സർവകാല റെക്കോഡും തകർത്ത് തുലാവർഷം
text_fields
തൃശൂർ: സർവകാല റെക്കോഡും തകർത്ത് തുലാവർഷത്തിമിർപ്പ് തുടരുന്നു. 1932ൽ ലഭിച്ച 819 മില്ലിമീറ്റർ മഴയായിരുന്നു ഇതുവരെ തുലാവർഷത്തിൽ ഏറ്റവും കൂടിയ മഴ. എന്നാൽ ഇന്നലെ വരെ ലഭിച്ച 882 മി.മീ. മഴയുമായി ചരിത്രം തിരുത്തി.
ഒരു മാസവും 11 ദിവസവും ശേഷിക്കവേ 1932നെ അപേക്ഷിച്ച് 63 മി.മീ. അധികമഴ ഇൗ തുലാമിൽ ലഭിച്ചു. 492 മി.മീ. ആണ് ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ കേരളത്തിെൻറ വിഹിതം. അതേസമയം ഇതുവരെ 107 ശതമാനം അധികമഴയാണ് ആർത്തലച്ചു പെയ്തത്. ആലപ്പുഴ ഒഴികെ ബാക്കി ജില്ലകളിലെല്ലാം മഴയിൽ വൻ ആധിക്യമാണുള്ളത്.
ഇതിൽ തന്നെ പത്തനംതിട്ടയിൽ ലഭിച്ച 189 ശതമാനം വമ്പൻ അധികമഴയാണ്. 514.3ന് പകരം പത്തനംതിട്ടക്ക് ലഭിച്ചത് 1484.1 മി.മീറ്ററാണ്. കണ്ണൂർ 143, കോഴിക്കോട് 127, കാസർകോട് 113 ശതമാനവുമാണ് അധിക മഴ. 57 ശതമാനം അധികമേ ആലപ്പുഴക്ക് ലഭിച്ചുള്ളൂ.
1977ൽ 812, 2010ൽ 791, 2002ൽ 752, 1966ൽ 703 എന്നിങ്ങനെയാണ് കൂടുതൽ തുലാമഴ വർഷങ്ങൾ. അതേസമയം 1988ലെ 154 മി.മീ. ആണ് തുലാവർഷത്തിലെ ഏറ്റവും കുറഞ്ഞ മഴ. 2016 വരൾച്ച വർഷത്തിലെ 165, 2011ലെ 389 കുറവിൽ മുമ്പിലുള്ളവ.
അനുകൂല സാഹചര്യം നിലനിൽക്കുന്നതിനാൽ ഈ മാസം തന്നെ മഴ ലഭ്യത 1000 മി.മീ. കടക്കുമെന്നാണ് കാലാവസ്ഥ ഗവേഷകരുടെ നിഗമനം. ചെറിയ അന്തരീക്ഷ മാറ്റം പോലും വലിയ പ്രതിഫലനങ്ങൾ ഉണ്ടാക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ന്യൂനമർദം രൂപപ്പെടുന്നതിന് മുമ്പുള്ള കാറ്റിെൻറ കറക്കമായ ചക്രവാത ചുഴികളാണ് നിലവിൽ വമ്പൻ മഴക്ക് ചൂട്ടുപിടിക്കുന്നത്. തമിഴ്നാട്ടിലെ കനത്ത മഴക്ക് പിന്നിൽ ചക്രവാത ചുഴികളായിരുന്നു പ്രധാന കാരണം. ഇടക്ക് അറബിക്കടലിലും ചുഴി രൂപപ്പെട്ടത് മഴാനുകൂല അന്തരീക്ഷമൊരുക്കി.
ചുഴികൾ പിന്നീട് ന്യൂനമർദമാവുന്നതോടെ മഴയുടെ രൂപവും ഭാവവും മാറുന്ന സാഹചര്യവുമാണ്. സമുദ്രോപരിതലം വേണ്ടതിലധികം ചൂടുപിടിക്കുന്നതും പ്രാദേശിക അന്തരീക്ഷ പ്രതിഭാസങ്ങളും ഇത്തരത്തിൽ തുലാവർഷത്തിന് അന്യമായ തുടർച്ചയായ മഴക്ക് അനുഗുണമാണ്. മേഘങ്ങളുടെ അവസഥാഭേദവും കാര്യങ്ങൾ കുഴക്കുന്നു. മഴമേഘങ്ങൾ കൂമ്പാര മഴമേഘങ്ങളായി രൂപാന്തരപ്പെടുന്നതോടെ മഴ കൂടുതൽ രൗദ്രമാവുകയാണ്. അതിനിടെ ഇടിയും മിന്നലും വല്ലാതെ ഇല്ലാത്തത് അപകട സാധ്യത കുറക്കുന്ന ഘടകമാണ്. അതേസമയം കാലം തെറ്റി കനക്കുന്ന മഴ കാർഷികമേഖലയിൽ വമ്പൻ തകർച്ചക്ക് കാരണമാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.