സഭാതർക്കം: മരിച്ച് 11ാം നാളിൽ തർക്ക പള്ളിയിൽ വയോധികന് അന്ത്യവിശ്രമം
text_fieldsകായംകുളം: സഭാതർക്കത്തെ തുടർന്ന് ശീതീകരിച്ച പെട്ടിയിൽ 11 ദിവസമായി കാത്തുസൂക്ഷിച്ച വയോധികെൻറ മൃതദേഹം കനത്ത പൊലീസ് കാവലിൽ തർക്കപള്ളിയിലെ സെമിത്തേരിയിൽ സംസ്കരിച്ചു. കറ്റാനം കട്ടച്ചിറ പള്ളിക്കലേത്ത് വർഗീസ് മാത്യുവിെൻറ (മാത്തുക്കുട്ടി -95) മൃതദേഹമാണ് സംസ്കരിച്ചത്. കറുത്ത കുപ്പായവും അമിനിക്കയും അടക്കമുള്ള വൈദികവേഷത്തോടെ കൊച്ചുമകൻ ഫാ. ജോർജി ജോൺ കർമങ്ങൾക്ക് നേതൃത്വം നൽകി. കലക്ടർ എസ്. സുഹാസും ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രനും സ്ഥലത്ത് ക്യാമ്പ് ചെയ്ത് സ്ഥിതിഗതികൾ നിയന്ത്രിച്ചു. ഒാർത്തഡോക്സ് പക്ഷം സംഘടിച്ച് എത്താതിരിക്കാനായി നിശ്ചയിച്ച സമയത്തിന് മുന്നേ തന്ത്രപരമായി സംസ്കാരം നടത്തി. ഇത് പ്രതിഷേധ സാഹചര്യങ്ങളെയും ഇല്ലാതാക്കി.
വർഗീസിൻെറ കൊച്ചുമകനായ ഫാ. ജോർജി ജോണിനെ വൈദിക വേഷത്തോടെ സെമിത്തേരിയിൽ പ്രവേശിപ്പിക്കാനാകില്ലെന്ന ഒാർത്തഡോക്സ് പക്ഷനിലപാടാണ് സംസ്കാരം വൈകാൻ കാരണമായത്. ൈവദികവേഷത്തിൽ ചടങ്ങിന് കയറാനനുവദിക്കണമെന്ന നിലപാടാണ് ഇവർ മുന്നോട്ടുെവച്ചത്. സുപ്രീംകോടതി ഉത്തരവുള്ളതിനാൽ ഇതിന് കഴിയില്ലെന്നും സഭാവസ്ത്രം ധരിക്കാതെ പ്രവേശിക്കാമെന്നുമായിരുന്നു അധികൃത നിലപാട്. സംസ്കാരത്തിന് പള്ളിക്ക് സമീപംവരെയെത്തിച്ച മൃതദേഹം ഇതുകാരണം തിരികെ വീട്ടിലേക്ക് മാറ്റേണ്ടിവന്നു. പൊലീസ് തടഞ്ഞതിനാൽ എട്ടു മണിക്കൂറോളം മൃതദേഹം റോഡരികിൽ ഇറക്കിെവച്ച് സഹായത്തിനായി രാഷ്ട്രീയ-ഭരണ നേതൃത്വങ്ങളെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം.
സംസ്ഥാന മനുഷ്യാവകാശ കമീഷനിൽനിന്ന് അനൂകല ഉത്തരവ് നേടിയെങ്കിലും മണിക്കൂറുകൾക്കകം പിൻവലിച്ചു. തുടർന്ന് ദേശീയ മനുഷ്യാവകാശ കമീഷനെ സമീപിച്ച് ഉത്തരവ് കരസ്ഥമാക്കി. ഇതോടെ കലക്ടറും പൊലീസ് മേധാവിയും സ്ഥലെത്തത്തി സംസ്കാരത്തിന് അനുകൂല സാഹചര്യം ഒരുക്കുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് ഇരുകൂട്ടരുമായി നടത്തിയ ചർച്ചയിൽ ഭരണകൂടത്തിൻെറ നിലപാട് ഇരുവരും വ്യക്തമാക്കി. അനുകൂലാവസ്ഥ രൂപപ്പെട്ടതോടെ യാക്കോബായ പക്ഷം സംസ്കാര നടപടി വേഗത്തിലാക്കി.
ചൊവ്വാഴ്ച രാവിലെ നിശ്ചയിച്ച സമയത്തിന് ഒരുമണിക്കൂർ മുമ്പ് വീട്ടിലെ ചടങ്ങുകൾ പൂർത്തിയാക്കിയശേഷം മൃതദേഹം പള്ളിക്ക് മുന്നിലെ കുരിശടിയിൽ എത്തിച്ചു. ഇവിടുത്തെ ചടങ്ങിനുശേഷം ഇടവക ഭാരവാഹികളും ട്രസ്റ്റിയും അടുത്ത ബന്ധുക്കളുമായി അമ്പതോളം പേരെയാണ് സെമിത്തേരിയിലേക്ക് കടത്തിവിട്ടത്. സംസ്കാര ചടങ്ങിൽ സഭാവസ്ത്രത്തോടെയുള്ള സാന്നിധ്യത്തിനായി അവകാശം ചോദിച്ചയാൾ അംശവസ്ത്രത്തോടെ സംസ്കാര ചടങ്ങിന് നേതൃത്വം നൽകിയെന്നതാണ് ശ്രദ്ധേയം. പ്രതിഷേധക്കാർ എത്തുന്നത് തടയാൻ കനത്ത സുരക്ഷയാണ് പ്രദേശമാകെ പൊലീസ് ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.