അരിക്ക് വീണ്ടും വില ഉയർന്നു
text_fieldsതൃശൂർ: സംസ്ഥാനത്ത് അരി വില വീണ്ടും കൂടുന്നു. ആന്ധ്ര അരിക്ക് പുറമെ കേരളത്തില്‍ വിളയുന്ന മട്ടയരിക്ക് ഒരാഴ്ചക്കിടെ അഞ്ചു രൂപവരെ ഉയർന്നു. ഓണം വിപണി ലക്ഷ്യമിട്ട് അരിക്ക് കൃത്രിമ ക്ഷാമം സൃഷ്ടിക്കാനുള്ള ആന്ധ്ര ലോബിയുടെ നീക്കമാണ് ഇതിന് പിന്നിലെന്നാണ് സൂചന. ഒരാഴ്ചയായി അരി വരവിൽ കുറവുമുണ്ട്.
50 രൂപ വരെ ഉയർന്ന അരിവില ബംഗാളില്‍നിന്ന് അരിയിറക്കിയാണ് സർക്കാർ പിടിച്ചു നിർത്തിയത്. മലയാളികള്‍ ഏറെ ഉപയോഗിക്കുന്ന ജയ, സുരേഖ എന്നിവക്കാണ് വില കൂടിയത്. ആന്ധ്രയിലെ ഈസ്റ്റ് വെസ്റ്റ് ഗോദാവരിയില്നിന്നാണ് കേരളത്തിലേക്ക് അരി എത്തുന്നത്.
അരി കയറ്റുന്നതില്‍ മനഃപൂര്‍വം കാലതാമസം വരുത്തി ഓണം ആകുമ്പോഴേക്കും 10 രൂപയുടെ വർധനയാണ് ആന്ധ്ര ലോബി ലക്ഷ്യമാക്കുന്നത്. സംഭരിച്ച അരി അളവ് കുറച്ച് കേരളത്തിലേക്ക് അയക്കുകയാണ് ഒരു മാസമായി ചെയ്തിരുന്നത്. അരിയുടെ ലഭ്യത കുറഞ്ഞുവെന്നാണ് പറയുന്നത്. കുത്തക മില്ലുകള്‍ വില നിശ്ചയിക്കുന്ന സ്ഥിതി വന്നതോടെയാണ് അരിക്ക് വില ഉയർന്നത്. വിപണിയിൽ സർക്കാർ ഇടപെടലുണ്ടായപ്പോൾ അത്തരം പ്രവണത അവസാനിച്ചതായിരുന്നു.
മന്ത്രിസഭ വാർഷികാഘോഷവും മദ്യനയ വിവാദവും മറ്റുമായി വഴിമാറിയ സാഹചര്യം മുതലെടുത്താണ് ഇപ്പോൾ വില ഉയർത്തിയിരിക്കുന്നതത്രേ. 40 രൂപക്ക് ലഭിച്ചിരുന്ന ആന്ധ്ര ജയ അരിക്ക് ചില്ലറ വിപണിയില്‍ അഞ്ചു രൂപ കൂടി. സുരേഖ അരിയുടെ വില 41ല്‍ നിന്ന് 43 ആയി ഉയർന്നു. കേരളത്തിൽ ഉൽപാദിപ്പിക്കുന്ന മട്ടയരിക്ക് നാലു മുതല്‍ ആറു രൂപ വരെ കൂട്ടിയിട്ടുണ്ട്. പച്ചരിക്ക് മൂന്നു രൂപയാണ് കൂടിയത്. ആവശ്യത്തിന് നെല്ല് കിട്ടാനില്ലെന്നാണ് ആന്ധ്രയിലെ മില്ലുടമകൾ പറയുന്നതേത്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.