സി.പി.എം അനുകൂല ട്രസ്റ്റ് സംഘടിപ്പിക്കുന്ന പരിപാടിയിൽ നിന്നും പി.കെ കുഞ്ഞാലിക്കുട്ടി പിന്മാറി
text_fieldsമലപ്പുറം: സി.പി.എം അനുകൂല ട്രസ്റ്റ് സംഘടിപ്പിക്കുന്ന പരിപാടിയിൽ നിന്നും മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പിന്മാറി. പാർട്ടിയിൽ നിന്നും മുന്നണിയിൽ നിന്നും വലിയ എതിർപ്പുയർന്ന സാഹചര്യത്തിലാണ് പിന്മാറ്റം. ഇന്ന് രാവിലെ പത്തിന് കണ്ണൂർ ചേംബർ ഹാളിൽ നടക്കുന്ന എം.വി.ആർ അനുസ്മരണ ചടങ്ങിനോട് അനുബന്ധിച്ച് നടക്കുന്ന സെമിനാറിൽനിന്നാണ് പി.കെ.കുഞ്ഞാലിക്കുട്ടി വിട്ടുനിൽക്കുന്ന വിവരം സംഘാടകരെ അറിയിച്ചത്.
സി.പി.എം നേതാക്കൾ നടത്തുന്ന പരിപാടിയിൽ യു.ഡി.എഫിലെ പ്രമുഖ ഘടകകക്ഷി നേതാവിന്റെ സാന്നിധ്യം അംഗീകരിക്കാനാവില്ലെന്നാണ് സി.എം.പിയുടെ നിലപാട്. സംസ്ഥാന ഭാരവാഹികൾ ഇക്കാര്യം യു.ഡി.എഫ് നേതൃത്വത്തെ ധരിപ്പിക്കുകയും ചെയ്തു. കണ്ണൂരിൽ ഇന്ന് സി.എം.പിയുടെ എം.വി.ആർ അനുസ്മരണ പരിപാടി വേറെ നടക്കുന്നുമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് അവസാന നിമിഷം പരിപാടിയിൽനിന്ന് വിട്ടുനിൽക്കാൻ അദ്ദേഹം തീരുമാനിച്ചത്.
എം.വി.ആർ അനുസ്മരണം കഴിഞ്ഞ കുറേ കാലമായി സി.എം.പിയിലെ രണ്ട് വിഭാഗങ്ങൾ വെവ്വേറ പരിപാടിയായാണ് നടത്താറുള്ളത്. ഇതിൽ അരവിന്ദാക്ഷൻ വിഭാഗം പിന്നീട് സി.പി.എമ്മിൽ ലയിക്കുകയും ചെയ്തിരുന്നു. ഇവരുടെ നേതൃത്വത്തിലാണ് ഈ ട്രസ്റ്റ് പ്രവർത്തിക്കുന്നത്. എം.വി നികേഷ് കുമാർ അടക്കമുള്ളവർ ഇതിൽ അംഗങ്ങളാണ്.
'കേരള നിർമിതിയിൽ സഹകരണമേഖലയുടെ പങ്ക്' എന്ന സെമിനാറിൽ മുഖ്യപ്രഭാഷകനായാണ് കുഞ്ഞാലിക്കുട്ടിയെ ക്ഷണിച്ചിരുന്നത്. ഇന്നലെ മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴും പങ്കെടുക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരുന്നത്. എന്നാൽ ജില്ലാ ലീഗ് നേതൃത്വവും യു.ഡി.എഫിനൊപ്പമുള്ള സി.പി ജോൺ വിഭാഗവും കുഞ്ഞാലിക്കുട്ടിയെ എതിർപ്പറയിച്ചതോടെയാണ് അദ്ദേഹം പരിപാടിയിൽനിന്ന് പിന്മാറിയത്.
എം.വി.ആറിന്റെ മകൻ നികേഷ് കുമാറാണ് തന്നെ ക്ഷണിച്ചതെന്നും എം.വി.ആറുമായുള്ള അടുപ്പംകൊണ്ടാണ് പങ്കെടുക്കാമെന്ന് സമ്മതിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.