ഫലസ്തീൻ: ഇന്ത്യൻ ഭരണകൂടത്തിന്റെ നിലപാട് അത്യധികം നിരാശാജനകം -കെ.സി വേണുഗോപാൽ
text_fieldsകോഴിക്കോട്: ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിൽ കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി. ഇസ്രായേൽ– പലസ്തീൻ വിഷയത്തിൽ ഇന്ത്യൻ ഭരണകൂടത്തിന്റെ നിലപാട് അത്യധികം നിരാശാജനകമാണെന്ന് വേണുഗോപാൽ പറഞ്ഞു. ഇന്ത്യക്കെങ്ങനെ ശക്തമായ നിലപാടില്ലാതെ കാഴ്ചക്കാരായി നിൽക്കാൻ കഴിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം വ്യക്തമാക്കി.
കെ.സി വേണുഗോപാലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:
ഇസ്രായേൽ– പലസ്തീൻ വിഷയത്തിൽ ഇന്ത്യൻ ഭരണകൂടത്തിന്റെ നിലപാട് അത്യധികം നിരാശാജനകമാണെന്നു പറയാതെ വയ്യ.
നിത്യേനയെന്നോണം നൂറുകണക്കിനു പേർ കൊല്ലപ്പെടുമ്പോഴും അതിനെതിരെ വഴിപാടെന്നോണം അനുശോചിച്ചു കൈ കഴുകുകയാണു കേന്ദ്ര സർക്കാർ. ഇങ്ങനെയായിരുന്നില്ല ഇന്ത്യയുടെ ശൈലിയും നിലപാടും. പണ്ടു മുതലേ ഇന്ത്യ ഫലസ്തീനൊപ്പമാണ്. ആ ജനതയുടെ അവകാശ പോരാട്ടങ്ങൾക്ക് ഇന്ത്യ പിന്തുണ അറിയിച്ചിട്ടുമുണ്ട്. എന്നാൽ ഇസ്രായേലോ, ഫലസ്തീനോ ഏതു ഭാഗത്തു നിന്നു ആക്രമണമുണ്ടായാലും ഇന്ത്യ അതിനെ അതിശക്തമായ അപലപിച്ചിരുന്നു.
കൃത്യമായ, ഗൗരവമാർന്ന ഇടപെടലുകൾ നടത്തി സമാധാനം നിലനിർത്താൻ ആവുന്നതൊക്കെ ഈ മഹാരാജ്യം ചെയ്തിരുന്നു. ഇന്ത്യ എന്ന വലിയ ജനാധിപത്യ രാജ്യത്തിന്റെ നിലപാടുകളുടെ ശക്തി ലോകം ഇങ്ങനെ പലകുറി കണ്ടിട്ടുമുണ്ടെന്നതു ചരിത്രം. നിർഭാഗ്യവശാൽ, ഇപ്പോഴത്തെ ഇസ്രായേൽ– ഫലസ്തീൻ ആക്രമണ– പ്രത്യാക്രമണങ്ങളോടു ഇന്ത്യ സ്വീകരിക്കുന്ന നിലപാട് യുദ്ധം അവസാനിപ്പിക്കാൻ ഒട്ടും പര്യാപ്തവുമല്ല. ഇന്ത്യയുടെ നിലപാടുകളെ അങ്ങേയറ്റം ഗൗരവത്തോടെ വീക്ഷിക്കുന്ന ലോകരാജ്യങ്ങളും ഇപ്പോഴത്തെ ഈ അഴകൊഴമ്പൻ നിലപാട് കണ്ടു അത്ഭുതം കൂറുകയാവും.
നിത്യേനയെന്നോണം നൂറുകണക്കിനു ജീവനുകളാണു അവിടെ പിടഞ്ഞു വീഴുന്നത്. ഗാസയിലെ ആശുപത്രിക്കു നേർക്കു നടന്ന വ്യോമാക്രമണത്തിൽ മാത്രം കൊല്ലപ്പെട്ടത് അഞ്ഞൂറിലേറെ മനുഷ്യർ. മനുഷ്യത്വരഹിതം എന്നൊരൊറ്റ വാക്കിൽ പറഞ്ഞൊതുക്കാൻ കഴിയുന്ന സംഭവങ്ങളല്ല അവിടെ നടക്കുന്നത്. മനുഷ്യത്വം മരവിച്ചു പോകുന്ന കാഴ്ചകളാണെങ്ങും. നിരപരാധികളായ സ്ത്രീകളും കുട്ടികളും നിരാലംബരായ വയോധികരുമൊക്കെ പിടഞ്ഞു വീഴുമ്പോൾ ഇന്ത്യക്ക് എങ്ങനെ ശക്തമായ നിലപാടില്ലാതെ കാഴ്ചക്കാരായി നിൽക്കാൻ കഴിയും?
ഇസ്രായേൽ ആണെങ്കിലും ഫലസ്തീൻ ആണെങ്കിലും രാജ്യാന്തര മാനുഷിക നിയമങ്ങൾ പാലിക്കാനുള്ള ബാധ്യതയുണ്ട്. തുടക്കത്തിൽ ഇസ്രായേലിൽ ഹമാസ് അഴിച്ചുവിട്ട ക്രൂരതകൾ കണ്ടില്ലെന്നു നടിക്കാനാവില്ല. പക്ഷെ അവരെ ഈ സാഹചര്യങ്ങളിലേക്കു കൊണ്ടെത്തിച്ച ചരിത്ര പശ്ചാത്തലം കൂടി പരിശോധിക്കേണ്ടതും വിലയിരുത്തേണ്ടതുമുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും നേരെ അവിടെ നടന്നത് അങ്ങേയറ്റം ക്രൂരതയാണ്, മനുഷ്യത്വഹീനമായ നടപടികളാണ്. അതാണു തുടർ ആക്രമണങ്ങളിലേക്കു നയിച്ചത്. പക്ഷേ അതിനുശേഷവും ഗാസയെ പാടേ തുടച്ചു നീക്കാനെന്നോണം ഇസ്രായേൽ അഴിച്ചുവിടുന്ന അതിക്രൂര ആക്രമണത്തിനു ചില ലോകരാഷ്ട്രങ്ങൾ പിന്തുണ നൽകുന്നതാണ് അത്ഭുതാവഹം.
അതിനു പിൻപറ്റി ഇന്ത്യ നിൽക്കാൻ പാടില്ല. മാനവരാശിക്കുതന്നെ വിപത്തായ ഈ യുദ്ധം ഉടനടി അവസാനിക്കേണ്ടത് കാലഘട്ടത്തിന്‍റെ അനിവാര്യതയാണ്. അതിനുവേണ്ടിയുള്ള ഇടപെടലുകൾ അന്തർദേശീയ തലത്തിൽ നടത്തുന്നതിന് ഇന്ത്യ മുൻകൈയെടുക്കണം. ലോകരാജ്യങ്ങൾക്കിടയിൽ എല്ലാക്കാലത്തും സമാധാനത്തിന്റെ സന്ദേശവാഹകരായി നിന്നിട്ടുള്ള രാജ്യമാണ് ഇന്ത്യയെന്നോർക്കണം. അതിനു തക്ക പക്വതയാണ്, ഗൗരവമാണ് ഇന്ത്യ രാജ്യത്തിൽ നിന്നു ലോകം പ്രതീക്ഷിക്കുന്നതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.