പി.കെ. ശശി: എന്നും വിവാദങ്ങളുടെ സഹയാത്രികൻ
text_fieldsപാലക്കാട്: സി.പി.എമ്മിൽ വിഭാഗീയത കത്തിയാളിയ നാളുകളിൽ, വി.എസ് വിഭാഗത്തിെൻറ കോട്ടയായിരുന്ന പാലക്കാട് ജില്ല കമ്മിറ്റിയെ ഔദ്യോഗിക വിഭാഗത്തിെൻറ കൈയിലെത്തിക്കാൻ പ്രയത്നിച്ച നേതാക്കളിൽ പ്രമുഖനാണ് പി.കെ. ശശി എം.എൽ.എ. കാർക്കശ്യം നിറഞ്ഞ പെരുമാറ്റം പലപ്പോഴും വിവാദങ്ങൾ വിളിച്ചുവരുത്തി. അടിയന്തരാവസ്ഥക്കാലത്ത് രക്തസാക്ഷി മുഹമ്മദ് മുസ്തഫയുടെ സഹപാഠിയായി മണ്ണാർക്കാട് കല്ലടി എം.ഇ.എസ് കോളജിൽ സംഘടന പ്രവർത്തനം ആരംഭിച്ച ശശി രാഷ്ട്രീയത്തിലെ പടവുകൾ ഓരോന്നായി കയറുമ്പോഴും വിവാദങ്ങൾ പിന്നാലെയുണ്ടായിരുന്നു. പലതും പാർട്ടിയെ പ്രതിരോധത്തിലാക്കി.
2016ലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തോടനുബന്ധിച്ച് എഴുവന്തലയിൽ നടന്ന സംഘർഷത്തിൽ ബ്രാഞ്ച് സെക്രട്ടറിയുടെ വീട് സന്ദർശിച്ച ശേഷം പൊലീസിനോട് ക്ഷുഭിതനായത് വിവാദങ്ങൾക്ക് കാരണമായിരുന്നു. നാടൻ ഭാഷാപ്രയോഗമാണ് നടത്തിയതെന്ന് പറഞ്ഞാണ് അന്ന് രക്ഷപ്പെട്ടത്.
സർക്കാർ പരിപാടികൾക്ക് നിലവിളക്ക് കൊളുത്തേണ്ടതില്ലെന്ന മന്ത്രി ജി. സുധാകരെൻറ പ്രസ്താവനക്ക് മറുപടി പറഞ്ഞും ശശി വിവാദത്തിൽ കുടങ്ങി.‘‘ഏത് തമ്പുരാൻ പറഞ്ഞാലും വിളക്ക് കൊളുത്തുമെന്നും മനസ്സിൽ ഇരുട്ടുള്ളവരാണ് വെളിച്ചത്തെ ഭയപ്പെടുന്നതെന്നുമായിരുന്നു പ്രസ്താവന’’. ജില്ലയിലെ മുന്നണി സംവിധാനത്തെ പ്രതിസന്ധിയിലാക്കുന്നതായിരുന്നു സി.പി.െഎ ജില്ല സെക്രട്ടറി കെ.പി. സുരേഷ് രാജും പി.കെ. ശശിയും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങൾ.
ഷൊർണൂർ മണ്ഡലത്തിൽ സ്ഥാനാർഥിയായി എത്തിയതും പാർട്ടിക്കകത്ത് ഒച്ചപ്പാടുകൾക്ക് കാരണമായി. ഷൊർണൂരെന്ന ഉറച്ച മണ്ഡലത്തിനായി ഔദ്യോഗിക വിഭാഗത്തിലെ തന്നെ പി.കെ. സുധാകരനുമായുള്ള തർക്കമാണ് ചർച്ചയായത്. ജില്ല സെക്രട്ടേറിയറ്റ് രൂപവത്കരിച്ചപ്പോൾ പി.കെ. സുധാകരന് സ്ഥാനം നഷ്ടമായതും ഇതിെൻറ ബാക്കിയായിരുന്നു. എന്നാൽ, പാർട്ടി അച്ചടക്കമെന്ന വാൾ ഒരിക്കൽ മാത്രമാണ് നേരിടേണ്ടി വന്നത്. 1991-92 കാലത്താണ് നടപടിക്ക് വിധേയനായത്. മണ്ണാർക്കാട്ടെ പ്രാദേശിക വിഭാഗീയ പ്രവർത്തനത്തിെൻറ പേരിൽ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറി നിൽക്കേണ്ടിവന്നു. 2002വരെ മണ്ണാർക്കാട് ഏരിയ സെക്രട്ടറി സ്ഥാനത്ത് തുടർന്ന ഇദ്ദേഹം തുടർന്ന് ജില്ല സെക്രട്ടേറിയറ്റിലുമെത്തി.
എം.എൽ.എക്കെതിരായ പരാതി പൊലീസിന് കൈമാറണം -വി. മുരളീധരന് എം.പി
കോഴിക്കോട്: ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ. ശശിക്കെതിരായ ലൈംഗികാരോപണ പരാതി പൊലീസിന് സി.പി.എം കൈമാറുകയാണ് വേണ്ടതെന്ന് വി. മുരളീധരന് എം.പി പറഞ്ഞു. കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മില്‍ കേസ് ഒതുക്കിത്തീര്‍ക്കാനുള്ള തീവ്രശ്രമമാണ് നടക്കുന്നത്. പൊലീസിൽ പരാതി നൽകാൻ യുവതി തയാറാകാതിരുന്നതിനു കാരണം അതാണ്. തങ്ങള്‍ക്ക് ലഭിച്ച പരാതി കേന്ദ്ര നേതൃത്വം ഡി.ജി.പിക്ക് കൈമാറി നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടുകയാണ് വേണ്ടത്. സി.പി.എമ്മിലെ ഗ്രൂപ് വഴക്കിെൻറ ഭാഗമായാണ് പരാതിയെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം ശരിയല്ലെന്നും ഇതു കുറ്റവാളികളെ രക്ഷിക്കുന്നതിനു വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
എം.എൽ.എക്കെതിരെ ഡി.ജി.പിക്ക് യുവമോർച്ചയുടെ പരാതി
തിരുവനന്തപുരം: പാർട്ടി പ്രവർത്തകയെ പീഡിപ്പിെച്ചന്ന പരാതിയിൽ ഷൊർണൂർ എം.എൽ.എ പി.കെ. ശശിക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് ഡി.ജി.പിക്ക് യുവമോർച്ചയുടെ പരാതി. എം.എൽ.എക്കെതിരെ സ്ത്രീപീഡന നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്ന് സംസ്ഥാന ജന.സെക്രട്ടറി അഡ്വ. ആർ.എസ്. രാജീവ് ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.