മുനമ്പം ഭൂമി: പ്രതിഷേധ സമരം തുടരുന്നത് സർക്കാർ രേഖാമൂലം ഉറപ്പ് നൽകാത്തതിനാലെന്ന് ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ
text_fieldsഅബൂദബി: മുനമ്പം വഖഫ് ഭൂമിയിൽ പ്രതിഷേധ സമരങ്ങൾ തുടരുന്നത് സർക്കാർ രേഖാമൂലം ഉറപ്പ് നൽകാത്തത് കൊണ്ടാണെന്ന് മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവ. അബൂദബിയിൽ പുനർനിർമിച്ച ഓർത്തഡോക്സ് കത്തീഡ്രലിന്‍റെ കൂദാശ ചടങ്ങിനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ആരെയും കുടിയൊഴിപ്പിക്കില്ലെന്ന് സർക്കാർ പറഞ്ഞത് നല്ല നടപടിയാണ്. എന്നാൽ, രേഖാമൂലം ഉറപ്പ് നൽകാത്തതാണ് വിഷയം. ഒഴിപ്പിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രഖ്യാപനം രാഷ്ട്രീയ തീരുമാനം എന്നതിനപ്പുറം സർക്കാറിന്‍റെ രേഖാമൂലമുള്ള ഉറപ്പായി വരണം. സാദിഖലി തങ്ങളും ബിഷപ്പുമായി നടത്തിയ കൂടിക്കാഴ്ചയിൽ രമ്യമായ പരിഹാരത്തിനാണ് തീരുമാനമുണ്ടായത്.
ഭൂമിക്കുമേൽ അവകാശം ഉന്നയിക്കുന്നവർക്കും താമസിക്കുന്നവർക്കും നീതി ലഭിക്കണം. സർക്കാർ ശരിയായ നടപടി കൈക്കൊള്ളണം. അതിൽ വർഗീയമായ രീതിയിൽ ഏതെങ്കിലും മതവിഭാഗങ്ങൾ മുന്നോട്ട് പോവുന്നത് ശരിയല്ല. രാഷ്ട്രീയമായ രീതിയിലും ധ്രുവീകരണം ഉണ്ടാവാൻ പാടില്ല. സർക്കാറിന്‍റെ ഭാഗത്തുനിന്ന് സമവായമോ പരിഹാരമോ ഉണ്ടാവാൻ കാലതാമസം വരുമ്പോഴാണ് പലപ്പോഴും മതങ്ങളോ മറ്റുള്ളവരോ ഇടപെടേണ്ടി വരുന്നത്.
രാഷ്ട്രീയമായ കാര്യങ്ങൾ രാഷ്ട്രീയമായി തന്നെ നിലനിൽക്കണം. മതപരമായ കാര്യങ്ങളിലും രാഷ്ട്രീയ ഇടപെടൽ ഉണ്ടാവാൻ പാടില്ല. അത് ശബരിമല ആയാലും വഖഫ് പ്രശ്നമായാലും മുനമ്പം ആയാലും അതുമായി ബന്ധപ്പെട്ടവർ പരിഹാരം കാണണം. അതിനിടക്ക് ചേരിതിരിഞ്ഞ് മത്സരം ഉണ്ടാവുന്നത് രാഷ്ട്രീയമായോ മതപരമായോ സാമൂഹികമായോ ശരിയാവുമെന്ന് തോന്നുന്നില്ലെന്നും കാതോലിക്കാ ബാവ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.