കാർഷിക രംഗത്തെ സംരംഭകത്വ മേഖലയാക്കി -മുഖ്യമന്ത്രി
text_fieldsതൃശൂർ: ഭയം കൂടാതെ കടന്നു ചെല്ലാവുന്ന സംരംഭകത്വ മേഖലയായി കാർഷിക രംഗത്തെ സർക്കാർ മാറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ച് വർഷത്തിനിടെ വിവിധ പദ്ധതികളിലൂടെ കാർഷികോൽപാദനം വർധിപ്പിച്ച് കർഷകരുടെ ജീവിത നിലവാരം ഉയർത്താൻ സർക്കാരിന് സാധിച്ചു. നെൽവയലുകളുടെ വിസ്തൃതിയും വർധിപ്പിക്കാനായി. കർഷകർക്ക് താങ്ങായി നെല്ലിന് വില വർധിപ്പിച്ചു. വർഷങ്ങളായി കൃഷിയിറക്കാതെ കിടന്നിരുന്ന തരിശുഭൂമിയിൽ കൃഷിയിറക്കി കർഷകരിൽ കാർഷിക തൽപ്പരത വർധിപ്പിക്കാനും യുവാക്കളെ കാർഷിക മേഖലയിലേക്ക് ആകർഷിക്കാനും സർക്കാറിന് സാധിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി.
298 കോടി രൂപയുടെ തൃശൂർ - പൊന്നാനി കോൾ സമഗ്ര വികസന പദ്ധതിയുടെയും 123 കോടി രൂപയുടെ നബാർഡ് സഹായത്തോടെയുള്ള ഒന്നാംഘട്ട പ്രവൃത്തി പൂർത്തീകരണത്തിന്‍റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കോൾപാടങ്ങളെ സംരക്ഷിക്കുന്നതോടൊപ്പം കോൾ പാടങ്ങളിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും സർക്കാർ ശ്രമമുണ്ടാകും. കോൾപാടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിതോടൊപ്പം ഇതുമായി ബന്ധപ്പെട്ട് നിൽക്കുന്നവരെ ഉൾപ്പെടുത്തി ശ്രദ്ധേയമായ മാറ്റങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
രാജ്യത്ത് കർഷകർ നിലനിൽപ്പിന് വേണ്ടിയുള്ള പോരാട്ടത്തിലാണ്. കേരളം കർഷകർക്കൊപ്പം നിൽക്കുന്നത് ഇവിടെ കൃഷിയെ ഒരു സംസ്കാരമാക്കി വളർത്തിയത് കൊണ്ടാണ്. കർഷകരെ സംരക്ഷിക്കുന്ന ഒരു നയം സംസ്ഥാനത്ത് ഉള്ളതിനാൽ ഇവിടെ കർഷകർക്ക് വെല്ലുവിളികളെ നേരിടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കാർഷിക രംഗത്തെ യന്ത്രവത്ക്കരണം ജനകീയമാക്കും. കർഷകർക്ക് വിവിധ പദ്ധതികൾ സർക്കാർ അനുഭവവേദ്യമാക്കും. ഇതോടൊപ്പം കർഷകർക്ക് കാർഷിക വിപണി ഉറപ്പു വരുത്തി പ്രാദേശിക വിപണി പ്രോത്സാപ്പിക്കും. ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താനും ഇതിലൂടെ സാധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കർഷകർക്ക് ഏറെ പ്രയോജനപ്രദമായ പദ്ധതിയാണ് സർക്കാർ ആവിഷ്കരിച്ചിട്ടുള്ളതെന്നും ഇനിയും ഇത്തരം മാതൃകാപ്രവർത്തനങ്ങൾ നടപ്പാക്കാൻ സർക്കാർ തലത്തിൽ ശ്രമമുണ്ടാകുമെന്നും മുഖ്യാതിഥിയായി പങ്കെടുത്ത സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. ജനകീയ പങ്കാളിത്തത്തോടെ കൃഷിവകുപ്പിനെ മികവുറ്റതാക്കിയെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കൃഷി വകുപ്പു മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.