ആനമൂളിയിലും വെള്ളിയാറിലും മലവെള്ളപ്പാച്ചിൽ; വീടുകൾ അപകട ഭീഷണിയിൽ
text_fieldsമണ്ണാർക്കാട്: ശക്തമായ മഴയിൽ ആനമൂളി മേഖലയിൽ മലവെള്ളപ്പാച്ചിൽ. വീട്ടിൽ വെള്ളം കയറി. ആദിവാസി കോളനി ഉരുൾപൊട്ടൽ ഭീതിയിൽ. തിങ്കളാഴ്ച വൈകീട്ടുണ്ടായ ശക്തമായ മഴയിലാണ് ആനമൂളിയിൽ റോഡിലേക്ക് കുത്തിയൊലിച്ചുവന്ന വെള്ളം പ്രദേശത്ത് ഭീതി പരത്തിയത്.
പൊട്ടിക്കൽ വിജയെൻറ വീട്ടിലാണ് വെള്ളം കയറിയത്. പല വീടുകളും അപകട ഭീഷണിയിലാണ്. പാലവളവ് ആദിവാസി കോളനിയിലെ കുടുംബങ്ങളാണ് മഴ ശക്തമായതോടെ ഭീതിയിലായത്. 16 കുടുംബങ്ങളാണ് കോളനിയിലുള്ളത്. കോളനിക്ക് മുകളിലുള്ള മലയിൽനിന്ന് മലവെള്ളം കുത്തിയൊലിക്കുന്നുണ്ട്. കഴിഞ്ഞ വർഷം മലയിടിഞ്ഞും മല വിണ്ടുകീറി അപകടാവസ്ഥയിലുമായ പ്രദേശമാണിവിടം. റോഡിലേക്ക് ഇരച്ചുകയറിയ വെള്ളത്തിൽ റോഡ് പലഭാഗത്തും വെള്ളത്തിനടിയിലായി.
ചളി നിറഞ്ഞൊഴുകിയ വെള്ളം ഉരുൾപൊട്ടലുണ്ടായെന്ന ആശങ്ക ഉയർത്തി. മന്ദംപൊട്ടിയിൽ വെള്ളമുയർന്നതോടെ ആനമൂളി പുഴയിലും ശക്തമായ നീരൊഴുക്കുണ്ടായി. മഴ ശക്തമായി തുടരുന്നത് പ്രദേശത്ത് ആശങ്ക ഉയർത്തിയിട്ടുണ്ട്. ഉച്ചയോടെ ആരംഭിച്ച മഴ വൈകീട്ടും ശക്തമായി തുടരുകയാണ്.തെങ്കര ആനമൂളിയിൽ വിജയൻ പൊട്ടിക്കലിെൻറ വീടിെൻറ ഒരുവശം വെള്ളപ്പാച്ചിലിൽ തകർന്നു. ആളുകളെ മാറ്റി. സെയതലവിയുടെ വീട്ടിലും വെള്ളം കയറി.
അലനല്ലൂർ: കാലവർഷം കനത്തതോടെ വെള്ളിയാർപുഴ കരകവിഞ്ഞൊഴുകി. തിങ്കളാഴ്ച വൈകുന്നേരം പെയ്ത മഴയെ തുടർന്നാണ് വെള്ളിയാർ പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായത്. അമ്പലപ്പാറയിൽ കരകവിഞ്ഞൊഴുകിയ വെള്ളം മണലുംപുറം, തുളക്കല്ല് നമസ്കാര പള്ളികളുടെ സമീപത്തുകൂടിയാണ് ഒഴുക്കിയത്. മണലുംപുറത്ത് പുഴയിൽ കുളിക്കാനെത്തിയ ആറ് വിദ്യാർഥികൾ മറുകരയിൽ ഒറ്റപ്പെട്ടു. വെള്ളം വരുന്നത് കണ്ടതോടെ കരയിൽ കയറി നിൽക്കുകയായിരുന്നു.
എന്നാൽ വലിയ തോതിൽ വെള്ളം എത്തിയതോടെ നിന്ന സ്ഥലത്തും വെള്ളം കയറി തുടങ്ങി. മറു കരയിൽ നിന്നും നാട്ടുകാരുടെ നേതൃത്വത്തിൽ കയറിൽ കെട്ടി വലിച്ചാണ് ഇവരെ കരക്കടുപ്പിച്ചത്. വെള്ളിയാർ പുഴക്ക് സമീപത്തെ കൃഷിയിടങ്ങളിലും വെള്ളം കയറി. കഴിഞ്ഞ രണ്ട് പ്രളയക്കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി അമ്പലപ്പാറ പാലത്തിലേക്ക് വെള്ളം കയറി.
മുറിയകണ്ണി പാലത്തിലും വാക്കയിൽകടവ് പാലത്തിലും കണ്ണംകുണ്ട് കോസ്വേയിലും വെള്ളം കയറി. കണ്ണംകുണ്ട് കോസ്വേ മുങ്ങിയതോടെ അതുവഴിയുള്ള ഗതാഗതം നിലച്ചു. അപ്രതീക്ഷിതമായി ഉണ്ടായ മലവെള്ളപ്പാച്ചിലിൽ സമീപ പ്രദേശങ്ങളിലെ ജനങ്ങൾ പരിഭ്രാന്തരായി.
മലവെള്ള ഭീതിയിൽ എറമാടിച്ചോല
കല്ലടിക്കോട്: തച്ചമ്പാറ പഞ്ചായത്തിലെ വാർഡ് 11 നെല്ലിക്കുന്ന് എറമാടിച്ചോല നിവാസികൾ മഴ പെയ്താൽ ഭീതിയിലാണ്. വാക്കോടൻ മലനിരകളിൽ നിന്നും റബർ എസ്റ്റേറ്റുകളിൽ നിന്നും കുത്തിയൊലിച്ച് വരുന്ന മലവെള്ളം ഒഴുകിപോകാൻ മതിയായ വെള്ളച്ചാലുകളില്ല. ഇതുമൂലം കൃഷിനാശം ഉണ്ടാകുന്നു. വീടുകളിൽ താമസിക്കുന്നവർ ഭീതിയിലാണ്. രണ്ട് മാസം മുമ്പ് തച്ചമ്പാറ പഞ്ചായത്തിൽ ഇതേക്കുറിച്ച് പരാതി നൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ലെന്ന് ഏറമാടിച്ചോല വികസന സമിതി കൺവീനർ നിയാസ് പറഞ്ഞു. മലവെള്ളം ഒഴുകി പോകാൻ നടപടി സ്വീകരിക്കുന്നതിന് ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക് പരാതി കൊടുക്കാനൊരുങ്ങുകയാണ് വികസന സമിതി.
ദേശീയപാത വെള്ളത്തിൽ മുങ്ങി
മലമ്പ്രദേശത്ത് കനത്ത മഴ പെയ്തതോടെ താഴ്ന്ന നിലങ്ങൾ വെള്ളത്തിൽ മുങ്ങി. തച്ചമ്പാറ എടായ്ക്കലിൽ ദേശീയപാതയിൽ വെള്ളം പൊങ്ങി. തോട് കര കവിഞ്ഞു. പാടത്ത് കൃഷിയിടങ്ങളിൽ വെള്ളം ഉയർന്നു. നിരവധി വീടുകളിലും വെള്ളം കയറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.