മലപ്പുറത്ത് ഫ്രറ്റേണിറ്റി മാർച്ചിന് നേരെ ലാത്തിച്ചാർജ്; നിരവധി പേർക്ക് പരിക്ക്
text_fieldsമലപ്പുറം: ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിട്ടും വിദ്യാർഥികൾക്ക് പാഠപുസ്തകം ലഭ്യമാക്കാത്തതിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻറ് മലപ്പുറം ജില്ല കമ്മിറ്റി ഡി.ഡി.ഇ ഓഫിസിലേക്ക് നടത്തിയ മാർച്ചിന് നേരെ പൊലീസ് ലാത്തിച്ചാർജ്. നിരവധി പേർക്ക് പരിക്കേറ്റു.
സാരമായി പരിക്കേറ്റ ജില്ല കമ്മിറ്റിയംഗം അഖീൽ നാസിം, ആദിൽ ജാവേദ് കൂട്ടിലങ്ങാടി, നസീബ് മങ്കട എന്നിവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ മറ്റു വിദ്യാർത്ഥികളെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ജംഷീൽ അബൂബക്കർ, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി ഫയാസ് ഹബീബ്, ജില്ല സെക്രട്ടേറിയറ്റ് അംഗം അജ്മൽ തോട്ടോളി എന്നിവരടക്കം 16 പേരെ അറസ്റ്റ് ചെയ്തു.
മാർച്ചിന് നേരെ പ്രകോപനമില്ലാതെയാണ് പൊലീസ് അതിക്രമമഴിച്ചു വിട്ടതെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് ഭാരവാഹികൾ ആരോപിച്ചു. കോവിഡ് പ്രോട്ടോകോൾ ഉള്ളതിനാൽ കുറച്ച് വിദ്യാർഥികളാണ് സമരത്തിനുണ്ടായിരുന്നത്. മുൻകൂട്ടി പ്ലാൻ ചെയ്തവിധം വളഞ്ഞിട്ട് ദീർഘനേരം ലാത്തികൊണ്ടടിക്കുകയായിരുന്നുവെന്ന് ഇവർ പറഞ്ഞു. തീർത്തും സമാധാനപരമായാണ് മാർച്ച് നടന്നതെന്നും ബാരിക്കേഡ് പോലും സമരക്കാർ സ്പർശിക്കും മുമ്പേ ലാത്തി വീശിയതായും പ്രസ്താവനയിൽ പറഞ്ഞു.
പാഠപുസ്തകങ്ങൾ ലഭ്യമാക്കാത്ത സർക്കാർ, പൊതു വിദ്യാഭ്യാസ വകുപ്പ് അനാസ്ഥയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായാണ് ഡി ഡി ഇ, എ ഇ ഒ ഓഫിസുകളിലേക്ക് മാർച്ച് നടത്തിയത്. പാഠപുസ്തക അച്ചടിയും വിതരണവും കാലതാമസമില്ലാതെ പൂർത്തീകരിക്കുമെന്ന സർക്കാർ പ്രഖ്യാപനം ഇനിയും പാലിക്കപ്പെട്ടിട്ടില്ലെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി. എല്ലാ വിദ്യാർഥികൾക്കും പാഠപുസ്തകം ലഭിക്കുന്നതു വരെ ഫ്രറ്റേണിറ്റി മൂവ്മെൻറ് സമര രംഗത്തുണ്ടാകുമെന്ന് പ്രതിഷേധക്കാർ പറഞ്ഞു. വിവിധയിടങ്ങളിൽ സംസ്ഥാന-ജില്ലാ നേതാക്കൾ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
ജനാധിപത്യ പ്രതിഷേധങ്ങളെ പൊലീസ് കടന്നാക്രമിക്കുന്നു -ഷംസീർ ഇബ്റാഹിം
മലപ്പുറം: ജനാധിപത്യ പ്രതിഷേധങ്ങളെ പൊലീസ് കടന്നാക്രമിക്കുകയാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന പ്രസിഡൻറ് ഷംസീർ ഇബ്റാഹിം. പാഠപുസ്തകം ലഭ്യമാക്കാത്തതിൽ പ്രതിഷേധിച്ച് മലപ്പുറം ഡി.ഡി.ഇ ഓഫിസ് മാർച്ചിന് നേരെ പൊലീസ് നടത്തിയ അതിക്രമം ആസൂത്രിതമാണ്.
പ്രവർത്തകർ പോലീസിനെ ആക്രമിക്കുകയോ ബാരിക്കേഡിൽ തൊടുകയോ പോലുമുണ്ടായിട്ടില്ല. ഒരു പ്രതിഷേധത്തെ തടയുകയോ നേരിടുകയോ ചെയ്യേണ്ട സാമാന്യ രീതിയോ ക്രമസമാധാന പാലകർ എന്ന നിലയിൽ കാണിക്കേണ്ട പ്രാഥമിക മര്യാദകളോ കാണിക്കാതെയാണ് പൊലീസ് പെരുമാറിയതെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിനെതിരായ സമരങ്ങളെ ഇങ്ങനെ നേരിടണമെന്ന് പൊലീസിന് നിർദേശം കിട്ടിയിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. പൊലീസ് ഭീകരതയെ വെറുതെ വിടാൻ തീരുമാനിച്ചിട്ടില്ലെന്നും നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും ഷംസീർ ഇബ്റാഹിം പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.