ബി.ജെ.പി ദേശീയ നേതാക്കളില്ലാതെ പത്മജയുടെ പാർട്ടി പ്രവേശനം
text_fieldsന്യൂഡൽഹി: ബി.ജെ.പിയിൽ ചേരാൻ ആഘോഷപൂർവം ഡൽഹിയിലെത്തിയ കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാലിന് ദേശീയ നേതാക്കൾ ആരുമില്ലാതെ പ്രഭ മങ്ങിയ ചടങ്ങിൽ കേരളത്തിന്റെ പ്രഭാരിയായ പ്രകാശ് ജാവ്ദേക്കർ അംഗത്വം നൽകി. ബി.ജെ.പി ആസ്ഥാനത്തുണ്ടായിരുന്ന പാർട്ടി ജനറൽ സെക്രട്ടറിമാർ പോലും പങ്കെടുക്കാതിരുന്ന ചടങ്ങിൽ ബി.ജെ.പിയുടെ മലയാളി നേതാക്കളായ ടോം വടക്കനും, അരവിന്ദ് മേനോനുമാണ് ജാവ്ദേക്കറെ കൂടാതെ പത്മജയെ പാർട്ടിയിലേക്ക് സ്വീകരിക്കാനെത്തിയത്.
വ്യാഴാഴ്ച വൈകീട്ട് ബി.ജെ.പി ആസ്ഥാനത്തെത്തിൽ ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദയെ കണ്ട് പാർട്ടി അംഗത്വമെടുക്കുമെന്ന് രാവിലെ മുതൽ പത്മജ ചാനലുകളോട് പറഞ്ഞുകൊണ്ടിരുന്നുവെങ്കിലും നദ്ദ ഡൽഹിക്ക് പുറത്തായിരുന്നു. ബി.ജെ.പിയുടെ സംഘടനാ സെക്രട്ടറി ബി.എൽ സന്തോഷ്, ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ തുടങ്ങിയവരും ആസ്ഥാനത്തുണ്ടായിരുന്നുവെങ്കിലും അവരും പങ്കെടുത്തില്ല.
ബി.ജെ.പി ആസ്ഥാനത്ത് ഇത്തരമൊരു അറിയിപ്പേ ഇല്ലാതിരുന്നത് മൂലം 3.45ന്റെ വാർത്താസമ്മേളനം കഴിഞ്ഞ് മീഡിയാ ഹാൾ വൈകീട്ട് അഞ്ച് മണിക്ക് അടക്കുകയും ചെയ്തു. അതിന് ശേഷമാണ് 6.30ന് പത്മജ ചേരുമെന്ന അറിയിപ്പ് വന്നത്.
6.30ന് അവരെത്തുമ്പോൾ ബി.ജെ.പി ആസ്ഥാനത്ത് പതിവ് മാധ്യമപ്രവർത്തകരുമുണ്ടായിരുന്നില്ല. മീഡിയാ സെന്ററിൽ മലയാളി മാധ്യമ പ്രവർത്തകർ മാത്രമാണുണ്ടായിരുന്നത്. ബി.ജെ.പി പറഞ്ഞാൽ വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മൽസരിക്കുമോ എന്ന ചോദ്യത്തിന് അക്കാര്യങ്ങൾ ഒന്നും ചർച്ച ചെയ്തിട്ടില്ലെന്ന് പത്മജയും എല്ലാം ഒരു ദിവസം കൊണ്ട് തീരുമാനിക്കില്ലല്ലോയെന്ന് പ്രകാശ് ജാവ്ദേക്കറും പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.