ഐക്യകേരളം എന്ന ആശയത്തിന്റെ ഉടമ പരീക്ഷിത്ത് തമ്പുരാനെന്ന് ഡോ.എസ്.കെ വസന്തൻ
text_fieldsകൊച്ചി: ഐക്യകേരളം എന്ന ആശയം കൊച്ചി അസംബ്ലിയിൽ 1946ൽ കത്ത് മുഖാന്തരം അവതരിപ്പിച്ചത് പരീക്ഷിത്ത് തമ്പുരാൻ ആണെന്ന് എഴുത്തച്ഛൻ പുരസ്കാര ജേതാവ് ഡോ.എസ്.കെ വസന്തൻ. തൃപ്പൂണിത്തുറ ഹിൽപ്പാലസ് പൈതൃക പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പരീക്ഷിത്ത് തമ്പുരാന്റെ 59-ാം ചരമ വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
1927 ഇടപ്പള്ളി സാഹിത്യ പരിഷത്ത് സമ്മേളനത്തിലാണ് ഐക്യകേരളം എന്ന ആശയം ഉയർന്നുവന്നത്, മൂന്നായി മുറിഞ്ഞു കിടന്ന മനുഷ്യ സമൂഹത്തെ ഒരേ ഭാഷ സംസാരിക്കുക, സമാന സംസ്കാരം ഒരുക്കുക, ഏകഭരണം നടപ്പിലാക്കുക എന്ന ചിന്ത ഉണ്ടായത്. എന്നാൽ പല കാര്യങ്ങളും കൊണ്ടും ഈ ആശയം നീണ്ടു പോയി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷമാണ് കൊച്ചി അസംബ്ലിയിൽ കൊച്ചി മഹാരാജാവായിരുന്ന പരീക്ഷിത്ത് തമ്പുരാൻ കത്ത് മുഖാന്തരം ഐക്യകേരളം എന്ന ആശയം അവതരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
പരീക്ഷിത്ത് തമ്പുരാന്റെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ച നടത്തി ചടങ്ങിന് തുടക്കം കുറിച്ചു. ഹിൽപ്പാലസ് പൈതൃക ദൃശ്യമന്ദിരം ഹാളിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ തൃപ്പൂണിത്തുറ നഗരസഭ ചെയർപേഴ്സൺ രമാ സന്തോഷ് അധ്യക്ഷത വഹിച്ചു. തുടർന്ന് പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ. ദിനേശൻ പരീക്ഷിത്ത് തമ്പുരാൻ അനുസ്മരണ പ്രഭാഷണം നടത്തി.
ചടങ്ങിൽ പൈതൃക പഠനകേന്ദ്രം ഡയറക്ടർ ജനറൽ ഡോ. എം. ആർ രാഘവ വാരിയർ, കെ.വി ശ്രീനാഥ്, കൗൺസിലർ സി.കെ ഷിബു, തൃപ്പൂണിത്തറ സംസ്കൃത കോളജ് അസി.പ്രഫ. ഡോ.ജി. ജ്യോത്സ്‌ന, കൊച്ചി രാജകുടുംബാംഗം ഡോ.ആർ.ആർ വർമ്മ, എ.രമ്യ തുടങ്ങിയവർ പങ്കെടുത്തു. അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായി ജി.എൻ സ്വാമി സംഗീത വിദ്യാലയം അവതരിപ്പിച്ച ശാസ്ത്രീയ സംഗീത സമർപ്പണവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.