‘നമ്മുടെ പേരാണ് പ്രശ്നം’; നോവുപടർത്തും തീയായി ദേശി...
text_fieldsകാഴ്ചക്കാരുടെ ഉള്ളുലച്ച്, നോവുനിറച്ച് നാടക വേദിയിൽ ദേശി എന്ന നാടകം പെയ്തുതോർന്നു. കാലങ്ങളോളം ജീവിച്ച മണ്ണിൽനിന്ന് അന്യരായി, പടിയിറക്കപ്പെടുന്ന ഒരുകൂട്ടം ഇന്ത്യക്കാരുടെ നോവും ജീവിതവും പറഞ്ഞാണ് ദേശി കലോത്സവത്തിെൻറ നിറക്കാഴ്ചകളിൽ പൊള്ളുന്ന അനുഭവമായത്. പൗരത്വപട്ടികയിൽ പേരില്ലാത്തതിനെ തുടർന്ന് നാടുപേക്ഷിച്ച് അവർ വരിവരിയായി നടന്നുനീങ്ങിയത് കണ്ടുനിന്നവരുടെ ഹൃദയങ്ങളിലേക്കായിരുന്നു. ആറാം വേദിയിൽ നടന്ന ഹയർസെക്കൻഡറി വിഭാഗം നാടകമത്സരത്തിലവതരിപ്പിച്ച ദേശി എന്ന നാടകം അസ്തിത്വ ദുഃഖംപേറുന്ന അസമിലെ മുസ്ലിംകളുടെ സങ്കടങ്ങൾ കണ്ണാടിപോലെ പകർത്തി, ഒപ്പം കുപ്പിച്ചില്ലു കോറുംപോലെ നെഞ്ചകങ്ങളിൽ ചോരപടർത്തി.
പതിറ്റാണ്ടുകൾക്കുമുമ്പ് അസമിലെ അതിർത്തിഗ്രാമത്തിലെത്തിയ കുടുംബങ്ങളിലൂടെയാണ് ദേശി വികസിക്കുന്നത്. ചായക്കച്ചവടക്കാരൻ അൻവറുല്ലയും മകൾ നുസ്രത്ത് ജഹാനും അവളുടെ പ്രണയഭാജനം രൺബീറും ജമാലുദ്ദീനും ഹലീമയുമെല്ലാം സുഖസുന്ദരമായി ജീവിക്കുന്ന നാട്. അവരിലേക്ക് ഇടിത്തീപോെല എത്തുന്ന പൗരത്വപട്ടികയും ഇന്ത്യക്കാരനെന്ന് തെളിയിക്കാനുള്ള പരിശ്രമങ്ങളുമെല്ലാം സ്വാഭാവിക വൈകാരികതയിൽ അവതരിപ്പിക്കുന്നു. പട്ടിക തിരുത്താനായി ഗ്രാമമുഖ്യനടുത്തേക്ക് രേഖകളുമായി ചെല്ലുന്ന ജഹാൻ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുകയാണ്. അവളുടെ ചേതനയറ്റ ദേഹം തെൻറ സന്തതസഹചാരിയായ സൈക്കിളിൽ വെച്ചുകെട്ടി അൻവറുല്ലാഖാനുൾെപ്പടെയുള്ള നാട്ടുകാരെല്ലാം അവിടെനിന്ന് വരിവരിയായി ഇറങ്ങിപ്പോകുന്നിടത്താണ് നാടകം അവസാനിക്കുന്നത്. നമ്മുടെ പേരാണ് നമ്മുടെ പ്രശ്നമെന്നും നമ്മുടെ ജന്മമാണ് നമ്മുടെ തെറ്റെന്നുമുള്ള അടുത്തകാലത്ത് ഉച്ചത്തിൽ മുഴങ്ങിയ വാചകങ്ങൾ നാടകത്തിലുടനീളം ഉയർന്നുകേൾക്കാം.
കാസർകോട് കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച നാടകം സമകാലിക രാഷ്ട്രീയം ശക്തമായ ഭാഷയിൽ പറഞ്ഞതിനാൽ, ജില്ല കലോത്സവത്തിനിടയിൽ കടുത്ത സംഘ്പരിവാർ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. സംസ്ഥാനതലത്തിൽ കളിപ്പിക്കില്ലെന്ന ഭീഷണികൾ നിലനിൽക്കെയാണ് നിറഞ്ഞ ഹർഷാരവങ്ങളുമായി നാടകം സമാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.