ഗവർണർക്കെതിരായ പ്രതിഷേധം: എസ്.എഫ്.ഐ പ്രവർത്തകർ റിമാൻഡിൽ, കാറിന് 76,357 രൂപയുടെ നഷ്ടമെന്ന് രാജ്ഭവൻ
text_fieldsതിരുവനന്തപുരം: ഗവർണറുടെ വാഹനം തടഞ്ഞ് പ്രതിഷേധിച്ച എസ്.എഫ്.ഐ പ്രവർത്തകരെ റിമാൻഡ് ചെയ്തു. ആറുപേരെ തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്കാണ് റിമാൻഡ് ചെയ്തത്. കേസിലെ ആറാംപ്രതിയും നിയമ വിദ്യാർഥിയുമായ അമൽ ഗഫൂറിന് പരീക്ഷ എഴുതാൻ ഇടക്കാല ജാമ്യം അനുവദിച്ചു.
ഗവർണറെ തടഞ്ഞിട്ടില്ലെന്നും ജനാധിപത്യത്തിന്റെ ഭാഗമായാണ് പ്രതിഷേധിച്ചതെന്നും പ്രതികൾക്കുവേണ്ടി ഹാജരായ മുൻ ജില്ല പ്രോസിക്യൂട്ടർ എ.എ. ഹക്കിം വാദിച്ചു. ഇന്ത്യൻ ശിക്ഷാ നിയമം 124 പ്രകാരമുള്ള കുറ്റവും പൊതുമുതൽ നശീകരണവും പ്രതികൾക്കെതിരെ നിലനിൽക്കുമെന്ന് പ്രോസിക്യൂട്ടർ കല്ലമ്പള്ളി മനു മറുപടി നൽകി.
എസ്.എഫ്.ഐ പ്രതിഷേധത്തിൽ ഗവർണറുടെ കാറിന് 76,357 രൂപയുടെ നഷ്ടം സംഭവിച്ചെന്നാണ് രാജ്ഭവന്റെ നിലപാട്. കാറിന് പിന്നിലെ ചില്ലിനാണ് കേടുപാടുണ്ടായത്. നാശനഷ്ടം വ്യക്തമാക്കി രാജ്ഭവനിൽനിന്ന് ഹാജരാക്കിയ സർട്ടിഫിക്കറ്റും പൊലീസ് റിമാൻഡ് റിപ്പോർട്ടിനൊപ്പം കോടതിയിൽ സമർപ്പിച്ചു.
പ്രതികൾ രാഷ്ട്രീയ പ്രവർത്തകരായതിനാൽ ജാമ്യം നൽകിയാൽ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് ദുര്ബലപ്പെടുത്തുമെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്തിന്റെ പ്രഥമ പൗരനെതിരെ നടത്തിയ സമരം ഗൗരവമുള്ളതല്ലേ എന്ന് മജിസ്ട്രേറ്റ് അഭിനിമോൾ രാജേന്ദ്രൻ ആരാഞ്ഞു.
ഗവർണർ രാജ്ഭവനിൽനിന്ന് പോയത് എന്ത് ഔദ്യോഗിക കാര്യത്തിനാണെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നില്ലെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടിയതോടെ വിശദവാദം കേൾക്കാൻ ജാമ്യാപേക്ഷ ബുധനാഴ്ചയിലേക്ക് മാറ്റി.
ഇതിനിടെ, എസ്.എഫ്.ഐ പ്രതിഷേധത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സഞ്ചരിച്ച കാറിെൻറ പുറകിലുള്ള ഗ്ലാസിനു കേടുപാടുണ്ടായി 76,357 രൂപയുടെ നഷ്ടം വന്നെന്നു രാജ്ഭവൻ. നാശനഷ്ടം വ്യക്തമാക്കി രാജ്ഭവനിൽനിന്ന് ഹാജരാക്കിയ സർട്ടിഫിക്കറ്റ് പൊലീസ് റിമാൻഡ് റിപ്പോർട്ടിനൊപ്പം കോടതിയിൽ ഹാജരാക്കി.
എസ്.എഫ്.ഐ പ്രതിഷേധത്തിൽ ഗവർണർ സർക്കാരിനോടും ഡി.ജി.പിയോടും റിപ്പോർട്ട് തേടിയിരിക്കുകയാണ്. 10, 11 തീയതികളിലെ എസ്.എഫ്.ഐ പ്രതിഷേധങ്ങളിൽ സുരക്ഷാവീഴ്ച ഉണ്ടായെന്നു ഗവർണർ ചൂണ്ടിക്കാട്ടി. പ്രതിഷേധ സമരങ്ങളിൽ എന്താണ് ഉണ്ടായതെന്നും എടുത്ത നടപടികൾ വിശദീകരിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു.
തിങ്കളാഴ്ച വൈകിട്ട് ഏഴിന് പാളയം–ചാക്ക റോഡിലായിരുന്നു നാടകീയ സംഭവങ്ങൾ. വിമാനത്താവളത്തിലേക്ക് ഗവർണർ പോകുമ്പോഴാണ് എസ്.എഫ്.ഐ പ്രവർത്തകർ പ്രതിഷേധിച്ചത്. മൂന്ന് തവണ വാഹനത്തിനുനേരെ എസ്.എഫ്.ഐക്കാർ ഓടി അടുത്തതോടെ ഗവർണർ വാഹനത്തിൽനിന്ന് ഇറങ്ങി. കാറിൽ നിന്നിറങ്ങിയ ഗവർണർ പ്രതിഷേധക്കാരെ വെല്ലുവിളിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.