ഫോൺ കെണി: എ.കെ ശശീന്ദ്രനെതിരെ മാധ്യമപ്രവർത്തക പരാതി നൽകി
text_fieldsതിരുവനന്തപുരം: ഫോൺ കെണി വിവാദത്തിൽ ഉൾപ്പെട്ട മുൻ മന്ത്രി എ.കെ ശശീന്ദ്രനെതിരെ മാധ്യമപ്രവർത്തക പരാതി നൽകി. മംഗളം ചാനലിലെ ജീവനക്കാരിയും മന്ത്രിയുമായി ടെലിഫോണിൽ സംസാരിച്ചെന്ന് പറയപ്പെടുന്നതുമായ മാധ്യമപ്രവർത്തകയാണ് തിരുവനന്തപുരം സി.ജെ.എം കോടതിയിൽ പരാതി നൽകിയത്. മന്ത്രി തന്നെ നിരന്തരം വിളിക്കുകയും ശല്യം ചെയ്യുകയും അശ്ലീല സംഭാഷണം നടത്തുകയും ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ മാധ്യമപ്രവർത്തകയുടെ മൊഴി കോടതി രേഖപ്പെടുത്തി.
ചോദ്യം ചെയ്യലിന് വേണ്ടി ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി മന്ത്രിയുമായി സംസാരിച്ചെന്ന് കരുതുന്ന വനിത മാധ്യമപ്രവർത്തകക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നെങ്കിലും അവർ ഹാജരായില്ല. മാധ്യമപ്രവർത്തക ശാരീരിക അസ്വാസ്ഥ്യങ്ങൾ കാരണം ചികിത്സയിലാണെന്നും ഇവർ പിന്നീട് ഹാജരാകുമെന്നും ചാനൽ മേധാവി ക്രൈംബ്രാഞ്ച് സംഘത്തെ കഴിഞ്ഞ ദിവസം അറിയിച്ചത്. ഇതിന് പിന്നാലെയാണ് മാധ്യമപ്രവർത്തക ശശീന്ദ്രനെതിരെ ഇന്ന് കോടതിയിൽ പരാതി നൽകിയത്.
ഫോൺ ചോർത്തൽ വിവാദത്തിൽ പൊലീസിൽ കീഴടങ്ങിയ ഒമ്പത്പേരിൽ അഞ്ചുപേരെ അറസ്റ്റ് ചെയ്തിരുന്നു. നാലുപേരെ ചോദ്യം ചെയ്ത് വിട്ടയച്ചു. ‘മംഗളം’ ടെലിവിഷൻ ചെയർമാൻ സാജൻ വർഗീസ്, ന്യൂസ് കോഓഡിനേറ്റിങ് എഡിറ്റർ ഋഷി കെ. മനോജ്, ന്യൂസ് എഡിറ്റർമാരായ ലക്ഷ്മി മോഹൻ, മഞ്ജിത് വർമ എന്നിവരെയാണ് ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചത്. ചൊവ്വാഴ്ച പൊലീസ് ആസ്ഥാനത്ത് ഹൈടെക് സെൽ ശേഖരിച്ച ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.
അതേസമയം, തൻെറ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും ലാപ് ടോപ്പും മോഷണം പോയെന്നുകാട്ടി അജിത്കുമാർ തിങ്കളാഴ്ച രാത്രി മ്യൂസിയം പൊലീസിൽ പരാതി നൽകിയിരുന്നു. വെള്ളയമ്പലം ശാസ്തമംഗലം റോഡിലെ റസ്റ്ററൻറിൽ ഭക്ഷണം കഴിക്കാൻ പോയപ്പോൾ കാർ ലോക്ക് ചെയ്യാൻ മറന്നെന്നും ഈ സമയം ആരോ കാറിലുണ്ടായിരുന്ന വസ്തുവകകൾ മോഷ്ടിെച്ചന്നുമാണ് പരാതി. കേസിൽ നിർണായകമായേക്കാവുന്ന ഡിജിറ്റൽ തെളിവുകൾ മോഷ്ടിക്കപ്പെട്ട ലാപ്ടോപ്പിലാണെന്ന് സ്ഥാപിക്കാനും തെളിവുകൾ നശിപ്പിക്കാനുമുള്ള നീക്കത്തിൻെറ ഭാഗമായി നൽകിയ വ്യാജ പരാതിയാണോയെന്ന് പൊലീസിന് സംശയമുണ്ട്.
കഴിഞ്ഞ ദിവസം കേസിലെ പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യ ഹരജി പരിഗണിക്കുന്നത് ഹൈകോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിയിരുന്നു. അറസ്റ്റ് തടയണമെന്ന ഇവരുടെ ആവശ്യം കോടതി അനുവദിക്കുകയും ചെയ്തില്ല. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്ത സാഹചര്യത്തിൽ അറസ്റ്റിന് സാധ്യതയുണ്ടെന്നും തടയണമെന്നും ആവശ്യപ്പെട്ടാണ് ഒമ്പത് പ്രതികൾ മുൻകൂർ ജാമ്യ ഹരജി നൽകിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.