പ്രിയ എസ്റ്റേറ്റ് : റവന്യൂവിന്റെ നീക്കത്തെ അട്ടിമറിക്കാൻ വനം വകുപ്പ്
text_fieldsതിരുവനന്തപുരം: പ്രിയ എസ്റ്റേറ്റ് ഭൂമിക്ക് മേൽ സർക്കാരിൻറെ ഉടമസ്ഥത സ്ഥാപിക്കാനുള്ള റവന്യൂ വകുപ്പിന്റെ നീക്കത്തെ അട്ടിമറിക്കാൻ വനം വകുപ്പ്. വിദേശ കമ്പനിക്ക് പാട്ടത്തിന് നൽകിയ കൊല്ലം, തെന്മല, അച്ചൻകോവിൽ പ്രിയ എസ്റ്റേറ്റ് ഭൂമി തിരിച്ചുപിടിക്കാനുള്ള റവന്യൂ വകുപ്പിന്റെ നടപടികളെ മറികടന്ന് വനം വകുപ്പ് ഉത്തരവിറക്കിയെന്ന് ആക്ഷേപം. കോടതിയിൽ വനം വകുപ്പ് അപ്പീൽ നൽകിയതിനാൽ തോട്ടം പ്രവർത്തനങ്ങൾ സ്തംഭിപ്പിച്ചുവെന്നും തോട്ടം പുനഃരാരംഭിക്കുന്നതിനുള്ള ഇടപെടലുകൾ ഉണ്ടാകണമെന്നും ആവശ്യപ്പെട്ട് എസ്റ്റേറ്റ് ഡയറക്ടർ ഡോ. കെ.ജി സുരേഷ് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവിറക്കിയത്.
2003-ലെ വനം (പരിസ്ഥിതിശാസ്ത്രപരമായി ദുർബലമായ ഭൂപ്രദേശങ്ങളുടെ നിക്ഷിപത്മാക്കലും കാര്യകർതൃത്വം നടത്തിപ്പും) നിയമത്തിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് പ്രിയ എസ്റ്റേറ്റിന്റെ 300 ഏക്കർ സ്ഥലം വനം വകുപ്പ് ഇഎഫ്.എൽ ആയി പ്രഖ്യാപിച്ചത്. ഡോ. സുരേഷ് ഇ.എഫ്.എൽ ആയി പ്രഖ്യാപിച്ച തീരുമാനത്തിനെതിരെ കൊല്ലം ഇ.എഫ്.എൽ ട്രൈബ്യൂണലിൽ കേസ് ഫയൽ ചെയ്തിരുന്നു. ട്രൈബ്യൂണൽ 2018 മാർച്ച് 20 ന് ഡോ. സുരേഷിന് അനുകൂലമായി വിധിയുണ്ടായി. ട്രൈബ്യൂണൽ വിധിക്കെതിരെ വനംവകുപ്പ് അപ്പീൽ നൽകിയിരുന്നു.
വംനവുപ്പിന്റെ പുതിയ ഉത്തരവ് പ്രകാരം പ്രിയ എസ്റ്റേറ്റ് അടക്കുമുള്ള ഇത്തരം കേസുകളിൽ വനംവകുപ്പ് അപ്പീൽ നൽകുന്നതിന് മുമ്പ് പരിശോധനക്ക് വിദഗ്‌ധ സമിതിയെ ഏൽപ്പിക്കുമെന്നാണ് ഉത്തരവ്. ഉന്നത കോടതികൾ ഫയൽ ചെയ്തിട്ടുള്ള അപ്പീലുകളുടെ വിജയ സാധ്യത പരിശോധിക്കുന്നതിനും വിജയ സാധ്യത ഇല്ലെന്നു കാണുന്ന പക്ഷം അവ പിൻവലിക്കാനും വിദഗ്‌ധ സമിതിക്ക് തീരുമാനമെടുക്കാം. അതിനായി അഡീഷണൽ ചീഫ് സെക്രട്ടറി( വനം വന്യജീവി വകുപ്പ്) ചെയർമാനായി ഉന്നത തല വിദഗ്‌ധ സമിതി രൂപീകരിച്ചാണ് ഉത്തരവ്. നിയമ സെക്രട്ടറി, വനം പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ നിർദേശിക്കുന്ന അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ-ൽ കുറയാത്ത ഉദ്യോഗസ്ഥൻ, സംസ്ഥാന അറ്റോർണി എൻ.മനോജ്‌കുമാർ, ധർമജൻ (റിട്ട.ജഡ്‌ജി) എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.
ഡോ. സുരേഷിൻെറ പരാതിയുടെ അടിസ്ഥാനത്തിൽ ഈ വിഷയത്തിൽ 2003-ലെ വനം (പരിസ്ഥിതിശാസ്ത്രപരമായി ദുർബലമായ ഭൂപ്രദേശങ്ങളുടെ നിക്ഷിപത്മാക്കലും കാര്യകർതൃത്വം നടത്തിപ്പും) നിയമത്തിലെ വ്യവസ്ഥകൾ അടിസ്ഥാനപ്പെടുത്തി യഥാർഥ വസ്തുതകളും രേഖകളും പരിശോധിക്കാതെ അപ്പീൽ സാധ്യത അറിയിക്കുന്നത് ഉചിതമല്ലെന്ന് സർക്കാർ വിലയിരുത്തി. കുടുതൽ അളവ് ഭൂമി ഉൾപ്പെടുന്ന കേസുകളിൽ വ്യക്തിഗത അഭിപ്രായം നൽകുമ്പോൾ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിൽ ഉണ്ടാകാവുന്ന ഭയം മൂലം എളുപ്പ വഴി എന്ന നിലയിൽ ഉദ്യോഗസ്ഥർ ഇത്തരം എല്ലാ കേസുകളിലും അപ്പിൽ സാധ്യതയുള്ളതായി അറിയിക്കുന്ന സ്ഥിതിയുണ്ടെന്നും ചൂണ്ടിക്കാണിച്ചു. അതിനാൽ വിജയകരമായ അപ്പീൽ സാധ്യത വേണ്ടവിധം പരിശോധിക്കപ്പെടാതെ, നീതിയുക്തമായി തീരുമാനം കൈക്കൊള്ളമെന്ന് സർക്കാർ നിർദേശിച്ചു.
2003-ലെ വനം നിയമം പ്രകാരം പരിസ്ഥിതി ദുർബല പ്രദേശമായി വിജ്ഞാപനം പുറപ്പെടുവിച്ചതിനെതിരെ ഇ.എഫ്.എൽ ട്രിബ്യൂണലിൽ പലരും കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. ഈ കേസുകളിൽ ഉൾപ്പെട്ട ഭൂമി പരിസ്ഥിതി ദുർബല പ്രദേശമല്ലെന്നു കാണുകയോ അങ്ങനെ പ്രഖ്യാപിച്ചുകൊണ്ടുള്ള ഗസറ്റ് വിജ്ഞാപനം റദ്ദാക്കുകയോ ചെയ്തു ഹരജിക്കാരന് അനുകൂലമായി പുറപ്പെടുവിച്ച വിധിക്കെതിരെ ഹൈക്കോടതി ഉൾപ്പെടെ ഉന്നത കോടതികളിൽ അപ്പീൽ ഫയൽ ചെയ്യുന്നതിന് മുൻപ് അപ്പീൽ സാധ്യത പരിശോധിക്കണമെന്നാണ് വനംവകുപ്പിന്റെ പുതിയ നിർദേശം.
ഉന്നതതല സമിതിയിൽ റവന്യൂ വകുപ്പിൽനിന്ന് പ്രതിനിധിയില്ല. ഡോ.എം.ജി രാജമാണിക്യത്തിന്റെ റിപ്പോർട്ടിലുള്ള വിവാദമായ ഭൂമിയാണ് പ്രിയ എസ്റ്റേറ്റ്. സിവിൽ കോടതിയിൽ സർക്കാർ ഉടമസ്ഥത സ്ഥാപിക്കുന്നതിന് റവന്യൂ വകുപ്പിന്റെ കേസ് നിലവിലുണ്ടെന്ന കാര്യം മറച്ചുവെച്ചാണ് വനം വകുപ്പിന്റെ ഉത്തരവിറക്കിയത്. പ്രിയ എസ്റ്റേറ്റ് ഉടമയുടെ സമ്മർദത്തിന് വിധേയമായിട്ടാണ് വനംവകുപ്പ് ഉത്തരവിറക്കിയെന്നാണ് ആക്ഷേപം. രാജമാണിക്യം റിപ്പോർട്ട് പ്രകാരം ആര്യങ്കാവ് ദേവസ്വം വക സർക്കാർ ഭൂമിയാണ് പ്രിയ എസ്റ്റേറ്റ് എന്ന പേരിൽ കൈവശം വെച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.