പ്രാണവായു: മലപ്പുറത്ത് മാത്രം കണ്ടുവരുന്ന പ്രത്യേകതരം പിഴിഞ്ഞെടുക്കല്‍ അനുവദിക്കാനാവില്ല -മുസ്ലിം ലീഗ്
text_fieldsമലപ്പുറം: പ്രാണവായു പദ്ധതിക്ക് വേണ്ടി ജനകീയ ധനസമാഹരണം നടത്തുന്നതിനെതിരെ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. 'മലപ്പുറത്ത് മാത്രം കണ്ടുവരുന്ന ഈ പ്രത്യേകതരം പിഴിഞ്ഞെടുക്കല്‍ സോറി പിരിവെടുക്കല്‍ അനുവദിക്കാനാവില്ല. ഞങ്ങളടക്കുന്ന നികുതിയും ഖജനാവിലേക്ക് തന്നെയാണ്. ദാനശീലം ഒരു ബലഹീനതയായി കാണരുത്' -പി.എം.എ സലാം ഫേസ്ബുക്കിൽ കുറിച്ചു.
സർക്കാർ ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കാനാണെന്ന പേരിലാണ് മലപ്പുറം കലക്ടർ കെ. ഗോപാലകൃഷ്ണൻ പ്രാണവായു പദ്ധതി പ്രഖ്യാപിച്ചത്. ജനങ്ങളിൽനിന്ന് പണം സമാഹരിച്ച് ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതാണ് പദ്ധതി. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.ആദ്യഘട്ടത്തില്‍ 20 കോടി രൂപ വില വരുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ ആശുപത്രികളില്‍ ലഭ്യമാക്കാൻ പൊതുജനങ്ങളിൽ നിന്ന് പണം സമാഹരിക്കുമെന്നാണ് കലക്ടർ അറിയിച്ചത്.
മലപ്പുറത്ത് മാത്രമാണ് പൊതുസൗകര്യങ്ങൾ വർധിപ്പിക്കാൻ ജനങ്ങളിൽനിന്ന് പണം സമാഹരിക്കുന്നതെന്നും മറ്റു ജില്ലകളിലെല്ലാം സർക്കാർ പണം ഉപയോഗിച്ചാണ് സൗകര്യങ്ങൾ ഒരുക്കുന്നതെന്നും പലരും ചൂണ്ടിക്കാട്ടിയിരുന്നു. ഓക്സിജന്‍ ജനറേറ്ററുകള്‍, ക്രയോജനിക്ക് ഓക്സിജന്‍ ടാങ്ക്, ഐ.സി.യു ബെഡുകള്‍, ഓക്സിജന്‍ കോണ്‍സന്‍റെറേറ്റര്‍, ആര്‍.ടി.പി.സി.ആര്‍ മെഷീന്‍സ്, മള്‍ട്ടി പാരാമീറ്റര്‍ മോണിറ്റര്‍, ഡി ടൈപ്പ് ഓക്സിജന്‍ സിലണ്ടറുകള്‍, സെന്‍റര്‍ ഓക്സിജന്‍ പൈപ്പ് ലൈന്‍, ബയോസേഫ്റ്റി കാബിനറ്റ്, ക്രയോജനിക്ക് ടാങ്ക് ട്രാന്‍സ്പോര്‍ട്ടിങ് വാഹനം എന്നിവയാണ് പദ്ധതിയിൽ ഒരുക്കുന്ന ഉപകരണങ്ങള്‍.
പൊതുജനങ്ങള്‍, സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍, വിവിധ ട്രേഡ് യൂനിയനുകള്‍, സന്നദ്ധ സംഘടനകള്‍, ചാരിറ്റി സംഘടനകള്‍, വിദേശ രാജ്യങ്ങളിലെ ചാരിറ്റി സംഘടനകള്‍ തുടങ്ങിയവരുടെ പങ്കാളിത്തം ഇതിനായി ഉറപ്പാക്കുമെന്ന് കലക്ടർ പറഞ്ഞിരുന്നു. പ്രാണവായു പദ്ധതിയിലേക്ക് പണം കൈമാറാനുള്ള അക്കൗണ്ട് വിശദാംശങ്ങളും കലക്ടർ ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടിരുന്നു. എന്നാൽ, ജില്ലാ ആശുപത്രിക്കും മെഡിക്കൽ കോളജിനുമെല്ലാം ജനങ്ങളിൽനിന്ന് പിരിവെടുത്തത് ഒാർമിപ്പിച്ച പലരും കലക്ടറും ജനപ്രതിനിധികളും പിരിവുകാരല്ലെന്നും സർക്കാർ ഫണ്ടുപയോഗിച്ചാണ് വികസനം നടപ്പാക്കേണ്ടതെന്നും പൊതുജനം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.