ഇനിയും മഴയില്ല; കിഴക്കൻ അട്ടപ്പാടി കേരളത്തിന്റെ ലാത്തൂരാവുന്നു
text_fieldsപാലക്കാട്: കഴിഞ്ഞ കൊടുംവേനലിൽ കുടിവെള്ളം നിറച്ച് പ്രത്യേക ട്രെയിനെത്തിയത് അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ ആഘോഷിച്ച മഹാരാഷ്ട്രയിലെ ലാത്തൂരിന് സമാനമാവുകയാണ് കിഴക്കൻ അട്ടപ്പാടി. കാലവർഷം പകുതിയിലേറെ പിന്നിടുേമ്പാൾ ധാരാളം ആദിവാസി ഉൗരുകളുള്ള ഇൗ പ്രദേശത്ത് ഒറ്റ മഴപോലും ലഭിക്കാത്ത ഇടങ്ങൾ അനേകം. ഇൗ അവസ്ഥ തുടർന്നാൽ, കിഴക്കൻ അട്ടപ്പാടിയിലേക്ക് തണുപ്പൻ ഞാറ്റുവേലകളിലും കുടിവെള്ള ടാങ്കറുകൾ ചീറിപ്പാേയണ്ടി വരുമെന്നുറപ്പ്.
അഗളി, പുതൂർ, ഷോളയൂർ പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും ഈ കർക്കടകത്തിലും വരണ്ടുണങ്ങിയിരിക്കുകയാണ്. ഗൂളിക്കടവ് പ്രദേശം കഴിഞ്ഞാൽ അങ്ങിങ്ങായി കള്ളിമുൾച്ചെടികൾ വളർന്ന് നിൽക്കുന്നത് കാണാം. കിണറുകളിൽ നാമമാത്ര വെള്ളം മാത്രം. കുഴൽക്കിണറുകളും പുഴകളുമാണ് കുടിവെള്ളത്തിനും കൃഷിക്കും ഉപയോഗിക്കുന്നത്. മഴക്കാലങ്ങളിൽ ചാവടിയൂർ കോസ്വേ കരകവിഞ്ഞൊഴുകി ഒറ്റപ്പെടുന്ന അവസ്ഥ പുതൂർ പഞ്ചായത്തുകാർക്ക് പഴങ്കഥയായിരിക്കുകയാണ്. കാലവർഷം പകുതിയിലേറെ പിന്നിടുമ്പോൾ പുതൂർ പഞ്ചായത്തിൽ ഇതുവരെ പെയ്തത് ഒരൊറ്റ മഴ മാത്രം.
കഴിഞ്ഞ പത്ത് വർഷത്തോളമായി ഈ പ്രദേശങ്ങളിൽ പൂർണാർഥത്തിൽ മൺസൂൺ ഇല്ല. ഓരോ വർഷം കഴിയുമ്പോഴും സ്ഥിതി രൂക്ഷമാകുകയാണ്. ഗോത്ര വിഭാഗങ്ങൾ ഭൂരിപക്ഷമുള്ള പഞ്ചായത്താണ് പുതൂർ. 13 വാർഡിൽ ഭവാനിപ്പുഴയുടെ സാമിപ്യമുള്ള നാലെണ്ണമൊഴികെ ബാക്കിയെല്ലാ വാർഡിലും രൂക്ഷമായ വരൾച്ചയനുഭവിക്കുന്നു. മുള്ളി പ്രദേശമാണ് മുന്നിൽ.
ഈ കാലവർഷം മുള്ളിയിൽ പെയ്തത് ഒന്നോ രണ്ടോ ചാറ്റൽ മഴ മാത്രം. പ്രദേശത്തെ എല്ലാ തോടുകളും വനത്തിൽനിന്ന് വരുന്ന ചെറുചാലുകളും വറ്റിവരണ്ടു കിടക്കുകയാണ്. മേലേമുള്ളി, നടുമുള്ളി, താഴെ മുള്ളി, കുപ്പംകോളനി ഉൾപ്പെട്ടതാണ് മുള്ളി പ്രദേശം. ഈ പ്രദേശത്തെ 400 ആദിവാസി കുടുംബങ്ങൾക്ക് മുള്ളിപ്പുഴയിൽ കിണർ കുഴിച്ചാണ് കുടിവെള്ളം എത്തിക്കുന്നത്.
വൈദ്യുത മോട്ടോർ പ്രവർത്തിക്കുന്നതിനുള്ള പണം കുടുംബങ്ങൾ നൽകണം. വെള്ളമില്ലാത്തത് കാരണം ഇവിടെ കൃഷിയൊന്നുമില്ല. എല്ലായിടത്തും കള്ളിമുൾചെടികൾ വളർന്നിരിക്കുന്നു. കോഴി വളർത്തലും ആടുവളർത്തലും വിറക് ശേഖരവുമൊക്കെയാണ് ഇവരുടെ ഉപജീവന മാർഗം. വരൾച്ച കാരണം ഇവിടെനിന്ന് കുറച്ച് കുടുംബങ്ങൾ മുൻവർഷങ്ങളിൽ ചാവടിയൂരിലേക്ക് താമസം മാറിയിരുന്നു. ഷോളയൂർ പഞ്ചായത്തിലെ വൈലൂർ, ഊത്തുകുഴി, വരകമ്പാടി, മൂലഗങ്കൽ പ്രദേശങ്ങളും അട്ടപ്പാടി പഞ്ചായത്തിലെ നരസിമുക്ക് പ്രദേശവും കൊടിയ വരൾച്ചയിലാണ്.
ഭവാനി, ശിരുവാണി, വരഗാർ, കൊടുങ്കരപ്പുള്ളം എന്നീ പുഴകളായിരുന്നു ഈ പ്രദേശങ്ങളിലെ മുഖ്യ ജലസ്രോതസ്സ്. ഇതിൽ വരഗാർ നാമമാത്രമായാണ് ഒഴുകുന്നത്. ആനക്കട്ടി ഭാഗത്തെ കൊടുങ്കരപ്പുള്ളം പുഴ പൂർണമായും വറ്റി. ഭവാനിപ്പുഴയും ശിരുവാണിപ്പുഴയും മാത്രമാണ് ഇപ്പോൾ ആശ്രയം. മഴ കുറഞ്ഞതിനാൽ ഈ വർഷം രണ്ട് പുഴകളിലും 40 ശതമാനം വെള്ളം കുറവാണ്. മുമ്പ് ആനകൾ യഥേഷ്ടം വിഹരിച്ചിരുന്ന മുള്ളിയിൽ ഇപ്പോൾ അപൂർവമായേ കാട്ടാനകൾ എത്തുന്നുള്ളൂ. വരണ്ട കാലാവസ്ഥയിൽ കാണുന്ന മയിലടക്കമുള്ള ജീവികളാണ് ഇപ്പോൾ പ്രദേശത്ത് കൂടുതൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.