ആരോഗ്യ അവബോധത്തിലേക്ക് ജനതയെ നയിക്കുകയാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ- വീണ ജോർജ്
text_fieldsകൊച്ചി: ആരോഗ്യ അവബോധത്തിലേക്ക് ജനതയെ നയിക്കുന്ന ഇടമാണ് ജനകീയ ആരോഗ്യ കേന്ദ്രങ്ങളെന്ന് മന്ത്രി വീണ ജോർജ്. സംസ്ഥാന സർക്കാരിൻറെ 100 ദിന കർമ പരിപാടിയുടെ ഭാഗമായി മാലിപ്പുറത്ത് വൈപ്പിന്‍ മണ്ഡലത്തിൽ ആരോഗ്യ മേഖലയിലെ നാല് പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ആരോഗ്യരംഗത്തെ രണ്ടാം കേരള മോഡലിൽ ജീവിത ശൈലി രോഗങ്ങളെ ചെറുക്കുന്നതിനാണ് മുൻഗണന. നേരത്തേയുണ്ടായിരുന്ന സബ് സെൻററുകൾ ഇപ്പോൾ ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. ഇവിടെ വിവിധ പരിശോധനകൾ നടത്താനും വ്യായാമം ചെയ്യാനും സൗകര്യമുണ്ട്. ആരോഗ്യ ബോധവത്കരണത്തിനും ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ പ്രയോജനപ്പെടുത്താം.
പതിറ്റാണ്ടുകളുടെ പ്രവർത്തനഫലമായി രാജ്യത്ത് ഏറ്റവും മികച്ചതായിരിക്കുകയാണ് കേരളത്തിലെ ആരോഗ്യ രംഗം. 2030 ഓടെ നവജാത ശിശു മരണ നിരക്ക് ആയിരത്തിൽ ആറായിരിക്കണമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ നിർദേശം. എന്നാൽ ഇത് കേരളത്തിൽ 2021 ൽ തന്നെ കൈവരിക്കാൻ കഴിഞ്ഞു. കൂട്ടായ പ്രവർത്തനത്തിൻ്റെ ഫലമാണിത്. മലപ്പുറത്ത് യുവാവ് മരിച്ചത് നിപ്പ മൂലമാണെന്ന് കണ്ടെത്തിയത് അസാധാരണമായ പ്രവർത്തനങ്ങളിലൂടെയായിരുന്നു.
കേരളത്തിലെ ആരോഗ്യ മേഖലയിലെ മികവിൻറെ കരുത്ത് ആരോഗ്യ പ്രവർത്തകരാണ്. കൊച്ചി പോലുള്ള മെട്രോ നഗരം പകർച്ചവ്യാധി വ്യാപനം പോലുള്ള വലിയ വെല്ലുവിളികൾ നേരിടുന്നു. പൊതുജനാരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്തി ഈ വെല്ലുവിളികളെ നേരിടാനാണ് സർക്കാർ ശ്രമിക്കുന്നത്. ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനാണ് നവകേരള കർമ്മ പദ്ധതിയിലൂടെ ശ്രമിച്ചത്. എറണാകുളം ജനറൽ ആശുപത്രി രാജ്യത്തിൻ്റെ ചരിത്രത്തിൽ അഭിമാനകരമായ പ്രവർത്തനമാണ് കാഴ്ച വെക്കുന്നത്.
രാജ്യത്ത് ആദ്യമായി ഒരു ജനറൽ ആശുപത്രിയിൽ കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയ നടക്കുന്നത് എറണാകുളം ജനറൽ ആശുപത്രിയിലാണ്. ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയയും ഇവിടെ നടക്കുന്നു. ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ എറണാകുളം ജനറൽ ആശുപത്രിയിൽ നടത്തുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. കൊച്ചി കാൻസർ സെൻററിൻറെ കെട്ടിട നിർമ്മാണം പൂർത്തിയായി. 384 കോടി രൂപയാണ് കിഫ്ബി വഴി അനുവദിച്ചത്.
ഏതാനും മാസങ്ങൾക്കകം കൊച്ചി കാൻസർ സെൻറർ പൂർണ സജ്ജമാകും. വ്യവസായ നഗരമെന്ന നിലയിൽ ഏത് തരത്തിലുള്ള അടിയന്തര സാഹചര്യവും നേരിടാനായി കളമശേരിയിൽ ക്രിട്ടിക്കൽ കെയർ സെൻറർ ആരംഭിക്കും. ഇതിനായി പ്രത്യേകം തുക അനുവദിക്കും. കാൻസറിന് റോബോട്ടിക് ചികിത്സ സംസ്ഥാനത്തുണ്ട്. മലബാർ കാൻസർ സെൻററിൽ 250 ലധികം മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയകൾ നടന്നു.
കണ്ണിന് കാൻസർ ബാധിച്ചാൽ കണ്ണ് എടുത്തു കളയാതെ ആ ഭാഗത്ത് മാത്രം റേഡിയേഷൻ നടത്തുന്ന ചികിത്സയുള്ള രാജ്യത്തെ നാല് ആശുപത്രികളിൽ ഒന്ന് മലബാർ കാൻസർ സെൻററാണ്. കാൻസറിനെ പ്രതിരോധിക്കാൻ ജീവിത ശൈലി രോഗങ്ങളെ അകറ്റി നിർത്തണം. വ്യായാമം, ഭക്ഷണം, മാനസികാരോഗ്യം എന്നിവ മികച്ച ഗുണനിലവാരമുള്ള ജീവിതത്തിന് ആവശ്യമാണ്.
മാലിപ്പുറം ജനകീയാരോഗ്യ കേന്ദ്രത്തിനായി 67 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മിച്ച പുതിയ കെട്ടിടമാണ് ഉദ്ഘാടനം ചെയ്തത്. മുനമ്പം കുടുംബാരോഗ്യ കേന്ദ്രത്തെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമാക്കല്‍ (35 ലക്ഷം), നായരമ്പലം കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രളയ പുന:നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ (53.60 ലക്ഷം), പുതുവൈപ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തല്‍ (15.50 ലക്ഷം) എന്നീ പദ്ധതികള്‍ ഓണ്‍ലൈനായും മന്ത്രി ഉദ്ഘാടനം ചെയ്തു.
കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സരിത സനിൽ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ്, എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ്, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന, ജില്ലാ മെഡിക്കൽ ഓഫീസർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.