കോട്ടയം ഇരട്ടക്കൊലയിൽ ചോദ്യങ്ങൾ ബാക്കി
text_fieldsകോട്ടയം: തിരുവാതുക്കൽ ഇരട്ടക്കൊലപാതകക്കേസിൽ പ്രതി പിടിയിലായെങ്കിലും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ബാക്കി. സി.സി.ടിവി, റിമോട്ട് ഗേറ്റ്, നായകൾ ഉൾപ്പെടെയുള്ള വീട്ടിലെത്തി രണ്ട് പേരെ ദാരുണമായി കൊലപ്പെടുത്തിയശേഷം രക്ഷപ്പെട്ട് തൃശൂർ വരെ എത്താൻ ഒരാൾക്ക് ഒറ്റക്ക് സാധിക്കുമോയെന്ന സംശയമാണ് ഇതിൽ പ്രധാനം.
16 സി.സി.ടി.വികളാണ് വീട്ടിലുണ്ടായിരുന്നത്. ആ കാമറകളിലെ ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്ന ഡി.വി.ആറും മോഷ്ടിക്കപ്പെട്ടത് കൂടുതൽ ദുരൂഹമായി. സാങ്കേതിക പരിജ്ഞാനമുള്ള ആൾക്ക് മാത്രമേ ഇത് നീക്കം ചെയ്യാനാകൂ. അത്തരത്തിലുള്ള പരിജ്ഞാനം അമിത്തിനുണ്ടോയെന്ന സംശയവുമുണ്ട്. വിജയകുമാർ നൽകിയ പരാതിയിൽ ജയിലിൽ പോയതിന്‍റെ വൈരാഗ്യത്തിലാണ് പ്രതി കൊല നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. കോടാലി കൊണ്ട് തലയിലും മുഖത്തും വെട്ടി അതിക്രൂരമായാണ് കൊല നടത്തിയിരിക്കുന്നത്. വസ്ത്രങ്ങൾ കീറുകയും ചെയ്തിട്ടുണ്ട്.
ജയിലിൽ അമിത്തിനെ ചിലർ സന്ദർശിച്ചിരുന്നതായും വിവരമുണ്ട്. ദിവസങ്ങൾക്ക് മുമ്പ് വിജയകുമാറിന്‍റെ വീട്ടിലെത്തി ഭീഷണി മുഴക്കിയെന്ന് അയൽവാസികൾ പറയുന്നു.
കുടുക്കിയത് വിരലടയാളവും മൊബൈലും
കോട്ടയം: അമിത് ഉറാങ്ങിനെ കുടുക്കിയത് വിരലടയാളവും മോഷ്ടിച്ച മൊബൈൽ ഫോണുകളും. വിജയകുമാറിനെയും ഭാര്യ മീരയെയും കൊലപ്പെടുത്തിയത് അമിത് തന്നെയാണെന്ന സംശയം ആദ്യം തന്നെ പൊലീസിനുണ്ടായിരുന്നു. അത് ശരിവെക്കുന്ന നിലക്ക് സംഭവസ്ഥലത്ത് നിന്നും ലഭിച്ച വിരലടയാളങ്ങളും മാറിയപ്പോൾ പ്രതിയെ തേടി അലയേണ്ടിവന്നില്ല. ഇരുവരെയും കൊലപ്പെടുത്താൻ ഉപയോഗിച്ച കോടാലിയിലെ വിരലടയാളം അമിതിന്റേത് തന്നെയെന്ന് തെളിഞ്ഞു.
മുമ്പ് മോഷണക്കേസിൽ അമിത് അറസ്റ്റിലായപ്പോൾ ശേഖരിച്ച വിരലടയാളവും കോടാലിയിലെ വിരലടയാളവും ഒന്നാണെന്ന് സ്ഥിരീകരിച്ചു. വീടിന്റെ കതകിലും വീട്ടിനുള്ളിലുമടക്കം വിവിധ സ്ഥലങ്ങളിൽ നിന്നും ശേഖരിച്ച വിരലടയാളങ്ങളും ഒരുപോലെയായിരുന്നു. ആഭരണങ്ങൾ നഷ്ടപ്പെടാതിരുന്നത് കൊലക്ക് പിന്നിൽ മോഷണമല്ലെന്ന വിലയിരുത്തലിലെത്താൻ പൊലീസിനെ സഹായിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇരുവരുടെയും മൊബൈൽഫോണുകൾ നഷ്ടമായതായി കണ്ടെത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.