രാഹുൽ ലീഗിനെക്കുറിച്ച് പറഞ്ഞത് അനുഭവത്തിൽനിന്നും പാർട്ടിയുടെ ചരിത്രം പഠിച്ചും -പി.കെ കുഞ്ഞാലിക്കുട്ടി
text_fieldsലക്കിടി: മുസ്‍ലിം ലീഗിനെക്കുറിച്ച് അമേരിക്കയിൽ രാഹുൽ ഗാന്ധി പറഞ്ഞത് അദ്ദേഹത്തിന്റെ അനുഭവത്തിൽനിന്നും പാർട്ടിയുടെ ചരിത്രം പഠിച്ചുമാണെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ലക്കിടിയിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലക്കിടിയിൽ നടക്കുന്ന കോഴിക്കോട് ജില്ല മുസ്‍ലിം ലീഗ് ക്യാമ്പിൽ പങ്കെടുക്കാനെത്തിയതായിരുന്നു കുഞ്ഞാലിക്കുട്ടി.
നിരവധി വെല്ലുവിളികൾ ഉണ്ടായിട്ടും മതേതരത്വത്തിന്റെ പാതയിൽ അടിയുറച്ച് നിന്ന പാർട്ടി ബാബരി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ സ്വീകരിച്ച നിലപാട് എല്ലാവർക്കും ബോധ്യമുള്ളതാണ്. ലീഗിന്റെ കാര്യത്തിൽ സുപ്രീം കോടതി വിധിയും ഇതിന് ഉദാഹരണമാണ്. ഒഡിഷയിൽ നടന്ന ട്രെയിൻ അപകടം സാങ്കേതിക വിദ്യയുടെ പരാജയം കാരണമായുണ്ടായതാണെന്നും സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് റെയിൽവേ മന്ത്രി രാജിവെക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
പ്ലസ് വൺ സീറ്റിന്റെ കാര്യത്തിൽ മലബാറിനോട് സർക്കാർ പൂർണ അവഗണനയാണ് കാണിക്കുന്നത്. നിരവധി വിദ്യാർഥികൾക്ക് പഠിക്കാൻ സീറ്റില്ലാത്ത അവസ്ഥയാണ്. ബ്രിട്ടീഷ് ഭരണകാലത്ത് കാണിച്ച അവഗണന തന്നെയാണ് ഇപ്പോൾ എൽ.ഡി.എഫ് സർക്കാറും മലബാറിനോട് കാണിക്കുന്നത്. യു.ഡി.എഫ് സർക്കാർ വരാത്തതിന്റെ ദുരിതമാണിത്. സർക്കാർ മലബാറിനോട് കാണിക്കുന്ന മോശം സമീപനം ചൂണ്ടിക്കാട്ടി പ്രക്ഷോഭം ആരംഭിക്കും.
താനൂർ ബോട്ടപകടവുമായി ബന്ധപ്പെട്ട് പാർട്ടി എടുത്ത നിലപാട് ശരിയാണ്. ദുരന്തമുഖത്ത് മനുഷ്യത്വമാണ് കാണിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, സംഭവത്തിൽ സർക്കാറിന്റെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.