‘രാഹുലിന് പിന്നിൽ ജമാഅത്തെ ഇസ്‍ലാമി’ -സി.പി.എം വാദം ഏറ്റുപിടിച്ച് ബി.ജെ.പിയും
text_fieldsപാലക്കാട്: പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയത്തിന് പിന്നിൽ ജമാഅത്തെ ഇസ്‍ലാമിയും എസ്.ഡി.പി.ഐയുമാണെന്ന സി.പി.എം നേതൃത്വത്തിന്റെ ആരോപണം ഏറ്റുപിടിച്ച് ബി.ജെ.പിയും. രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചത് ജമാഅത്തെ ഇസ്‍ലാമിയുടെയും എസ്.ഡി.പി.ഐയും വോട്ടുവാങ്ങിയാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എം. ഹരിദാസ് ആരോപിച്ചു. ബി.ജെ.പിക്ക് പരമ്പരാഗത വോട്ടിൽ കുറവുവന്നിട്ടില്ലെന്നും എവിടെയാണ് പിഴവെന്ന് പരിശോധിക്കണം. സന്ദീപ് വാര്യരുടെ പാർട്ടി മാറ്റം ക്ഷീണം ചെയ്തിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
പാലക്കാട് എസ്.ഡി.പി.ഐയുടേയും ജമാഅത്ത് ഇസ്‍ലാമിയുടേയും പിന്തുണ കോൺഗ്രസിന് കിട്ടിയെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ആരോപിച്ചു. പി.സരിൻ മികച്ച സ്ഥാനാർഥിയാണെന്ന് എല്ലാവരും അംഗീകരിച്ചു. എന്നാൽ, ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും എൽ.ഡി.എഫിനെതിരെ യു.ഡി.എഫിന് വേണ്ടി ഒന്നിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇതേ ആരോപണം ബി.ജെ.പി സംസഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ഉന്നയിച്ചിട്ടുണ്ട്.
ഇവിടെ ജയിച്ചത് രാഹുൽ അല്ലെന്നും ഷാഫിയും ഷാഫിയുടെ വർഗീയതയും ആണെന്നും ബി.ജെ.പി നേതാവ് പത്മജ വേണുഗോപാൽ ആരോപിച്ചു. ‘എവിടെയാണ് യു.ഡി.എഫിന് വോട്ട് കൂടിയത് എന്ന് കണ്ടാൽ മനസ്സിലാകും. ഇല്ലാത്ത വർഗീയത പറഞ്ഞു ജനങ്ങളെ തമ്മിൽ അടിപ്പിക്കുന്ന ഈ വൃത്തികെട്ട രാഷ്ട്രീയം നിർത്തിയില്ലെങ്കിൽ നിങ്ങൾക്ക് ഉടനെ പണി കിട്ടും. എന്തായാലും ഒരു ഭരണവിരുദ്ധ വികാരവും ഇവിടെ ഇല്ല എന്ന് ചേലക്കര തെളിയിച്ചു. ബിജെപിയും സ്വയം ഒരു ആത്മ പരിശോധന നടത്തണം. അതു കൊണ്ട് ഒരു തെറ്റുമില്ല. എവിടെയാണ് വോട്ട് കുറഞ്ഞതെന്നും എന്ത് കൊണ്ട് കുറഞ്ഞെന്നും കണ്ടുപിടിക്കാൻ ഒരു ബുദ്ധിമുട്ടുമില്ല. മതേതരത്വം പറഞ്ഞു നടന്ന കോൺഗ്രസ്സ് ഒരു തീവ്ര വർഗീയ പാർട്ടി ആണെന്ന് തെളിയിച്ചു. എം.എം ഹസ്സനെ പോലുള്ളവരും അൻവർ സാദത്തിനെയും സിദ്ദിഖ്‌നെയും പോലുള്ളവരെ കടത്തി വെട്ടി അവരെ ഒന്നുമല്ലാതാക്കി അവരിൽ ഞാൻ മാത്രമാണ് ശരിക്കുള്ള നേതാവ് എന്ന് ഷാഫി തെളിയിച്ചു. ഞാൻ പറഞ്ഞതിൽ സിദ്ദിഖ് ഒഴിച്ചുള്ളവർ മതേതരത്വം കാത്തു സൂക്ഷിക്കുന്നവരാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. വർഗീയത മാത്രം കളിക്കുന്ന ഷാഫിയെ പോലുള്ളവരെ സൂക്ഷിക്കുക’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.