ബി.ജെ.പിക്ക് വളരാവുന്ന മണ്ണല്ല കേരളത്തിൽ, കോൺഗ്രസും ബി.ജെ.പിയും ഭായി ഭായി -മുഖ്യമന്ത്രി
text_fieldsകണ്ണൂർ: ബി.ജെ.പിക്ക് വളരാവുന്ന മണ്ണല്ല കേരളത്തിേലതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിനെ വർഗീയമായി ചേരിതിരിക്കാനും മതാന്ധതയിലേക്ക് നയിക്കാനും ആർ.എസ്.എസ് നടത്തുന്ന നീക്കം വിജയിക്കില്ല. മറ്റു സംസ്ഥാനങ്ങളിലെപ്പോലെ കേരളത്തെ ബി.ജെ.പിക്ക് കാഴ്ചവെക്കാനുള്ള കോൺഗ്രസിന്‍റെ ശ്രമം നടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പിയും കോൺഗ്രസും നടത്തുന്ന ഭായി ഭായി കളിക്ക് കേരള ജനത കനത്ത തിരിച്ചടി നൽകും. കോൺഗ്രസും ബി.ജെ.പിയും ഇരട്ട സഹോദരങ്ങളെപ്പോലെയാണെന്നും സംസ്ഥാന സർക്കാറിനെ ആക്രമിക്കാൻ കേന്ദ്ര ഏജൻസികൾക്ക് അകമ്പടി സേവിക്കുന്നത് യു.ഡി.എഫാണെന്നും മുഖ്യമന്ത്രി കൂട്ടിേച്ചർത്തു.
സംസ്ഥാനത്ത് ഒരു സീറ്റിൽ പോലും ജയിക്കുമെന്ന് ഉറപ്പില്ലാത്ത പാർട്ടിയാണ് ബി.ജെ.പി. പ്രധാനമന്ത്രി അടക്കമുള്ളവർ കേരളത്തെക്കുറിച്ച് വ്യാജപ്രചാരണം നടത്തുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേരളത്തെ സോമാലിയയോട് ഉപമിച്ചു. കേരളത്തെ ഇത്തരത്തിൽ ഇകഴ്ത്തി കാണിക്കാനാണ് അവർക്ക് താൽപര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.
2016ൽ യു.ഡി.എഫിന്‍റെ സഹായത്താൽ നേമത്ത് തുറന്ന അക്കൗണ്ട് എൽ.ഡി.എഫ് ക്ലോസ് ചെയ്യും. കഴിഞ്ഞ തവണ നേടിയ വോട്ട് പോലും ബി.ജെ.പിക്ക് കിട്ടില്ല. കേരളത്തിന്‍റെ വളർച്ചയിലും അതിജീവനത്തിലും കഴിഞ്ഞ അഞ്ചുവർഷം ഓരോ ഘട്ടത്തിലും കേന്ദ്രം തുരങ്കംവെക്കാൻ ശ്രമിച്ചുവെന്നും പിണറായി പറഞ്ഞു.
പ്രധാനമന്ത്രി നേരത്തേ കേരളത്തിലെത്തിയപ്പോൾ ചിലെതല്ലാം നടപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. അന്ന് പറഞ്ഞതൊന്നും നടപ്പാക്കാൻ കഴിയാത്തതിനാലാകും ശരണം വിളിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് യോഗത്തിൽ ശരണം വിളിച്ചതിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.