കാക്കിയിടുന്നത് നിയമം തെറ്റിക്കാനുള്ള അധികാരമായി കാണരുത് –മുഖ്യമന്ത്രി
text_fieldsതൃശൂർ: കാക്കിയിടുന്നത് നിയമങ്ങള്‍ തെറ്റിക്കാനുള്ള അധികാരമായി പൊലീസ് ഉദ്യോഗസ്ഥര്‍ കരുതരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തൃശൂര്‍ രാമവർമപുരം പൊലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 381 ഡ്രൈവര്‍ പൊലീസ് സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പൊലീസുകാരുടെ ഭാഗത്തുനിന്ന് തെറ്റുണ്ടായാല്‍ അത് പൊലീസ് സേനയുടെ തെറ്റായി വിലയിരുത്തപ്പെടുകയും സേനക്ക് നാണക്കേടാവുകയും ചെയ്യും. സേനയുടെ യശസ്സ് ഉയര്‍ത്തുന്ന രീതിയിലായിരിക്കണം പ്രവൃത്തി. പൊലീസ് ഡ്രൈവര്‍മാരുടെ കുറവ് മൂലം നാളിതു വരെ അത്തരം ജോലികള്‍ പൊലീസുകാര്‍ ചെയ്യേണ്ട അവസ്ഥയായിരുന്നു. അതിനു മാറ്റം വരുത്താൻ ലക്ഷ്യമിട്ടാണ് 1160 പുതിയ തസ്തിക അനുവദിച്ചത്. 400 പേരെ നിയമിച്ചു. പ്രമുഖ വാഹനക്കമ്പനികളില്‍ പരീശിലനം ലഭ്യമാക്കാന്‍ സാധിച്ചത് നേട്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വരുണ്‍, വജ്ര, ഹെവി റിക്കവറി വാൻ, ക്രെയിന്‍ എന്നിവയിലടക്കം പരിശീലനം നേടിയ, ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് പുതിയ ബാച്ചിൽ പുറത്തിറങ്ങുന്നത്. ഒരാൾ ബി.ടെക് ബിരുദധാരിയാണ്. ബിരുദാനന്തര ബിരുദമുള്ള ഏഴുപേരുണ്ട്. മികച്ച ഷൂട്ടറായി തിരഞ്ഞെടുത്ത കെ.യു. അനീഷ്, മികച്ച ഓള്‍റൗണ്ടര്‍ കെ. ഹരി, മികച്ച ഔട്ട്ഡോര്‍ പി. സുരാജ്, ഇന്‍ഡോർ കെ. ജിനീഷ് എന്നിവര്‍ക്ക് മുഖ്യമന്ത്രി അവര്‍ഡ് നല്കി. ഡി.ജി.പി -ലോക്നാഥ് ബെഹ്റ, എ.ഡി.ജി.പി- ബി. സന്ധ്യ, മേയര്‍ അജിത ജയരാജന്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.