കാർക്കും ക്രയസർട്ടിഫിക്കറ്റ് അനുവദിക്കാനാണ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ ഉത്തരവിറക്കിയത്. നാലും അഞ്ചും സെൻറ് ഭൂമി കൈവശം വെച്ചിരിക്കുന്നവർക്ക് ആശ്വാസമാണ് ഈ ഉത്തരവ്.
അതിന് 1963 ലെ ഭൂപരിഷ്കരണ നിയമം പ്രാബല്യത്തിലായ 1964 ഏപ്രിൽ ഒന്നിന് ഈ ഭൂമിയിൽ കുടിയാൻ (tenant) നിലവിലുണ്ടായിരുന്നു എന്നതിന് തെളിവായി കമ്പനികൾ ചമച്ച ആധാരങ്ങളെ ഉപകരാറുകളായി (സബ് ലീസ്) പരിഗണിക്കാമെന്ന് ലാൻഡ് റവന്യൂ കമീഷണർ ഡോ. എ. കൗശികൻ റിപ്പോർട്ട് നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഉപ-പാട്ടം മുഖേന പാട്ടഭൂമിയിൽ അവകാശം ലഭിച്ചവർക്കും ലൈഫ് മിഷൻ പദ്ധതിയിലെ ഗുണഭോക്താക്കൾക്കും മറ്റ് ചെറുകിട കൈവശക്കാർക്കും ക്രയസർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചത്.
1964 ഏപ്രിൽ ഒന്നിന് മുമ്പ് മലയാളം പ്ലാൻറേഷൻസ് (യു.കെ) ലിമിറ്റഡിൻറെയും ഈ കമ്പനിയുടെ മുൻഗാമികളുടെയും സമാനമായ കമ്പനികളുടെയും വ്യക്തികളുടെയും കൈവശമിരുന്നതും പിൽക്കാലത്ത് വിവിധതരം കൈമാറ്റങ്ങളിലൂടെ നേടിയതും ലാൻഡ് ട്രൈബ്യൂണൽ പട്ടയം ലഭിച്ചിട്ടില്ലാത്ത ഭൂമിയിലുള്ള ചെറുകിട കൈവശക്കാരുടെ ഉടമസ്ഥത സംബന്ധിച്ച പ്രശ്നങ്ങൾ ഇതോടെ പരിഹരിക്കാനാവും.
ഹാരിസൺസ് മലയാളം ലിമിറ്റഡ് കമ്പനിയിൽ നിന്നും 1970 ജനുവരി ഒന്നിന് മുമ്പും ശേഷവുമായി ഭൂമി കൈമാറി ലഭിച്ചവരിൽനിന്നും നിലവിൽ ഭൂനികുതി സ്വീകരിക്കുന്നുണ്ട്. എന്നാൽ, നിയമാനുസൃതമായി ലാൻഡ് ട്രൈബ്യൂണൽ പട്ടയം ലഭിച്ചിട്ടില്ലാത്തതിനാൽ പോക്കുവരവ് ചെയ്യുന്നതിനോ തണ്ടപ്പേർ അനുവദിക്കുന്നതിനോ കഴിയുന്നില്ല. ജന്മാധാരമായതിനാൽ പട്ടയം നൽകാൻ കഴിയാത്ത സാഹചര്യത്തിൽ പ്രശ്നപരിഹാരത്തിനായി സ്വീകരിക്കേണ്ട നടപടി സംബന്ധിച്ച് സൃഷ്ടീകരണം നൽകണമന്നും വയനാട് ജില്ലാ കലക്ടർ 2021 ജനുവരി 22ന് കത്ത് നൽകിയിരുന്നു. അത് പരിഗണിച്ചാണ് ഉത്തരവ്.
ലാൻഡ് ട്രൈബ്യൂണൽ പട്ടയം ലഭിച്ചിട്ടില്ലാത്ത ഭൂമി നിലവിൽ കൈവശം വെക്കുന്ന ചെറുകിട കൈവശക്കാരുടെ ഉടമസ്ഥത സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതിനാണ് പുതിയ ഉത്തരവ്. ഇക്കാര്യത്തിലുള്ള നിയമാനുസൃതമായ തുടർ നടപടികൾ ലാൻഡ് റവന്യൂ കമീഷണർ, ലാൻഡ് ബോർഡ് സെക്രട്ടറി, ബന്ധപ്പെട്ട കലക്ടർമാർ എന്നിവർ സ്വീകരിക്കും.
അതേസമയം, ഹൈകോടതിയുടെ 2018 ഏപ്രിൽ 11ലെ വിധിന്യായത്തിന്റെ അടിസ്ഥാനത്തിൽ വിദേശ കമ്പനികളോ വ്യക്തികളോ സ്വാതന്ത്ര്യത്തിനുമുൻപ് കൈവശം വച്ചിരുന്ന, നിയമാനുസൃതമായി ഉടമസ്ഥത സ്ഥാപിക്കാതെ കൈമാറ്റം ചെയ്ത ഭൂമിയിൽ സർക്കാരിൻറെ ഉടമസ്ഥത സ്ഥാപിക്കുന്നതിന് സിവിൽ കേസുകൾ ഫയൽ ചെയ്യുന്നതിന് കലക്ടർമാരെ ചുമതലപ്പെടുത്തി 2019 ജൂൺ ആറിന് ഉത്തരവിറക്കിയിരുന്നു. അത് പ്രകാരം ഫയൽചെയ്ത ടൈറ്റിൽ കേസുകൾ സിവിൽ കോടതികളുടെ പരിഗണനയിലാണ്. അതിന് തീർപ്പ് കൽപ്പിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.